
ഉയരത്തിന്റെ കാര്യത്തിൽ രാജ്യത്തു 32–ാം സ്ഥാനത്തു നിൽപ്പുണ്ടു പാലരുവി വെള്ളച്ചാട്ടം. പേരു പോലെ പാൽ നുരകൾ പാദസരം കിലുക്കിയൊഴുകിപ്പതിക്കുന്ന കാനന ഭൂമി. മൺസൂൺ തുടങ്ങുമ്പോൾ ഈ വെള്ളച്ചാട്ടത്തിലേക്ക് സന്ദർശകർ വന്നു തുടങ്ങും .
കേരളത്തിലെ മൺസൂൺ നാട്ടിലും കാട്ടിലും മേട്ടിലും മഴ തിമർത്തു പെയ്യുന്ന കാലം. പാലരുവിയിലേക്കു നോക്കുമ്പോൾ നമ്മുടെ കണ്ണുകൾ ഒരു അതിശയിപ്പിക്കുന്ന ദൃശ്യഭംഗി കാട്ടി തരുന്നു.
വെളുത്ത സാരികൾ ഉണക്കാനിട്ടിരിക്കുന്ന മാതിരി വെള്ളം കൂലംകുത്തി പതിക്കേണ്ട സ്ഥലത്തു നീളൻ വെള്ളത്തോർത്ത് മടക്കിയിട്ട പോലെ നേർത്തു ഈ വെള്ളച്ചാട്ടം അതെ പാലരുവി വെള്ളച്ചാട്ടം. പാലരുവി വെള്ളച്ചാട്ടം 300 അടി ഉയരത്തിലാണ് പാറകളിൽ നിന്ന് ഒഴുകി വരുന്നത്. മനോഹരമായ ഒരു പിക്നിക് കേന്ദ്രമായി ഇവിടം ഇപ്പോൾ മാറിയിരിക്കുകയാണ്.
പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് സമീപവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്. ഈ വിശ്വാസത്തിനു ശാസ്ത്രീയ അടിത്തറയുണ്ടെന്ന് ചില വിദഗ്ദ്ധർ കരുതുന്നു. ഉൾവനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിനു ഔഷധഗുണമുണ്ടാകും എന്നാണ് അവരുടെ വാദം. ഈ ഉഷ്ണമേഖലാ പ്രദേശത്ത് തണുത്ത വെള്ളം പതിവാണ്. ഇത് സാധാരണയായി ജനങ്ങളെ ഇവിടേയ്ക്ക് ആകർഷിക്കുന്നതും അതാണ് .

കൊല്ലത്തു നിന്ന് 75 കിലോമീറ്റർ ദൂരെയാണ് ആര്യങ്കാവ് പഞ്ചായത്തിൽപ്പെട്ട പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത് .
കൊല്ലം– തിരുമംഗലം ദേശീയപാതയിൽ നിന്നു നാലു കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ചു വേണം പാലരുവിയിലെത്താൻ. രാജാകൂപ്പ് കരി 47ൽ നിന്നുള്ള തോട്, രാജാകൂപ്പ് തോട്, മഞ്ഞതേരി തോട്, റോസ്മല വിളക്കുമരം തോട് എന്നിവ സംഗമിച്ചാണു പാലരുവിയായി മാറുന്നത്. 300 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടത്തിന്റെ മേൽനോട്ട ചുമതല കേരള വനംവകുപ്പിനു കീഴിലുള്ള പാലരുവി വനം സംരക്ഷണ സമിതിക്കാണ്.
ജില്ലയിലേക്ക് ഒരു ദിവസത്തെ ടൂർ പാക്കേജ് നടത്തുന്നവരാരും പാലരുവിയെ ഒഴിവാക്കാറില്ല. തെന്മല ഇക്കോ ടൂറിസം, ഡാം, പാലരുവി, തെങ്കാശി, കുറ്റാലം എന്നിങ്ങനെയാണ് ഒറ്റദിവസത്തെ യാത്രയിൽ കാണാൻ പറ്റുന്ന കിഴക്കൻ മേഖലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങൾ അതിൽ എടുത്ത് പറയേണ്ട ഒരു വിനോദസഞ്ചാരകേന്ദ്രേങ്ങളിലൊന്നാണ് പാലരുവി.








