വാഗ അതിർത്തിയിലെ ബീറ്റിംഗ് റിട്രീറ്റ്

❤️വാഗ അതിർത്തിയിലെ ബീറ്റിംഗ് റിട്രീറ്റ്❤️ അഥവാ പതാക താഴ്ത്തൽ ചടങ്ങ്❤️😍🇮🇳🇮🇳🇮🇳

ഇന്ത്യയിലെ അമൃത്സറിനും പാകിസ്ഥാനിലെ ലാഹോറിനും ഇടയിൽ ഗ്രാന്റ് ട്രങ്ക് റോഡിലാണ് വാഗ-അറ്റാരി ബോർഡർ. നെഞ്ചുവിരിച്ച് വിംഗ്കമാൻഡർ അഭിനന്ദൻ വർദ്ധമാൻ തിരിച്ചു ഇന്ത്യയിലേക്ക് നടന്നു വരുന്നത് നമ്മൾ കണ്ടല്ലോ.. അതേ വാഗ ബോർഡർ. അവിടെ നടക്കുന്ന പതാക താഴ്ത്തൽ ചടങ്ങ് കാണുക എന്നതാണ് അടുത്ത ലക്ഷ്യം .

ഏഷ്യയിലെ “ബർലിൻ മതിൽ ” എന്നു വിളിക്കപ്പെടുന്ന വാഗ അതിർത്തിയിൽ എല്ലാ ദിവസവും വൈകീട്ട് പതാക താഴ്ത്തൽ ചടങ്ങ് അഥവാ ബീറ്റിംഗ് റിട്രീറ്റ് നടക്കുന്നു. ഇന്ത്യയുടെ അതിർത്തിരക്ഷാ സേനയും പാകിസ്ഥാന്റെ പാകിസ്ഥാൻ റേഞ്ചേഴ്സുമാണ് ഇതിലെ പങ്കാളികൾ. അതിർത്തിയിൽ എവിടെയെങ്കിലും വെടി പൊട്ടുകയോ ഇന്ത്യ പാക് ബന്ധത്തിൽ പ്രശ്നങ്ങൾ ഉണ്ടായാലൊ ഇത് നിർത്തിവയ്ക്കാറുണ്ട്. അതുകൊണ്ട്തന്നെ ബീറ്റിംഗ് റിട്രീറ്റ് കാണുവാൻ ഭാഗ്യവുംകൂടി വേണം. ദിവസവും ആയിരക്കണക്കിനാളുകളാണ് ഈ അത്യുജ്ജ്വലവും ആവേശഭരിതവുമായ സൈനികപരേഡ് കാണുന്നതിന് വാഗയിൽ എത്തിച്ചേരുന്നത്. ഒറ്റനോട്ടത്തിൽ ഈ സൈനികപരേഡ് ശത്രുതയും അക്രമണ സ്വഭാവവും പുലർത്തുന്നതായി കാണികൾക്ക് തോന്നുമെങ്കിലും യഥാർത്ഥ കാഴ്ചക്കാർക്ക് ഇത് വിനോദത്തിന്റെ രസകാഴ്ചകളാണ് നൽകുന്നത്.

wagah-border

ദൈനംദിന കാര്യങ്ങൾക്കായി ചിലപ്പോൾ ഇരുരാജ്യത്തിന്റെയും സൈനിക ഉദ്യോഗസ്ഥർ എതിർരാജ്യത്തിന്റെ ഓഫീസുകളിൽ വരാറുണ്ടെത്രെ. പിക്കറ്റ് 43 എന്ന സിനിമയിലെ പ്രഥ്വിരാജിന്റെ ഹരീന്ദ്രനാഥ് എന്ന കഥാപാത്രവും പാകിസ്ഥാൻകാരനായ മുഷറഫും തമ്മിലുള്ള അതിർത്തിയിലെ സൗഹൃദമാണ് അപ്പോൾ ഓർമ്മയിൽ വന്നത്. ഇരു സൈനിക വിഭാഗവും വർണ്ണാഭമായ തലപ്പാവോടുകൂടിയ സൈനിക വസ്ത്രങ്ങളാണ് ധരിക്കുക. സാധാരണ ദിവസങ്ങൾ വൈകീട്ട് 4.30 ന് ആരംഭിക്കുന്ന പരേഡ് ശൈത്യകാലങ്ങളിൽ 4 മണിക്ക് തുടങ്ങുന്നു .ശക്തമായ സുരക്ഷാ ചെക്കിംഗ് ഉള്ളതിനാൽ ഒരു മണിക്കൂർ നേരത്തെയെങ്കിലും അവിടെ എത്തണം.

