കൊല്ലം കണ്ടവന് ഇല്ലം വേണ്ട – വെൽക്കം ടു മൺറോ നൈസ് ടു മീറ്റ് യു

0

യാത്രികനായ ഞാൻ ഓരോ പ്രാവശ്യവും ശ്വസിക്കുന്ന പ്രാണ വായുവിലും എന്റെ യാത്രയുടെ മനോഹരമായ വർണ്ണിക്കാൻ കഴിയാത്ത അനുഭവ സമ്പത്താണ്. അതാണ് എനിക്ക് എന്റെ യാത്രകളിലൂടെ കിട്ടുന്നതും സ്നേഹമുള്ള യാത്രികരിലേക്ക് എത്തിക്കുന്നതും . എന്റെ നാടായ കൊല്ലം ജില്ലയിൽ പ്രകൃതിയുടെ ദൃശ്യ മനോഹാരിതയിൽ നിറഞ്ഞ് തുളുമ്പി നിൽക്കുന്ന അഷ്ടമുടിക്കായലിനും , കല്ലടയാറിനും ഇടയിലെ വാക്കുകൾക്കും വർണ്ണാനാതീതമായ ഒരു തുരത്ത് ഉണ്ട്. “മൺറോ തുരത്ത് ” അഥവാ സായിപ്പിന്റെ മൺറോ ദ്വീപ്.

മൺറോ തുരത്ത്

യാത്രികന്റെ യാത്ര മൺറോ ഒന്ന് മീറ്റ് അപ്പ് ചെയ്യാൻ പൂയപ്പള്ളി സ്വദേശി യാത്രികൻ Anu Achankunju , ചിത്രകലാക്കാരൻ Prem Jith ഒപ്പം. ഏകദേശം നാല് മണിയോടെ മൺറോ തുരത്തിലേത്തിയ യാത്രികരായ ഞങ്ങളെ വരവേറ്റത് ഇവിടുത്തെ ഇളം തണുത്ത കാറ്റായിരുന്നു. കേരളീയ ഗ്രാമങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായൊരു ദ്വീപാണ് മൺറോ തുരുത്ത്. മൺറോ തുരത്ത് ജലസമാധിയിലേക്ക് ചേർന്നതോടെ മൺറോ തുരത്ത് പൂർണമായും ഒരു ദ്വീപ് സമൂഹമായി മാറി എന്ന് വേണമെങ്കിലും നമ്മുക്ക് അനുമാനിക്കാം .

മൺറോ തുരത്തിന്റെ ഇതിഹാസ പഴമയിലേക്ക് വരു പ്രിയമുള്ള യാത്രികരെ ഒരു എത്തിനോട്ടം നടത്തിയേച്ചും വരാം. 18–ാം നൂറ്റാണ്ടിന്റെ മധ്യം, ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന സമയം. അന്ന് തിരുവിതാംകൂർ ദിവാനായിരുന്നു കേണൽ മൺറോ സായിപ്പ്. തന്റെ അധികാര പരിധിയിലുള്ള ഒറ്റപ്പെട്ട് കിടന്നിരുന്നൊരു തുരത്ത് മലങ്കര മിഷണറി ചർച്ച് സൊസൈറ്റിക്ക് മത പഠന കേന്ദ്രം നിർമ്മിക്കാനായി വിട്ട് കൊടുത്തു. ദ്വീപിന് ദിവാന്റെ പേര് ആയിരുന്നു അന്ന് നൽകിയായിരുന്നത്. അങ്ങനെ പേരില്ലാതെ കിടന്നിരുന്ന ദ്വീപ് മൺറോ തുരുത്ത് എന്ന പേരിൽ പിന്നീട് ഇന്ന് വരെ അറിയപ്പെടാൻ തുടങ്ങി ഇതാണ് ഇതിഹാസ ചരിത്രം.

കായലും , ആറും, ഇടത്തോടുകളും, കയറും, കൃഷിയും നിറഞ്ഞ മൺറോക്കാരുടെ ജീവിതക്കാഴ്ചകളിലേക്ക് യാത്രികർക്ക് സ്വാഗതം എട്ടു തുരുത്തും എണ്ണിയാലൊടുങ്ങാത്ത ഇടത്തോടുകളും , കെട്ടുവള്ളവും ,ഗ്രാമീണതയും കൂടിച്ചേർന്ന മൺറോ തുരുത്തിന്റെ സൗന്ദര്യമാണ് കൺമുന്നിൽ നിറയെ. കാഴ്ചക്കാര്‍ക്ക് കൈതോടുകളിലൂടെ കൊതുമ്പു വള്ളത്തിലും, വലിയ കടത്ത് വള്ളങ്ങളിലും ചെറിയ ബോട്ടുകളിലുമായി തുരുത്തിന്റെ ഉള്‍ക്കാഴ്ചകളിലൂടെ യാത്ര പോകുമ്പോൾ കിട്ടുന്ന സുഖമുണ്ടല്ലോ എനിക്ക് പറയാൻ വയ്യ. അത് നിങ്ങൾ ഓരോ യാത്രികരും മൺറോയിൽ വന്ന് അനുഭവിച്ച് അറിയുക .

