” കതിവനൂർ വീരനെ നോമ്പു നോറ്റിരുന്നു

മാമയിൽപീലിപോൽ അഴകോലും ചെമ്മരത്തി”

കളിയാട്ടം
കളിയാട്ടം

കളിയാട്ടത്തിലെ മനോഹരമായ ഈ പാട്ട് കേട്ടിട്ടില്ലേ…തെയ്യങ്ങളെക്കുറിച്ച് കുട്ടിക്കാലത്തേ കേട്ടിട്ടുണ്ടെങ്കിലും തെയ്യങ്ങളോടുള്ള അഭിനിവേശം തുടങ്ങിയത് കളിയാട്ടം സിനിമ കണ്ടതിന് ശേഷമാണ്. തെയ്യങ്ങളുടെ നാടായ കണ്ണൂരും അങ്ങനെ ഒരാവേശമായി മാറി. കണ്ണൂർക്കാരിയായ സുഹൃത്തും നല്ലൊരു സഞ്ചാരിയും, ഒരു ഒന്ന് ഒന്നര വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ റെസീന നാസർ എന്ന സാന്ദ്ര തെയ്യം കാണാൻ കണ്ണൂരിലേക്ക് ക്ഷണിച്ചപ്പോൾ ഉണ്ടായ സന്തോഷം ചെറുതൊന്നും ആയിരുന്നില്ല … സാന്ദ്ര എന്നാൽ ഒരു സംഭവം തന്നെ എന്നൊക്കെ പറയാം… ലഡാക്കിൽ ബുള്ളറ്റുമായി പോയ കക്ഷിയാണ്. കാണാൻ കിട്ടുക വരെ എളുപ്പമല്ല. തെയ്യം കാണിക്കൽ സാന്ദ്ര ഏറ്റപ്പോൾ നിങ്ങൾ ധൈര്യമായി നേരത്തേ പോരൂ.. കണ്ണൂർ ഞാനുണ്ട് എന്ന ഉറ്റ സുഹൃത്ത് രഞ്ജിത്ത്. പിന്നൊന്നും നോക്കിയില്ല.. ഡിസംബർ 25 ലെ തെയ്യം കാണാൻ 23 ന് രാവിലെ തന്നെ ഞങ്ങൾ കുടുംബസമേതം പുറപ്പെട്ടു. പതിവുപോലെ സുഹൃത്തുക്കളും കൂടെയുണ്ടായിരിന്നു.

കാവ്
കാവ്

ശിക്ഷക് സദനിൽ നേരത്തേ താമസം ബുക്ക് ചെയ്തിരുന്നു. കോഴിക്കോട് കണ്ണൂർ ബൈപാസിലെ ഹീറോ ഹോട്ടലിലെ കലുമ്മക്കായും കാട പൊരിച്ചതും കൂട്ടി സമൃദ്ധിയായി ഊണും കഴിച്ച് 3 മണിയോടെ കണ്ണൂർ എത്തുമ്പോൾ രഞ്ജിത്ത് കാത്തു നിന്നിരുന്നു. അല്പം വിശ്രമത്തിനു ശേഷം കണ്ണൂർ ഫോർട്ടിലേക്കാണ് രഞ്ജി ആദ്യം ഞങ്ങളെ കൊണ്ടുപോയത്.. പുരാവസ്തു വകുപ്പിൻ്റെ കീഴിലുള്ള , അറബികടലിന് അഭിമുഖമായി നിർമ്മിക്കപ്പെട്ടിട്ടുള്ള സെൻ്റ് ആൻജലോ ഫോർട്ട് 1505 ൽ പോർച്ചുഗീസ് വൈസ്രോയി ആയ ഫ്രാൻസിസ് ഡി.അൽമേഡയാണ് പണികഴിപ്പിച്ചത്. പിന്നീട് ഡച്ചുകാരുടെയും അറയ്ക്കൽ രാജവംശത്തിൻ്റെയും കയ്യിലൂടെ മറിഞ്ഞ് അവസാനം 1790 ൽ ബ്രിട്ടീഷുകാരുടെ അധീനതയിലായി.. ബ്രിട്ടീഷുകാർ ഇത് മലബാർ മേഖലയിലെ സൈനിക താവളമാക്കി മാറ്റുകയും ചെയ്തു.