vaga border

ഉച്ചക്ക് രണ്ടര കഴിഞ്ഞപ്പോൾ ഞങ്ങളുടെ ബസ്സ് വാഗ പാർക്കിംഗ് ഗ്രൗണ്ടിലെത്തി ..ഒരു ചെറിയ ഗ്രാമമാണ് വാഗ.1947 ഇന്ത്യാ വിഭജനകാലത്ത് ഇത് രണ്ടായി വിഭജിക്കപ്പെട്ടു. കിഴക്കൻ വാഗ ഇന്ത്യയിലും പടിഞ്ഞാറൻ വാഗ പാകിസ്ഥാനിലും നിലകൊള്ളുന്നു. വിവാദമായ റാഡിക്ലിഫ് രേഖ ഇതിലെയാണ് കടന്നു പോകുന്നത്. ബസ്സിൽ നിന്നിറങ്ങുമ്പോൾ തന്നെ ത്രിവർണ്ണപതാക ശരീരത്തിൽ വരച്ചു നൽകുന്ന ആളുകൾ ഓടിയെത്തി.. ഗംഗേട്ടനും മക്കളും അച്ഛനും നടന്നു കഴിഞ്ഞിരുന്നു… മൂന്നാളുകൾ എന്നെ വളഞ്ഞു നിന്നു.. പടമൊന്നും വരയ്ക്കണ്ട എനിക്കു പോണം എന്ന് ഞാനവരോട് പറഞ്ഞു. പെട്ടന്ന് ഒരാൾ പറഞ്ഞു ബഹൻജീ അവിടെ എന്താണ് നടക്കുന്നതെന്നറിയാമോ മത്സരമാണ്… യഥാർത്ഥ യുദ്ധമാണ്. യുദ്ധം എന്നു കേട്ടപ്പോൾ എന്റെ കൈകൾ അറിയാതെ നീണ്ടു പോയി … ഇനി ഞാനായി ഇന്ത്യയെ തോൽപ്പിക്കരുതല്ലോ.. ഒരാൾ മൂന്നു കളറെടുത്ത് ഓരോ വര.. രണ്ടു കൈപ്പത്തിയുടെയും മുകളിൽ സാമാന്യം തരക്കേടില്ലാത്ത ഓരോ പതാകകൾ രൂപം കൊണ്ടു. പിന്നീട് അവിടെ ചെന്ന് അതിൽ അലിഞ്ഞപ്പോൾ കൈകളിൽ മാത്രമല്ല മുഖത്തും പതാക വരയ്ക്കേണ്ടതായിരുന്നു എന്ന് തോന്നിപ്പോയി .