പ്രകൃതി ഒരുക്കിയ പച്ചപ്പിന്റെ പുതുപ്പിനുള്ളിൽ തുരുത്തുകളില്‍ സ്വപ്നത്തില്‍ എന്ന പോലെ നമ്മൾ യാത്രികർക്ക് ഇവിടെ ഒഴുകി നടക്കാം. ഈ യാത്രകളിലൂടെ തുരുത്തിനെ കൂടുതല്‍ കാണുവാനും അറിയുവാനും സാധിക്കും എന്നത് നൂറ് ശതമാനം ഞാൻ ഉറപ്പ് നൽകുന്നു. കൈത്തോടുകളിൽ വെള്ളം കുറവായതിനാൽ വള്ളം ഊന്നാൻ വള്ളത്തിന്റെ ക്യാപ്റ്റൻ ശ്രീ സുദർശനൻ ചേട്ടൻ നന്നേ പ്രയാസപ്പെടുന്നുണ്ടായിരുന്നത് പെട്ടെന്നാണ് എന്റെ ശ്രദ്ധയിൽപ്പെട്ടത്. അദേഹം തന്റെ ജോലി പൂർണ്ണ ഉത്തരവാദിത്വത്തോടെയും മനസ്സോടു കൂടിയാണ് ചെയ്യുന്നത്.

സുദർശനൻ ചേട്ടന്റെ തോണി തുഴയലിന് പെട്ടെന്ന് വേഗത അല്പം കൂടി. ഒപ്പം ചുണ്ടിൽ ചേർത്തൊരു വള്ളപ്പാട്ടും. അത് ഒന്നു കൂടി ഞങ്ങളുടെ യാത്രയെ മനോഹരമാക്കി മാറ്റി. ചെറു കൈതോടുകള്‍ വഴി ഉള്ള യാത്രകള്‍ നീളുന്നത് കണ്ണിനു കുളിർമ നൽക്കുന്ന കാഴ്ചകളിലേക്ക് ആണ്. ചുറ്റും തെങ്ങിന്‍ തോപ്പുകള്‍ , ചെമ്മീന്‍ കെട്ടുകള്‍ അങ്ങനെ കാഴ്ചകള്‍ നീളുകയാണ്.

ഇടക്ക് കൈതോടുകൾക്ക് കുറുകെ ചെറിയ പാലങ്ങള്‍ കാണാം. അപ്പോള്‍ വള്ളതോട് ചേര്‍ന്ന് കുനിഞ്ഞു ഇരുന്നില്ലങ്കില്‍ തല പാലത്തില്‍ ഇടിക്കും. അങ്ങനെ കഥ പറയുന്ന കൈത്തോടുകളും ചെമ്മീൻ കെട്ടുകളും കടന്ന് മണക്കടവ് ഭാഗത്തേക്ക് തോണിയിലെ യാത്ര എത്തി ചേർന്നിരിക്കുന്നു. പണ്ടുകാലത്ത് കയറും കയറുൽപന്നങ്ങളും ധാരാളമായി ഉണ്ടാക്കിയിരുന്ന സ്ഥലമായിരുന്നു അത്രേ മൺറോ തുരുത്ത്.

കയറിന്റെ പേരിൽ ഗ്രാമത്തിന്റെ ഖ്യാതി കടലും കടന്നും പോയി അത്ര. പക്ഷേ അന്ന് സജീവമായിരുന്ന കയർ സഹകരണ സംഘങ്ങൾ സാമ്പത്തിക നഷ്ടം കാരണം അസ്തമിച്ചപ്പോൾ മൺറോയുടെ കയർ ചരിത്രം ഇപ്പോൾ മണ്ണോടു ചേർന്നിരിക്കുന്ന അവസ്ഥയാണത്രെ. ഇനി വലിയ വള്ളത്തിൽ കയറി നമുക്ക് കല്ലടയാറിലൂടെ തുഴഞ്ഞ് അഷ്ടമുടി കായലിലേക്ക് പോകാം. നമുക്ക് ഈ തോണി യാത്രയിൽ ആദ്യമായി കിട്ടുന്നത് കായലിനു നടുവില്‍ കണ്ടൽക്കാടുകളുടെ ഒരു കൂട്ടം കാഴ്ചയാണ്.