മുഴുപ്പിലങ്ങാട്
മുഴുപ്പിലങ്ങാട്

ചെങ്കലുകൊണ്ട് നിർമ്മിച്ച കോട്ട കാഴ്ചയിൽ അതിസുന്ദരമാണ്. അൻവർ ചിത്രത്തിൽ ജയിലായി ചിത്രീകരിച്ച സ്ഥലവും: ഓ…സൈനബ എന്ന ഗാനചിത്രീകരണം നടന്ന ഭാഗവും കോട്ടയിൽ രഞ്ജികാണിച്ചു തന്നു.. കോട്ടമുകളിലൂടെ നടക്കുമ്പോൾ മുഖത്തേക്കടിക്കുന്ന കടൽക്കാറ്റിന് വല്ലാത്ത കുളിര് .. സന്ധ്യമയങ്ങുവോളംകോട്ടയിൽ ചെലവഴിച്ചു. അസ്തമയം കാണാൻ പയ്യാമ്പലം ബീച്ചിലേക്ക് … ട്രാഫിക്ക് ബ്ലോക്ക് തന്നെ… ഒരു വിധത്തിൽ കാർ പാർക്ക് ചെയ്ത് നടന്നു… നല്ല തിരക്കായിരുന്നു ബീച്ചിൽ. ചിലർ ഒട്ടകസവാരി ചെയ്യുന്നത് കണ്ടു. മേഘങ്ങളുടെ മറയാൽ അസ്തമയം ശരിക്ക് കാണാൻ കഴിഞ്ഞില്ല.. ഒരു വശത്ത് സ്മൃതി മണ്ഡപങ്ങൾ .. ഇ.കെ നായനാരുടെയും, സുകുമാർ അഴീക്കോടിൻ്റെയും സ്മൃതി മണ്ഡപങ്ങളെ അവിടെ കണ്ടു.. തത്ത്വമസി എന്നെഴുതിയ സുകുമാർ അഴീക്കോടിൻ്റെ സ്മൃതി മണ്ഡപത്തിന് മുന്നിൽ ഒരു നിമിഷം കണ്ണടച്ച് നിശബ്ദയായി നിന്നു. സാന്ദ്രയുടെ കൂടെ കാസർകോഡ് റാണിമല ട്രക്കിംഗിന് പോയിരുന്ന സുഹൃത്ത് സുനിൽ രാത്രി ഞങ്ങളുടെ കൂട്ടത്തിൽ തിരിച്ചെത്തി.