വാഗ അതിർത്തിയ്ക്ക് 2 കി.മിന് മുൻപായി ബാരിക്കേഡ് വച്ച് റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു. ഒരു ജനസാഗരം തന്നെ അവിടെയുണ്ട്. മൂന്നു മണി കഴിഞ്ഞാലെ ആളുകൾക്ക് റോഡിലേയ്ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ.. ആദ്യം എത്തുന്നവർക്കേ പരേഡ് കാണാൻ ഉള്ളിൽ സ്ഥലം കിട്ടുകയുള്ളൂ എന്നും അല്ലാത്തവർ പുറത്ത് സ്ക്രീനിൽ കാണേണ്ടി വരും എന്ന് നേരത്തേ കേട്ടിരുന്നു. സമരക്കാരെ തടുക്കുന്നതുപോലെ ബാരിക്കേഡുകൾക്കിപ്പുറം തിങ്ങിനിറഞ്ഞ ജനത്തെ തടുത്തുകൊണ്ട് പട്ടാളക്കാർ. ഞാനും അതിനടുത്തു തന്നെ സ്ഥാനം പിടിച്ചു. പെട്ടന്നാണ് പോവാനുള്ള അനുവാദം കിട്ടിയത്. കണ്ണും മിഴിച്ച് നോക്കുമ്പോൾ എല്ലാരും ഓടുകയാണ് .അച്ഛനെ പതുക്കെ കൊണ്ടുവരാൻ ഗംഗേട്ടനോട് വിളിച്ച് പറഞ്ഞ് ഞാനും മോളും ഓട്ടമായി.. കൂടെ ട്രയിനിലെ സഹയാത്രിക പങ്കജവല്ലി ചേച്ചിയും.. ഒരു കിലോമീറ്ററിലധികം നിൽക്കാതെ ഹൈവേയിലൂടെ ഓടുന്നു.’ഓട്ടമത്സരമാണ് നടക്കുന്നത് .. അവസാനം സ്ത്രീകളുടെ സുരക്ഷാ പരിശോധന നടക്കുന്ന സ്ഥലത്ത് ആദ്യത്തെ 5 പേരിൽ ഞങ്ങൾ സ്ഥാനം പിടിച്ചു. സ്ത്രീകളുടെ ദേഹപരിശോധന അത്ര കർക്കശമല്ല. എന്നാൽ പുരുഷൻമാരെ ഒരാളെ മിനിമം രണ്ടു മിനിറ്റെങ്കിലും പരിശോധിച്ചിട്ടേ ഉള്ളിലേക്ക് കടത്തുന്നുള്ളൂ. മൊബൈൽ, ക്യാമറ എന്നിവ കൊണ്ടു പോകാം എന്നാൽ പവർബാങ്ക് മറ്റ് അഡീഷണൽ ബാറ്ററികൾ എന്നിവയ്ക്ക് പ്രവേശനം ഇല്ല. പരിശോധന കഴിഞ്ഞ് വീണ്ടും റോഡിലേയ്ക്ക്.. നേർരേഖയിലുള്ള റോഡാണ് .. അവിടെ നിന്ന് വീണ്ടും ഏകദേശം ഒരു കി.മി ഉണ്ട് അതിർത്തിയിലേയ്ക്ക്. വീണ്ടും ഓട്ടമായി കിതച്ചിട്ട് ശ്വാസം കിട്ടാതെ ഒന്നു രണ്ട് സ്ഥലത്ത് നിന്നു. ഇത് കണ്ട് ഒരു ചെറുപ്പക്കാരനായ BSF ഓഫീസർ ചിരിച്ചു കൊണ്ട് ആരാംസെ ജാവോ എന്നു വിളിച്ചു പറഞ്ഞു. അയാളോട് തിരിച്ച് നല്ല പച്ച മലയാളത്തിൽ ആരാംസെക്ക് നിന്നാൽ അവിടെ സ്ഥലം കിട്ടില്ലഭായീ ഞങ്ങൾക്ക് പരേഡ് കാണണം എന്നു തമാശക്ക് ഉറക്കെ വിളിച്ച് പറഞ്ഞ് ഓട്ടം തുടർന്നു. ഇതെന്തു ഭാഷ എന്ന് ചിന്തിച്ച് അമ്പരന്നു നിൽക്കുന്ന അയാളെക്കാണാൻ നല്ല തമാശയായിരുന്നു. പെട്ടന്നാണ് ഭീമാകാരമായ ഒരു ഇന്ത്യൻ പതാക കണ്ണിൽപ്പെട്ടത്… ആകാശം മുട്ടെ ഉയരത്തിൽ അത് പാറി കളിക്കുന്നു. ആദ്യമായി ദേശസ്നേഹം കൊണ്ട് രോമാഞ്ചം വന്ന നിമിഷം. അങ്ങ് പാകിസ്ഥാനിലെ ലാഹോറിൽ നിന്നാലും കാണാൻ പറ്റുന്ന ഉയരത്തിലാണെത്രെ പതാക സ്ഥാപിച്ചിരിക്കുന്നത്. തിരിഞ്ഞ് വീണ്ടും നൂറു മീറ്ററിനുള്ളിൽ ഇന്ത്യ എന്നെഴുതിയ അതിമനോഹരമായ ഭീമാകാരമായ കവാടത്തിന് മുന്നിലെത്തി.