ഇവിടെ എന്ത് അത്ഭുതമായ ദ്യശ്യഭംഗിയാണ് പ്രകൃതിയും, കായലും ഒരുക്കിയിരിക്കുന്നത്. പക്ഷേ അഷ്ടമുടി കായലിലെ വേലിയേറ്റവും വേലിയിറക്കവും മണ്‍ട്രോ നിവാസികളുടെ ജീവിതത്തിന്‍റെ ഭാഗമാണത്രേ. പല വീടുകളിലും വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം നിറയും. മണ്‍ട്രോയിലെ പല തുരുത്തുകളും ഇപ്പോള്‍ വാസയോഗ്യം അല്ലാതായിരിക്കുന്നതായി നമ്മുക്ക് ഈ യാത്രയിൽ കാണാവുന്നതാണ്. പല തുരുത്തുകളും ഇപ്പോള്‍ ഒരു ജലസമാധിയുടെ വക്കിലാണ് എന്ന് അനുമാനിക്കാം.

ദൈവത്തിന്റെ സ്വന്തം നാട്ടിൽ സ്വദേശികളും വിദേശികളുമടക്കം ധാരാളം യാത്രികരാണ് മൺറോതുരത്ത് ദ്വീപ് സമൂഹം ആസ്വദിക്കാൻ ദിനം പ്രതി എത്തുന്നത് . വെഡിങ്ങ് ഫോട്ടോഗ്രാഫിയുടെയും സിനിമാ ചിത്രീകരണങ്ങളുടെയും ഈറ്റില്ലം എന്ന് വേണമെങ്കിൽ മൺറോതുരത്തിനെ ഇപ്പോൾ വിശേഷിപ്പിക്കാം.

പേഴുംതുരുത്തിൽ യാത്ര അവസാനിക്കുമ്പോൾ കായലോളങ്ങളിൽ അസ്തമയചുവപ്പ് പടർത്തി സൂര്യൻ യാത്രികരോട് യാത്രപറയാനൊരുങ്ങി നിൽക്കുമ്പോൾ ദൂരെ ഇടത്തോടുകളിലെവിടെ നിന്നോ ഓളത്തിനൊപ്പം താളം പിടിക്കുന്ന നാടൻപാട്ട് കേൾക്കാം. ഇടിയക്കടവ് പാലം കടന്ന് തുരുത്തിന് പുറത്തേക്ക് യാത്രികൻ യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ വീണ്ടും മൺറോ തുരത്ത് മണ്ണിനോട് ഒരു പ്രണയം പെട്ടെന്ന് പൊട്ടി മുളച്ചു. അസ്തമയ സൂര്യൻ കാണാമറയത്ത് എവിടെയോ പോയി ഒളിച്ചു. യാത്ര എന്ന പ്രണയിനിയെ ഞാൻ മൺറോ തുരത്തിലും കണ്ടില്ല. എന്റെ പ്രണയം പറയാനായി വീണ്ടും യാത്രികനായ ഞാൻ മൺറോയിലേക്ക് വരും. ഈ യാത്ര ശുഭം .

ഈ യാത്രയിൽ എടുത്ത് പറയേണ്ട ചില കാര്യങ്ങളിൽ ഒന്നാണ് മൺറോതുരുത്തിലെ കാഴ്ചകൾ. അത് പോലെ തന്നെ ഇവിടുത്തെ ഗ്രാമത്തിലെ നാടൻ വിഭവങ്ങൾ യാത്രികനായ എന്റെ നാവിനെ വല്ലാതെ പരവേശം കൊള്ളിച്ചു. വള്ളക്കാരൻ സജീവ് ചേട്ടന്റെ പുതിയ തോണിയുടെ നിർമ്മാണം – ഞാൻ ആദ്യമായാണ് ഒരു പുതിയ വള്ളം നിർമ്മിച്ചിരിക്കുന്നത് കാണുന്നത്. ഒരു പാട് യാത്ര അനുഭവ സമ്പത്ത് നല്കിയ ഒരു യാത്ര തന്നെയാണ്. മൺറോതുരത്തിൽ എത്തിച്ചേരാൻ – കൊല്ലത്തു നിന്നും റോഡ്മാര്‍ഗം മൺറോയില്‍ എത്താം. യാത്രികർക്കായി ഹോം സ്റ്റേ സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.

Choose your Reaction!
Leave a Comment