കല്ലേൻ പൊക്കുടൻ

കല്ലേൻ പൊക്കുടൻ അഥവാ കണ്ടൽ പൊക്കുടൻ

കണ്ടലോളം ആഴത്തിൽ വേരൂന്നിയ പരിസ്ഥിതി സ്നേഹത്തിന്റെ പേരാണു പൊക്കുടൻ. പഴയങ്ങാടിയിലെ പാതാറിന്റെ കരയിൽ നാമ്പിട്ട ഈ കണ്ടൽസ്നേഹം കേരളമാകെ പടർന്നപ്പോൾ കാലം കല്ലേൻ പൊക്കുടനെ കണ്ടൽ പൊക്കുടനാക്കി.

കാടുകൾ വെട്ടി നശിപ്പിച്ചും അവിടെ കെട്ടിടങ്ങൾ പണിതും ഒരു ജനത മുന്നേറുമ്പോൾ കാടുകളെ സംരക്ഷിക്കുന്നത് ജീവിത വ്രതമാക്കിയ ഒരു മനുഷ്യൻ കേരളത്തിൽ ജീവിച്ചിരുന്നു 2015 സെപ്തംബർ 27 വരെ; കല്ലേൻ പൊക്കുടൻ. കടലിനോടും കായലിനോടും ചേർന്ന് വളരുന്ന കണ്ടൽ കാടുകളെ സംരക്ഷിക്കാൻ നടത്തിയ ശ്രമങ്ങളും ചെറുത്തുനിൽപ്പുകളിലൂടെയുമാണ് പൊക്കുടൻ എന്ന മനുഷ്യനെ ലോകമറിയുന്നത്.

യുനെസ്‌കോയുടെ പാരിസ്ഥിതികപ്രവർത്തന വിഭാഗം കണ്ടൽക്കാടുകളുടെ സംരക്ഷണത്തിൽ പൊക്കുടന്റെ സംഭാവനകളെ പരാമർശിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെഏഴോം പഞ്ചായത്തിലെ എടക്കീൽതറയിൽ അരിങ്ങളെയൻ ഗോവിന്ദൻ പറോട്ടിയുടേയുംകല്ലേൻ വെള്ളച്ചിയുടേയും മകനായി പുലയ സമുദായത്തിൽ 1937 ൽ പിറന്നു.

ഏഴോം മൂലയിലെ ഹരിജൻ വെൽഫേർ സ്‌കൂളിൽ നിന്നും രണ്ടാം ക്ലാസ്സിൽ പഠനമുപേക്ഷിച്ച് ജന്മിയുടെ കീഴിൽ കൃഷിപ്പണിക്ക് പോയിത്തുടങ്ങിയ പൊക്കുടൻ പതിനെട്ടാം വയസ്സിൽ അഭിവക്ത കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. സമരങ്ങളിൽ പങ്കെടുത്ത് ജയിൽ ശിക്ഷ വരിച്ച അദ്ദേഹം എൺപതുകളുടെ അവസാനത്തോടെ സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് പരിസ്ഥിതി പ്രവർത്തനങ്ങളിലേക്ക് തിരിയുകയായിരുന്നു. ആദിവാസിദളിതുകൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾ തുറന്നുകാട്ടിക്കൊണ്ട് 2013ൽ പുറത്തിറങ്ങിയ പാപ്പിലിയോ ബുദ്ധ എന്ന സിനിമയിൽ കരിയൻ എന്ന കഥാപാത്രത്തെയും പൊക്കുടൻ ശ്രദ്ധേയമാക്കി.

ഭൂമിയുടെ ശ്വാസമായ കണ്ടൽക്കാടുകൾ വച്ച് പിടിപ്പിച്ചതുകൊണ്ടും കണ്ടലുകളുടെ സംരക്ഷണത്തിനും അതിന്റെ നിലനിൽപ്പിനും വേണ്ടി ശബ്ദമുയർ്തതിയതുകൊണ്ടും കല്ലേൻ പൊക്കുടൻ കണ്ടൽ പൊക്കുടൻ എന്നും അറിയപ്പെട്ടു.

ശക്തമായ കാറ്റിൽ പാട വരമ്പിലൂടെ നടന്നുപോകുന്ന കുട്ടികൾ ഏറെ ബുദ്ധിമുട്ടുന്നത് പൊക്കുടൻ സ്ഥിരമായി കണ്ടിരുന്നു. മാത്രവുമല്ല മഴക്കാലത്ത് പുഴയിലെ തിരകൾ ശക്തികൂടി വരമ്പിലിടിച്ച് ഈ വഴി തകരുന്നതും പതിവായിരുന്നു. ഇതിന് ഒരു പരിഹാരമെന്ന തരത്തിലാണ് പൊക്കുടൻ ആദ്യമായി കണ്ടൽചെടികൾ വച്ചുപിടിപ്പിക്കുന്നത്. ചെടികൾ വളർന്നു വന്നതോടെ അതൊരു പുതിയ കാഴ്ചയായിത്തീർന്നു.

പുഴയിലെ തിരകൾ ശക്തമായി വരമ്പിലിടിച്ച് കയറുന്നതിനും ശക്തമായ കാറ്റിനും കണ്ടൽകാടുകൾ പരിഹാരമായി. ഏഴോം പഞ്ചായത്തിൽ 500 ഏക്കർ സ്ഥലത്ത് കണ്ടൽ വനങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട് പൊക്കുടൻ. യൂഗോസ്ലാവ്യ, ജർമ്മനി, ഹംഗറി, ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിലും ഇന്ത്യയിലെ പല സർവ്വകലാശാലകളിലും പൊക്കുടന്റെ കണ്ടൽക്കാടുകളെപ്പറ്റി ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

എന്റെ രാഷ്ട്രീയ ജീവിതം (ആത്മകഥ), കണ്ടൽ കാടുകൾക്കിടിയിൽ എന്റെ ജീവിതം, ചൂട്ടാച്ചി, എന്നിവയാണ് പൊക്കുചടൻ രചിച്ച കൃതികൾ.

കേരള വനം വകുപ്പിന്റെ പ്രഥമ വനം മിത്ര അവാർഡ്എൻവയോൺമെന്റ് ഫോറം, കൊച്ചിയുടെ പി.വി. തമ്പി സ്മാരക പുരസ്‌കാരംപരിസ്ഥിതി സംരക്ഷണസംഘം, ആലുവയുടെ ഭൂമിമിത്ര പുരസ്‌കാരം, കേരളത്തിലെ മികച്ച പരിസ്ഥിതി പ്രവർത്തകനുള്ള ബിനുജിത്ത് പ്രകൃതി പുരസ്‌കാരം, മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എ.വി. അബ്ദുറഹ്മാൻ ഹാജി പുരസ്‌കാരം (2010), കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെജീവചരിത്രത്തിനുള്ള പുരസ്‌കാരം (2012)

Further reading കല്ലേൻ പൊക്കുടൻ

#sancharam #sanjaram

sanjaram

About Author /

Sanjaram, a travel community inspired by travel enthusiasts where you will find educating, entertaining and inspiring posts about travel, culture, food, lifestyle, books, hotel reviews, photography and so much more!

Leave a Reply

Start typing and press Enter to search