സ്ഥലം പിടിക്കാനുള്ള വ്യഗ്രതയിൽ ഓടി ഉള്ളിലേക്ക് കടന്നു. പത്തു പതിനയ്യായിരം പേരെ ഉൾകൊള്ളാൻ കഴിയുന്ന ആ വിശാലമായ സ്റ്റേഡിയം കണ്ട് എവിടെ കയറി ഇരിക്കണം എന്ന് അറിയാതെ ഒരു നിമിഷം പകച്ച് നിന്നു പോയി. പട്ടാളക്കാരാൻ ആരാം പറഞ്ഞതിന്റെ കാര്യവും അപ്പോഴാണ് പിടി കിട്ടിയത്. നൂറുമീറ്റനപ്പുറം വഴിയിൽ വശങ്ങളിൽ പില്ലർ മാത്രം കെട്ടി അതിൽ ഇന്ത്യ എന്നെഴുതിയ ഒരു ഗേറ്റ്. ഇന്നത്തെ ചില വീടുകളുടെ ഗേറ്റ് ചിലപ്പോൾ ഇതിലും വലുതായി കണ്ടിട്ടുണ്ട്. തൊട്ടടുത്ത് പിൻവശത്ത് പില്ലറിൽ പാകിസ്ഥാൻ ഗേറ്റ് .. ഇന്ത്യൻ ഇടതുപില്ലറിൽ ചെറിയ കൊടിമരത്തിൽ ഇന്ത്യൻ പതാകയും പാകിസ്ഥാന്റെ വലതുപില്ലറിൽ പാകിസ്ഥാൻ പതാകയും പറക്കുന്നുണ്ട്. കമ്പിവേലി കൊണ്ടാണ് രാജ്യങ്ങളെ വേർതിരിച്ചിരിക്കുന്നത് ..

നിന്നുള്ള വ്യൂ .. മറുവശം പാക്കിസ്ഥാൻ ഗാലറി
ഗാലറിയിൽ നിന്നുള്ള വ്യൂ .. മറുവശം പാക്കിസ്ഥാൻ ഗാലറി

വിശാലമായ പാടങ്ങളുടെ നടുവിലൂടെ കമ്പിവേലി കടന്നു പോകുന്നു. ശരിക്കും മനുഷ്യഹൃദയങ്ങളിലാണ് ഇംഗ്ലീഷുകാർ ഈ വേലി കെട്ടിയത്.. ശത്രുതയുടെ വേലി. പാകിസ്ഥാന്റെയും ഇന്ത്യയുടെയും പരേഡുകൾ കാണാൻ കഴിയുന്ന സൗകര്യപ്രദമായ സ്ഥലത്ത് അൽപ്പം മുകളിലായി ഇരിപ്പുറപ്പിച്ചു. റോഡിൽ ട്രോളിബാഗുമൊക്കെയായി പർദ്ദ ധരിച്ച സുന്ദരികളായ രണ്ടു സത്രീകളും കുട്ടികളും ഒന്നോ രണ്ടോ പുരുഷന്മാരും നിൽക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും ശ്രദ്ധ അവരിലായിരുന്നു. പെട്ടന്നതാ ഒരു വോൾവോ ലക്ഷ്വറി ബസ് ഒഴുകികൊണ്ട് ഇന്ത്യാ കവാടത്തിലൂടെ അകത്തേക്ക് കടന്നുവരുന്നു. അമൃത്സറിൽ നിന്നും ലാഹോറിലേക്കുള്ള ഏക യാത്രാബസ്സായിരുന്നു അത്. അവിടെ നിന്നിരുന്നവർ അതിൽ യാത്ര ചെയ്യാൻ വന്നവരാണ്.