പിറ്റെ ദിവസം രാവിലെ നഗരത്തിൽ നടക്കാനിറങ്ങി…ഖാദി തുണിത്തര എക്സിബിഷനിൽ നിന്നും ഖാദി തുണികളും പുറമെയുള്ള കടകളിൽ നിന്നും കല്ലുമ്മക്കായ അച്ചാർ അടക്കം പലതും ആ സമയം സ്വന്തമാക്കി.കല്ലുമ്മക്കായ പണ്ടേ ഒരു വീക്ക്നെസ്സ് ആയിരുന്നു. ഉച്ചകഴിഞ്ഞ് തലശ്ശേരിയിൽ നിന്ന് സുഹൃത്ത് മുഹമ്മദ് സജ്ജാദ് എന്ന ഞങ്ങളുടെ സെഞ്ചുവും മലപ്പുറത്ത് നിന്ന് അസീസ് മാഷും കൂട്ടത്തിൽ എത്തി.. ആദ്യം മുഴുപ്പിലങ്ങാട് പിന്നെ നേരേ പാലക്കയം തട്ട് ഇതായിരുന്നു അന്നത്തെ പ്ലാൻ. സെഞ്ചുവായിരുന്നു അന്നത്തെ ടീം ലീഡർ… ഏതൊക്കെയോ ഊടുവഴികളിലൂടെ മുഴുപ്പിലങ്ങാട് ലക്ഷ്യമാക്കി 3 കാറുകൾ നീങ്ങി. വഴിയിൽ ഒരു ലെവൽ ക്രോസിൽ കുടുങ്ങി കുറെ നേരം വഴിയിൽ ചുറ്റിയതിനാൽ മുഴപ്പിലങ്ങാട് എത്തുമ്പോൾ 3 മണി കഴിഞ്ഞിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിംഗ് ബീച്ച് എന്ന ഖ്യാതി മുഴുപ്പിലങ്ങാടിനാണ്.. കടൽതീരത്ത് ഓടിച്ചു പരിചയം ഇല്ലാത്തതിൽ തൃശൂർ വണ്ടികൾ ഒരു വശത്ത് ഒതുക്കി. സെഞ്ചുവായിരുന്നു അന്നത്തെ താരം.. കുട്ടികളെയും കൊണ്ട് നോക്കെത്താത്ത ദൂരത്തേയ്ക്ക്കടൽ തിരകളെ വകഞ്ഞു മാറ്റി വെള്ളം തെറിപ്പിച്ചു കൊണ്ടുള്ള അവൻ്റെ ഇന്നോവയുടെ പോക്ക് ആരാധനയോടെയാണ് നോക്കി നിന്നത് .തിരിച്ചു വന്നപ്പോൾ കുട്ടികൾക്ക് ഒന്നുകൂടി പോണം. ഒന്നും നോക്കിയില്ല ഞാനും ഓടി കാറിൽ കയറി .. കാർ വീണ്ടും കടലിലൂടെ ..ചീറ്റിത്തെറിക്കുന്ന വെള്ളത്തിൽ മുൻവശം കാണാൻ വൈപ്പറുകൾ ഉപയോഗിച്ചാണ് യാത്ര… അത്യാവശ്യം നല്ല സ്പീഡ്… കുളിര് കോരുന്നു.. കൂടെ ചെറിയ ഭയവും .. തിരകൾ എങ്ങാനും പൊക്കി കൊണ്ട് പോവുമോ .. കുറെ ദൂരം മുന്നോട്ടു പോയി .. എവിടെയോ വച്ച് കടലിൽ പാറകൂട്ടങ്ങൾക്കുള്ളിൽ അരിവാൾ ചുറ്റിക നക്ഷത്ര പ്രതിമ കണ്ടു … അല്ലെങ്കിലും വിപ്ലവനായകൻമാരുടെ നാടല്ലേ കണ്ണൂർ .. അതേ ആവേശത്തിൽ തിരിച്ചുപോരുമ്പോൾ ദാ.. കടലിലൊരു പോലീസ് …സ്പീഡ് കൂടിയതിനും കാർ തിരയിലേക്കിറക്കിയതിനും കുറെ ചീത്ത വിളിച്ചു. തൊട്ടടുത്ത് കാറ് മണലിൽ താഴ്ന്ന് ഒരു കുടുബം വിയർത്തു നിൽക്കുന്നു .. അവരും ഞങ്ങളെ പോലെ കാർ വെള്ളത്തിലിറക്കിയതാണ്.. ഓഫായി താഴ്ന്നു പോയി… ആ കലി പോലീസുകാരൻ തീർത്തത് ഞങ്ങളോടാണ്.. തിരിച്ചുപോരുമ്പോഴാണ് സെഞ്ചു ഡ്രൈവിംഗിൻ്റെ രഹസ്യം പറഞ്ഞു തന്നത് … ഓടിക്കുമ്പോൾ പെട്ടന്ന് ബ്രെയ്ക്ക് ചവിട്ടി സ്പീഡ് കുറയ്ക്കാൻ പാടില്ലാത്രെ … അതാണ് അവർക്ക് പറ്റിയത്. ഓടിച്ചു പരിചയം ഉള്ള അവൻ ഉണ്ടായതു കൊണ്ട് മുഴപ്പിലങ്ങാട് ബീച്ച് ഡ്രൈവ് അതിൻ്റെ അങ്ങേയറ്റം ആസ്വദിക്കാൻ കഴിഞ്ഞു.