ദേശീയപാതയിൽ നിന്നു പാലരുവി ടൂറിസം കേന്ദ്രത്തിലേക്കു ചുവടുവയ്ക്കുമ്പോൾ ഓടിവരും പഴമയുടെ ആ മണം. കാട്ടിനുള്ളിൽ മലവെള്ളപ്പാച്ചിലുണ്ടായിക്കാണും, അല്ലെങ്കിൽ ഇത്രയും കൂറ്റൻ പാറകൾ എങ്ങനെ നിലത്തേക്കു വരും. ആരെയും അതിശയിപ്പിക്കുന്ന ചോദ്യം ?
പാലരുവിയെ അതിന്റെ സകല പ്രൗഢിയോടെയും ചാരുതയോടെയും നിലനിർത്താൻ ഇന്നത്തെ ഗവൺമെൻറിനും സാധിച്ചിട്ടുണ്ട്. വെള്ളച്ചാട്ടം തൊട്ടടുത്തു നിന്നു കാണാൻ സാധിക്കും. മലമുകളിൽ നിന്ന് അരുവി പതിക്കുന്ന സ്ഥലത്തിനു തൊട്ടടുത്തു ഒരു കൽമണ്ഡപമുണ്ട്. ഇവിടെ നിന്നു മലനിരകളുടെയും അതിനെ തഴുകിവരുന്ന പാൽനുരകളുടെയും സൗന്ദര്യം ആവോളം നുകരാം. കൽമണ്ഡപത്തിൽ അടുത്തിടെ ചാരനിറത്തിലുള്ള ഏതോ ചായം പൂശിയിരിക്കുന്നു. പഴമ പുനഃസൃഷ്ടിക്കാൻ നടത്തിയ ശ്രമം പാളിയെന്ന് ഒറ്റനോട്ടത്തിൽ വ്യക്തം.
വെള്ളച്ചാട്ടത്തിനടുത്തേക്കുള്ള കൽപ്പടവുകൾ കറുപ്പും വെളുപ്പും കലർന്ന തറയോടുകൾ പാകിയിരിക്കുന്നു . ഇനി മലമുകളിൽ നിന്നു ആ സുന്ദരി ഒഴുകിയെത്തി എത്തുമ്പോൾ മനസ്സിന് കിട്ടുന്ന ഒരു കുളിർമ ഉണ്ടല്ലോ എന്റെ സുഹൃത്തുക്കളെ എനിക്ക് അക്ഷരങ്ങളാൽ വർണ്ണിക്കാൻ കഴിയുന്നില്ല . രാജഭരണകാലത്തു നിർമിച്ച കുതിരലായങ്ങളുടെ അവശിഷ്ടങ്ങളും കാടിനുള്ളിൽ കാണാം. 1850നു മുൻപു നിർമിച്ചതെന്ന് അവയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
"പാലരുവി സുന്ദരിക്ക് ഒരു ചുടു ചുബനം നൽക്കാനും, ഓർമ്മകൾ നിരത്തിയ പുൽ പൂമെത്തകൾ പൊൻ വെയിൽ ഇളകും നേരം. ഈ വന ഹൃദയമീ , അരികിൽ ഞാൻ എത്തി പ്രിയ സഖീ കൂട്ടായി നീ വരു , നിന്ന് പെയ്യും മഴയായി ആവോളം ഞാൻ ഇന്നിതാ കുതിരും നിന്നിൽ ഞാൻ.”
കാനന ഭംഗി ആസ്വദിച്ച് ഇരിക്കുമ്പോൾ ഒരു ഇത്തിരി കുഞ്ഞൻ കൺ മുന്നിൽ വന്നു. അവനോടൊപ്പം മിണ്ടി പറഞ്ഞ് ഇരുന്ന് സമയം പോയതറിഞ്ഞില്ല. സമയമായി യാത്ര തിരിക്കാൻ ഇനിയും പാലരുവി സുന്ദരിയെ കാണാനും. ഇത്തിരി കുഞ്ഞനെ കാണാനും പാലരുവിയിൽ വരാം

Rhythm of Travel✍️📷 – അഖിൽ സുരേന്ദ്രൻ അഞ്ചൽ
You must be logged in to post a comment.