ഇരുരാജ്യങ്ങളിലേയും ഗേറ്റുകൾ തുറക്കപ്പെട്ടു. കാത്തുനിന്നവരെ കയറ്റി ആവാഹനം ഗോതമ്പുപാടങ്ങൾക്കിടയിലൂടെ ലാഹോറിലേക്ക് യാത്ര തുടങ്ങി.ഗേറ്റുകൾ വീണ്ടും അടയുന്നു. സ്റ്റേഡിയത്തിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടങ്ങുകയായി.. നാലു മണി ആയപ്പോഴേക്കും പൂഴി വാരിയിട്ടാൽ നിലത്തു വീഴില്ല എന്ന ഉപമ പോലെ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞിരുന്നു. പരേഡ് ആരംഭിക്കുന്നതിന് 20 മിനിറ്റ് മുൻപേ ദേശഭക്തിഗാനങ്ങൾ ഉച്ചഭാഷിണിയിൽ മുഴങ്ങാൻ തുടങ്ങി… ദേശീയ പതാകയും വഹിച്ച് ഓടാൻ സ്ത്രീകൾക്കും കുട്ടികൾക്കും അവസരം കിട്ടുമെന്ന് ആദ്യമേ കേട്ടിരുന്നു. ഓടണം എന്നു തീരുമാനിച്ചതുമാണ്. ഓടാൻ പോയിട്ട് തിരക്കു കാരണം ഇരുന്നിടത്തു നിന്ന് ഒരിഞ്ചു നീങ്ങാൻപോലും സ്ഥലമില്ല.

താഴത്തെ നിരയിൽ ഇരുന്ന സ്ത്രീകളും കുട്ടികളും പതാകവഹിച്ച് പരേഡ് നടക്കുന്ന റോഡിലൂടെ വട്ടത്തിൽ ഓടുന്നത് കണ്ട് കൊതിയോടെ നോക്കിനിൽക്കാനെ കഴിഞ്ഞുള്ളൂ. തുടർന്ന് ഹിന്ദിസിനിമകളിലെ അടിപൊളി ദേശഭക്തിഗാനങ്ങളുടെ വരവായി.റോഡിൽ മുഴുവൻ സ്ത്രീകളും കുട്ടികളും അതിനൊപ്പം നൃത്തം ചെയ്യുന്നു. ഹൊ എത്ര മനോഹരമായ കാഴ്ചയായിരുന്നു അത്… ദേശസ്നേഹത്താൽ ശരീരത്തിൽ കുളിരു കോരുന്നു. മറുവശത്തുള്ള പാകിസ്ഥാൻകാരെ കാണിക്കണം എന്ന ഉദ്ദേശം കൂടെ ഇതിനുണ്ട് എന്നു തോന്നുന്നു. ഇന്ത്യയിലെ സ്ത്രീകളുടെ സ്വാതന്ത്ര്യം. പാകിസ്ഥാൻ ഭാഗത്തും ദേശഭക്തിഗാനങ്ങൾ ഉയരുന്നുണ്ട്. എന്നാൽ ആരും റോഡിലേക്ക് ഇറങ്ങുന്നില്ല. അവരെല്ലാം ഇവിടുത്തെ ആഘോഷങ്ങൾ കണ്ടിരിക്കുകയാണ്. താരതമ്യേന ആളുകളുടെ എണ്ണവും അവിടെ കുറവാണ്.ഒരു കാൽ മാത്രമുള്ള ഒരു കലാകാരൻ ഒരുപ്രത്യേക സംഗീതത്തിന്റെ അകമ്പടിയിൽ പമ്പരം പോലെ അവിടെ നിന്ന് വട്ടംതിരിയുന്നുണ്ട്. തിരിച്ചലിന്റെ വേഗതയിൽ അയാളുടെ വസ്ത്രങ്ങൾ കുട പോലെ വിരിഞ്ഞ് നിൽക്കുന്നു. കാണികളിൽ ചിലർ വന്ന് അയാളുടെ പോക്കറ്റിൽ പൈസ നിക്ഷേപിക്കുന്നു. തന്റെ കുറവുകളെ മറികടന്ന് നൃത്തം ചെയ്യുന്ന അയാളോട് വല്ലാത്ത ബഹുമാനം തോന്നിപോയി.