ചെമ്മരത്തി തറയിൽ ദീപം തെളിഞ്ഞപ്പോൾ
ചെമ്മരത്തി തറയിൽ ദീപം തെളിഞ്ഞപ്പോൾ

അവിടെ നിന്ന് പാലക്കയം തട്ടിലേക്ക് പുറപ്പെടുമ്പോഴേക്കും മഴക്കാറുകൾ കുമിഞ്ഞുകൂടുന്നുണ്ടായിരുന്നു.

പോകുന്ന വഴിയിൽ കോഴിക്കോടുള്ള പ്രജീഷ്മാഷും കൂട്ടത്തിൽ ജോയിൻ ചെയ്തു … തലശ്ശേരി വഴി പിണറായിയും മട്ടന്നൂരും ഒക്കെ കണ്ട് പരിചയമില്ലാത്ത വഴികളിലൂടെ യാത്ര .. ഏതോ സ്ഥലത്ത് നിന്ന് പിന്നെ കുത്തനെആയി കയറ്റം… കാർ കിതക്കുന്നത് ഫീൽ ചെയ്ത് തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ ജീപ്പുകൾ വരിയായി കിടക്കുന്നത് കണ്ടു. .പെട്ടന്ന് പെരുംമഴയുടെ വരവായി … മഴ തോരും മാനം തെളിയും എന്ന പ്രതീക്ഷയിൽ രണ്ട് ജീപ്പിൽ വീണ്ടും മുകളിലേക്ക് ..പാലക്കയം തട്ടിൽ എത്തിയിട്ടും മഴ തോർന്നില്ല .. വല്ലാത്ത തിരക്കും. അപ്രതീക്ഷിത മഴയിൽ കുടയില്ലാതെ ആളുകളുടെ ബഹളം.ഇരുട്ടു വീണു കഴിഞ്ഞു. ജീപ്പിൽ നിന്ന് താഴെയിറങ്ങാതെ തന്നെ തിരിച്ചു പോരേണ്ടി വന്നു. നിരാശ തീർക്കാൻ എല്ലാവരും കൂടി MRA യിൽ കയറി ഒരു ഒന്ന് ഒന്നര ഫുഡിംഗ് ആയിരുന്നു. കുഴിമന്തി ബിരിയാണി ആദ്യമായി രുചിച്ചത് അവിടെ നിന്നാണ്. എന്തോ എനിക്കിഷ്ടായില്ല. തെയ്യം കാണാൻ തൃശൂർ നിന്ന് അന്ന് രാത്രിയിൽ നദിയയും അനീഷും എത്തിച്ചേർന്നു.

പിറ്റേന്നു രാവിലെ 5 മണിക്കാണ് കതിവനൂർ വീരൻ തെയ്യം. മട്ടന്നൂർ ഏതോ തറവാട് ക്ഷേത്രത്തിലേക്കാണ് പോവേണ്ടത്. പുലർച്ചെ മൂന്നു മണിക്ക് കുളിച്ച് ടൗണിൽ സാന്ദ്ര പറഞ്ഞ സ്ഥലത്തെത്തി. ആ രാത്രിയിൽ തനിച്ച് വഴിയരികിൽ ഞങ്ങളെ കാത്ത് നിൽക്കുന്ന അവരെ കണ്ടപ്പോൾ ബഹുമാനമാണ് തോന്നിയത്… നേരേ മട്ടന്നൂരിലേക്ക് .. ഇരുട്ട് ആയതു കൊണ്ട് ക്ഷേത്രത്തിലെത്താൻ വഴിയറിയാതെ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടെങ്കിലും ചെറിയ മൺറോഡുകളൊക്കെ പിന്നിട്ട് അവസാനം 5 മണിയോടെെ തെയ്യം നടക്കുന്ന ക്ഷേത്രത്തിൽ എത്തി..

