ബ്രാഹ്മണ്യത്തിന്റെ, ചാതുർ വർണ്യതിന്റെ ഉച്ച നീച്ചത്വങ്ങൾക്ക്‌ എതിരെ ചോദ്യ ശരങ്ങൾ ഉയർത്തിയ ചണ്ടാലൻ

നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?

നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?

പിന്നെന്തെ ചൊവ്വറ് കുലം പിശക്ന്ന്?

തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ന്ന്!

Pottan theyyam – വടക്കൻ കേരളത്തിൽ കെട്ടിയാടിച്ച് വരുന്ന ഒരു തെയ്യമാണ് പൊട്ടൻ തെയ്യം. ജാതീയ ഉച്ചനീചത്വങ്ങൾ വളരെ ശക്തമായിരുന്ന കാലത്ത് മനുഷ്യരെല്ലാം സമന്മാരാണെന്നു വിളിച്ചുപറയാൻ ധൈര്യം കാട്ടിയ ഒരു കീഴ് ജാതിക്കാരന്റെ ഐതിഹ്യമാണു പൊട്ടൻ തെയ്യത്തിനു പിറകിലുള്ളത് .

പൊട്ടൻ തെയ്യം മലയൻ, പുലയൻ, ചിറവൻ, പാണൻ തുടങ്ങി പല സമുദായക്കാരും കെട്ടാറുണ്ട്.തീയിൽ വീഴുന്ന പൊട്ടനും, തീയിൽ വീഴാത്ത പൊട്ടനും ഉണ്ട്.ഉത്തരം പറയാൻ കഴിയാത്ത ചോദ്യങ്ങൾ ചോദിച്ച് കുഴക്കുന്ന ഒരാളെ പൊട്ടൻ എന്നു മുദ്രകുത്തി തന്ത്രപൂർവം ഒഴിഞ്ഞുമാറുന്നതിനാലും, പറയേണ്ട കാര്യങ്ങളെല്ലാം തമാശയും കാര്യവും കൂട്ടിക്കുഴച്ച് പറഞ്ഞ് ഫലിപ്പിക്കുന്ന പൊട്ടങ്കളി കളിക്കുന്നതുകൊണ്ടും ആയിരിക്കാം ഈ ശൈവശക്തിയുള്ളതായി കണക്കാക്കുന്ന തെയ്യത്തിനു ഈ പേർ വന്നത്.

pottan theyyam arun nath

പൊട്ടൻ തെയ്യം തോറ്റം പാട്ട്‌ – Pottan Theyyam Thottam Pattu in Malayalam                                                             

 പൊലിക  പൊലിക പൊലിക ജനമേ…

പരദൈവം പൊലിക കാപ്പന്ത പൊലിക

പന്തൽ പൊലിക പതിനാറഴകിയ

കാപ്പന്തൽ പൊലികാ…….

മുപ്പത്ത് മൂന്ന് മരം നട്ട കാലം….

അമ്മരം പൂത്തൊരു പൂവുണ്ടെൻ കൈമേൽ

പൂവും പുറിച്ചവർ നാർ തേടിപ്പോമ്പോ

പൂവൊടുടൻ ആരൊടുടൻ ചെന്നുകൊള്ളാം

തിരി തിരി തിരി തിരി തിരി തിരി പുലയാ….

വഴി തിരി തിരി തിരി കള്ളപ്പുലയാ……

തിരി തിരിയെന്ന് തിരിയാൻ പറഞാൽ

തിരിവാനും പാരം വില്യുണ്ടെനിക്ക്,

അങ്ങെല്ലാം കാടല്ലോ ഇങ്ങെല്ലാം മുള്ള്

എങ്ങനെ അടിയൻ വഴിതിരിയേണ്ടൂ?

അക്കരയുണ്ടൊരു തോണികടപ്പാൻ

ആളുമണിയായിക്കടക്കും കടവ്

ഇക്കരവന്നിട്ടണയുമാത്തോണി

അപ്പോഴേ കൂടക്കടക്കയ്യും വേണം

തക്കമറിഞ്ഞു കടന്നുകൊണ്ടാൽ

താനേ കടക്കാം കടവുകളെല്ലാം

ആറും കടന്നിട്ടക്കരച്ചെന്നാൽ

ആനന്ദമുള്ളോനെ കാണാൻ പോലന്നേ….

നാൻ തന്ന തോണി കടന്നില്ലേ നിങ്കള്

തോണിക്കകത്ത് നീർ കണ്ടില്ലെ ചൊവ്വറ്?

നാൻ തന്ന തേങ്ങ്യുടച്ചില്ലേ നിങ്കള്?

തേങ്ങ്കകത്ത് നീർ കണ്ടില്ലേ ചൊവ്വറ്?

നാങ്കളെ കുപ്പയിൽ നട്ടൊരു വാഴ-

പ്പഴമല്ലേ നിങ്കളെ തേവന് പൂജ?

നാങ്കളെ കുപ്പയിൽ നട്ടൊരു തൃത്താ-

പ്പോവല്ലോ നിങ്കടെ തേവന്ന് മാല

പൂക്കൊണ്ട് മാലതൊടുക്ക്വല്ലോനുങ്കള്

പൊൽകൊണ്ട് മാൽ തൊടുക്ക്വല്ലോ നാങ്കൾ

ചന്ദനം ചാർത്തി നടക്ക്വല്ലോനുങ്കൾ

ചേറുമണിഞ്ഞ് നടക്കുമീ നാങ്കൾ

വീരളിചുറ്റി നടക്ക്വല്ലോനുങ്കൾ

മഞ്ചട്ടി ചുറ്റി നടക്കുമേ നാങ്കൾ

വാളും പലിശയും എടുക്ക്വല്ലേനുങ്കൾ

മാടിയും കത്തിയും എടുക്കുമേ നാങ്കൾ

പൂക്കുട ചൂടി നടക്ക്വല്ലെനുങ്കൾ

പൂത്താലി ചൂടി നടക്ക്വല്ലോ നാങ്കൾ

ആനപ്പുറങ്കേറി നിങ്കൾ വരുമ്പോ

പോത്തിൻ പുറങ്കേറി നാങ്കൾ വരുമേ!!

നിങ്കൾ പലർകൂടി നാട് പഴുക്കും

നാങ്കൽ പലർകൂടി തോട് പഴുക്കും

നിങ്കൽ പലർകൂടി മോലോത്ത് പൊമ്പോ

നാങ്കൾ പലർകൂടി മന്നത്ത് പോകും

“നീങ്കളും നാങ്കളും ഒക്കും!” :

നീങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?

നാങ്കളെക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ്?

പിന്നെന്തെ ചൊവ്വറ് കുലം പിശക്ന്ന്?

തീണ്ടിക്കൊണ്ടല്ലേ കുലം പിശക്ന്ന്!

എല്ലെല്ലക്കൊയിൽ കുല പിശകൂലം

മാപ്പിളക്കൊയിൽ കുലം പിശകഏണ്ട്!

പെരിയോന്റെ കോയീക്കലെല്ലാരും ചെന്നാൽ

അവിടെക്ക് നീങ്കളും നാങ്കളുമൊക്കും!