wagah 01

പരേഡ് ആരംഭിക്കാൻ സമയമായി. സതീഷ്കുമാർ എന്ന ഊർജ്ജസ്വലനായ BSF ഓഫീസറാണ് അന്നത്തെ പരേഡിൽ അനൗൺസ്മെന്റ് ചെയ്യുന്നത്. മൈക്ക് കയ്യിലെടുത്ത് അദ്ദേഹം വന്ദേമാതരം എന്ന് ആർത്തുവിളിച്ചു. ഗാലറിയിൽ നിന്നും തിരിച്ച് ഇടിനാദം പോലെ വന്ദേമാതരം മുഴങ്ങി . ഭാരത് മാതാ കി ജയ്,ഹിന്ദുസ്ഥാൻ അമർരഹേ തുടങ്ങിയ ദേശീയ സ്നേഹം ഉണർത്തുന്ന മുദ്രാവാക്യങ്ങൾ ഉച്ചഭാഷിണിയിലൂടെ മുഴക്കി കൊണ്ടിരുന്നു. തൊണ്ട പൊട്ടുമാറുച്ചത്തിൽ എല്ലാവരുമത് ആർത്ത് വിളിക്കുന്നു… ദേശസ്നേഹം അതിന്റെ പരമോന്നതിയിൽ എത്തുന്ന നിമിഷങ്ങൾ. ഇതിനിടയിൽ പരേഡ് ആദ്യ മാർച്ച് ആരംഭിച്ചത് രണ്ട് വനിതാ ഉദ്യോഗസ്ഥരാണ്. കവാടത്തിൽ നിന്ന് ചടുലമായ കാൽവയ്പ്പോടെ മാർച്ച് ചെയ്ത് വന്ന് അവർ ഗേറ്റിനടുത്തെത്തി നിന്നു. കാൽ നെറുകയിൽ തൊടുന്ന വിധം ഉയർത്തി ശക്തമായി തറയിലടിച്ച് മേലാധികാരിയുടെ കയ്യിൽ നിന്ന് സല്യൂട്ട് സ്വീകരിച്ച് ഇവർ രണ്ടു വശങ്ങളിലേക്ക് ഒതുങ്ങി നിന്നു. സ്ത്രീകൾക്ക് അഭിമാനം തോനുന്ന നിമിഷങ്ങൾ . ഇതേ ചടങ്ങ് മറു രാജ്യത്തും ആവർത്തിക്കപ്പെട്ടു. സ്ത്രീകൾ അല്ല എന്നു മാത്രം. പച്ച നിറത്തിലുള്ള യൂണിഫോമും അതേ നിറത്തിലുള്ള ഞൊറികൾ പൊന്തി നിൽക്കുന്ന തൊപ്പിയുമാണ് പാക് റേഞ്ചേഴ്സിന്റെ വേഷം. കാക്കി യൂണിഫോമിനൊപ്പം ചുവന്ന ഞൊറികളുള്ള തൊപ്പിയാണ് BSF ധരിച്ചിരിക്കുന്നത്.