ക്ഷേത്ര മുറ്റത്ത് എത്തിയപ്പോൾ കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. സ്വന്തമായി വാഹനമില്ലാത്തവർക്ക് എത്തിപ്പെടാൻ പ്രയാസമായ ആ ഉൾപ്രദേശത്ത് വിദേശികൾ അടക്കം ഒരുപാട് പേർ സ്ഥാനം പിടിച്ചിരിക്കുന്നു… ഫോട്ടോഗ്രാഫർമാരെ തടഞ്ഞ് നടക്കാൻ സ്ഥലം ഇല്ല ..നാട്ടുകാർക്കിരിക്കാൻ പന്തലിട്ടിട്ടുണ്ട് കസേരയും. കോവിലിനോട് തൊട്ടടുത്ത് നിൽക്കുന്ന വീടിൻ്റെ ചവിട്ടുപടിയിൽ അല്പം സ്ഥലം പിടിച്ച് ഞാനും ഇരുന്നു. ആദ്യം ഗുളികൻ തെയ്യം ആയിരുന്നു ആടിയത്.. നീണ്ട മുടിയഴിച്ചിട്ട്… മുഖം മൂടിവച്ച് .. കാലിൽ തളയിട്ട്: കുരുത്തോല പാവാടയും ആഭരണങ്ങളുമണിഞ്ഞ് ഗുളികൻ നിറഞ്ഞാടി.. തലയുടെ പുറകിൽ കിരീടം പോലെ കാണപ്പെട്ട കുരുത്തോല കൊണ്ടുള്ള അലങ്കാരത്തിന് കാവിനെക്കാളും ഉയരമുണ്ടായിരുന്നു. അത് വീഴാതെ കോലം കെട്ടി തുള്ളിയാടുന്നതു കണ്ടാൽ അത്ഭുതം കൊണ്ട് നോക്കി നിന്നു പോകും. അവസാനം ഒരു പീഢത്തിലിരുന്ന് ഭക്തരെ അനുഗ്രഹിക്കുന്ന ദൈവത്തിനടുത്തു പോയി ഞാനും അനുഗ്രഹം വാങ്ങി..

ഓലകൊണ്ട് കെട്ടിമറച്ച് തുണികൊണ്ട് വാതിലിൽ മറച്ച ഷെഡ്ഡിനുള്ളിൽ കതിവനൂർ വീരൻ്റെ തെയ്യം ചമയം തീർക്കുന്നുണ്ടെന്ന് ഗംഗേട്ടൻ പറഞ്ഞു.. തുണിമറ കാറ്റത്തു പറന്നപ്പോൾ പതിയെ ഒന്ന് എത്തി നോക്കി. ചുവന്ന മുഖത്തെ രണ്ട് കറുത്ത കണ്ണുകളാണ് ആദ്യം കണ്ടത്… കാലിൽ തളകൾ ..മേലാകെ ഭസ്മം പൂശിയ ചുവന്ന തെയ്യം.. മനോഹരമായ അലങ്കാരങ്ങൾ… കതിവനൂർ വീരൻ …. കളിയാട്ടത്തിലെ സുരേഷ് ഗോപിയുടെ തെയ്യമാണ് ഓർമ്മയിൽ വന്നത്… എന്തൊരു ഗാംഭീര്യം.:കൂടുതൽ കാണാൻ കഴിഞ്ഞില്ല കർട്ടൻ കാഴ്ചമറച്ചു ..