ഗേറ്റുകൾ തുറക്കപ്പെട്ടു. മതിലുകൾ ഇല്ലാത്ത രണ്ട് രാജ്യങ്ങളായി.. ജനങ്ങൾ സൗഹൃദം പങ്കിടുന്ന പോലെ പരസ്പരം കൈ പൊക്കി . രണ്ട് ഭാഗത്തു നിന്നും പ്രധാന ഉദ്യോഗസ്ഥൻമാരാണെന്ന് തോന്നുന്ന വിധത്തിൽ രണ്ടു പേർ മാർച്ച് ചെയ്ത് ഗേറ്റിനടുത്തെത്തി. നേരത്തേ പറഞ്ഞ പോലെ കാൽ തലയിൽ തൊടുന്ന വിധത്തിൽ ഉയർത്തി ശക്തിയായി തറയിലടിച്ച് അവർ മുന്നോട്ട് നടന്നു.ഇരു രാജ്യങ്ങളുടെയും സൗഹൃദം ഊട്ടിയുറപ്പിക്കാൻ പരേഡ് ശൈലിയിൽ തന്നെ സെക്കൻറുകൾ മാത്രമുള്ള ഒരു ഹസ്തദാനം നടത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.. അവരും യഥാസ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. പിന്നീട് 5 പേരടങ്ങുന്ന ഗ്രൂപ്പുകളായി രണ്ടു വശത്തും ഓഫീസർമാർ മാർച്ചു ചെയ്തെത്തി. പിന്നേയും പലവിധ അഭ്യാസങ്ങൾ തുടർന്നു. ഈ നെറുകവരെ പൊക്കുന്ന കാലുകളാണ് ഈ പരേഡിന്റെ ഏറ്റവും വലിയ ആകർഷണം.. ദേശഭക്തി ഉയർത്തുന്ന മുദ്രാവാക്യങ്ങൾ വിളിച്ച് ജനങ്ങൾ ഇളകി മറിയുകയാണ് … ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം. ഇതാണ് ആ നിമിഷങ്ങൾ., ഉച്ചത്തിൽ വന്ദേമാതരം അലറി വിളിച്ച് അവസാനം ശബ്ദം അടഞ്ഞുതുടങ്ങി. പതാകകൾ ഇറക്കാനുള്ള സമയമായി. ബ്യൂഗിൾ വാദ്യത്തിന്റെ സ്വരം മുഴങ്ങി തുടങ്ങി. ഗാലറികൾ പതിയെ നിശബ്ദമാകുന്നു.

പതാകതാഴ്ത്തൽ
പതാകതാഴ്ത്തൽ

രണ്ട് രാജ്യത്തിന്റെ പതാകകളും ഒരേ സമയം താഴോട്ട് ഇറക്കി തുടങ്ങി. പതാകകൾ ഇറക്കുന്നത് കൊടിമരത്തിന്റെ എതിർവശത്തു നിന്നാണ്. രണ്ടു പതാകകളും പരസ്പരം ക്രോസ് ചെയ്ത് എതിർ വശത്തേയ്ക്ക് ഇറക്കുന്നത് മനോഹരമായ ഒരു കാഴ്ച ആയിരുന്നു. ഇറക്കിയ പതാകകൾ ഭദ്രമായി മടക്കി അഞ്ച് ഓഫീസർമാർ മാർച്ച് ചെയ്ത് ആദരവോടെ അത് സൂക്ഷിക്കുന്ന കെട്ടിടത്തിലേയ്ക്ക് കൊണ്ടു പോകുകയാണ്. രണ്ട് വശങ്ങളിലും ഗേറ്റ് വീണ്ടും അടയുകയായി… മനോഹരമായ ആവേശകരമായ യുദ്ധപ്രതീതിയുള്ള ഒരു മത്സര പട്ടാളഡ്രിൽ കണ്ട സന്തോഷത്തിൽ ജനങ്ങൾ പുറത്തേയ്ക്ക് ഒഴുകാൻ തുടങ്ങി…തിരിച്ചു നടക്കുന്ന സമയത്താണ് ഓടിയ വഴിയെല്ലാം ശരിക്കു കാണാൻ കഴിഞ്ഞത്.. ഒരാൾക്കും സംസാരിക്കാൻ പോലുമുള്ള ശബ്ദമില്ല.. പ്രധാനവഴി സൂചകത്തിനു മുന്നിൽ നിന്ന് ഫോട്ടൊ എടുത്തു. അങ്ങ് മേലേ ആകാശം മുട്ടെ ഉയരത്തിൽ പറക്കുന്ന ഭീമൻ ദേശീയ പതാകയെ നോക്കി ഒന്നുകൂടി മനസ്സിൽ വിളിച്ചു. “ജയ്ഹിന്ദ്”

Deepa Gangesh

About Author /

Wanderlust ordinary woman

Leave a Reply

Start typing and press Enter to search