കതിവനൂർ വീരനെക്കുറിച്ച് അല്പം ചുരുക്കി പറയാതെ തെയ്യത്തെ പറ്റി എഴുതാൻ കഴിയില്ല … കണ്ണൂർ ജില്ലയിലെ മങ്ങാട് എന്ന സ്ഥലത്തെ മണിഗ്രാമത്തിൽ കുമാരപ്പനും ചക്കിയമ്മക്കും ചുഴലി ഭഗവതിയുടെ അനുഗ്രഹത്താൽ കാത്തിരുന്നു ലഭിച്ച കൺമണി ആയിരുന്നു മന്ദപ്പൻ.നല്ല മെയ് വഴക്കമുള്ള കായികാഭ്യാസിയും നായാട്ട് കളരിപ്പയറ്റ് എന്നിവയിൽ സാമർത്ഥ്യം തെളിയിച്ചവനുമായിരുന്നു മന്ദപ്പൻ. എന്നാൽ കടുത്ത മദ്യപാനി ആയിരുന്ന മന്ദപ്പന് ജോലി ചെയ്യാൻ ഒരു താൽപര്യവും ഉണ്ടായിരുന്നില്ല. ഉപദേശിച്ചിട്ടും വഴക്കു പറഞ്ഞിട്ടും നന്നാവാത്ത മന്ദപ്പനെ അവസാനം വീട്ടിൽ നിന്നിറക്കി വിട്ടു. കൂട്ടുകാരോടൊപ്പം കുടക് മലയിലേക്ക് പോയ അദ്ദേഹത്തെ ഒരു ബാധ്യതയായി കണ്ട് മദ്യം കൊടുത്ത് മയക്കി സുഹൃത്തുക്കൾ വഴിയിൽ ഉപേക്ഷിച്ചു. കൂട്ടുകാർ കൈവിട്ടത് മനസ്സിലാക്കിയ മന്ദപ്പൻ തനിയെ കുടക്മല കയറുകയും കതിവനൂർ എന്ന സ്ഥലത്തെ അമ്മാവൻ്റെ വീട്ടിലെത്തുകയും ചെയ്തു.. അമ്മാവനും അമ്മായിയും മന്ദപ്പനെ മകനായി സ്വീകരിച്ചു. അമ്മാവനെ കൃഷിയിൽ സഹായിച്ചും ആയോധനമുറകൾ അഭ്യസിക്കുകയും ചെയ്ത മന്ദപ്പൻ ഒരിക്കൽ ചന്തയിൽ വച്ച് കണ്ട ചെമ്മരത്തിയെ രക്ഷാകർത്താക്കളുടെ അനുഗ്രഹത്തോടെ കല്യാണം കഴിച്ചു.. സന്തുഷ്ടമായ ദാമ്പത്യത്തിൽ പതുക്കെ പ്രശ്നങ്ങൾ വരാൻ തുടങ്ങി… വീട്ടിലെത്താൻ വൈകുന്ന മന്ദപ്പനെ ചെമ്മരത്തി സംശയിക്കാനും തുടങ്ങി… ഒരു ദിവസം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ കുടക് പട ആക്രമിക്കാൻ വരികയും പടക്കൊരുങ്ങി പുറത്ത് കടന്ന അദ്ദേഹത്തിൻ്റെ തലചുവരിലിടിച്ച് രക്തം വരികയും ചെയ്തു. സ്വന്തം രക്തം കണ്ട് യുദ്ധത്തിനിറങ്ങിയാൽ വധിക്കപ്പെടും എന്ന ചെമ്മരത്തിയുടെ ശാപവചനവും കേട്ട് പടക്കിറങ്ങിയ അദ്ദേഹം കുടക് പടയെ അരിഞ്ഞു വീഴ്ത്തി.. എന്നാൽ യുദ്ധം ജയിച്ച് വരുന്ന മന്ദപ്പനെ കുടകുപട മറഞ്ഞിരുന്ന് ചതിച്ചു വീഴ്ത്തി. തൻ്റെ ശാപവാക്കുകൾ സത്യമായി ഭവിച്ചതിൽ മനംനൊന്ത് ചെമ്മരത്തി അദ്ദേഹത്തിൻ്റെ ചിതയിൽ ചാടി ജീവനൊടുക്കി എന്നു പറയുന്നു. സംസ്കാര സമയത്ത് അമ്മാവൻ്റെ മകനായ അണ്ണൂക്കന് മന്ദപ്പനെയും ചെമ്മരത്തിയേയും കെട്ടിയാടാൻ വെളിപാടുണ്ടാകുകയും കോലം കെട്ടി തുള്ളിയാടുന്ന തെയ്യത്തെ കതിവനൂർ വീരൻ എന്ന് നാമകരണം ചെയ്യുകയും ചെയ്തു എന്നാണ് ഐതിഹ്യം. 32 തിരി കത്തിച്ച ചെമ്മരത്തി തറയ്ക്കു ചുറ്റുമാണ് തെയ്യം ആടി തിമിർക്കുന്നത്. ഇത് വീടാണെന്നാണ് സങ്കൽപ്പം . ആരോഗ്യവാനായ ഭർത്താവിനെ ലഭിക്കാൻ പെൺകുട്ടികൾ തെയ്യത്തെ വണങ്ങാറുണ്ട്.

തെയ്യം ആരംഭിക്കാറായി. ചതുരാകൃതിയിലുള്ള ചെമ്മരത്തി തറയിലെ തിരികൾ തെളിഞ്ഞു. ലൈറ്റുകൾ അണഞ്ഞു. ചൂട്ടിൻ്റെ പ്രകാശം മാത്രം.. കത്തിയ ചൂട്ടുകൾക്ക് മുകളിലൂടെ അലറി കൊണ്ട് തെയ്യം ചാടി വരികയാണ്.. വല്ലാത്തൊരു കാഴ്ച തന്നെ … ചെമ്മരത്തി തറയ്ക്കു ചുറ്റും തെയ്യം ആടി തിമിർത്തു .. ഭക്തരെ അനുഗ്രഹിച്ചു … തെയ്യത്തിന് ഭംഗി വേണമെങ്കിൽ മെയ് വഴക്കം ഉള്ളയാൾ തെയ്യം കെട്ടണം എന്ന് കേട്ടത് അക്ഷരാർത്ഥത്തിൽ ശരിയായി തോന്നി.. സൂര്യനുദിക്കുന്നതു വരെ അഭ്യാസപ്രകടനം തുടർന്നു.തുടർന്ന് പീഢത്തിൽ വിശ്രമമായി…

ഞങ്ങൾ തിരിച്ചു പോകാൻ ഒരുങ്ങുമ്പോഴും തെയ്യം കാവിലുണ്ടായിരുന്നു … അന്ന് വൈകീട്ടേ വേഷം അഴിക്കുകയുള്ളെത്രെ. ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങളാണ് തെയ്യങ്ങൾ…

അവിടെ നിന്ന് തിരിച്ച് നേരേ പോയത് മുഴകുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലേക്കാണ്. പരുശുരാമൻ പ്രതിഷ്ഠിച്ചതാണെന്ന് വിശ്വസിക്കുന്ന അവിടുത്തെ പഞ്ചലോഹ വിഗ്രഹം കോടികൾ വിലമതിക്കുന്നതാണ് .. മൂന്നു പ്രാവശ്യം മോഷണത്തിന് ശ്രമിച്ചിട്ടും അതിന് സാധ്യമാകാതെ മോഷ്ടാക്കൾ വിഗ്രഹം ഉപേക്ഷിക്കുകയായിരുന്നെത്രെ. കവർന്ന വിഗ്രഹത്തിന് ഭാരം കൂടി വരികയും കള്ളൻമാർക്ക് സ്ഥലകാലബോധം നഷ്ടപ്പെടുകയും ചെയ്തെന്ന് അവർ സാക്ഷ്യപ്പെടുത്തിയ കഥ DJP അലക്സാണ്ടർ ജേക്കബ് IPS ആണ് പുറം ലോകത്തെ അറിയിച്ചത്. അതോടെ അധികമാരും ശ്രദ്ധിക്കപ്പെടാതെ കിടന്ന ക്ഷേത്രം ഇന്ന് ഒരു പാട് ഭക്തരുടെ ആശാകേന്ദ്രമായി മാറിയിരിക്കുന്നു.

മുഴക്കുന്ന് ഭഗവതിയെയും കണ്ട് ശിക്ഷക് സദനിൽ തിരിച്ചെത്തുമ്പോൾ രഞ്ചി ക്രിസ്തുമസ്സ് കേക്ക് വാങ്ങി വന്നിട്ടുണ്ടായിരുന്നു .. കേക്ക് മുറിച്ച് മധുരം പങ്കിട്ട് ഉച്ചയോടെ തിരിച്ച് തൃശൂരിലേക്ക് … കതിവനൂർ വീരനെ കണ്ട ആത്മനിർവൃതിയിൽ…