വാവ് എന്നാൽ ഗുജറാത്തിയിൽ കിണർ എന്ന് അർത്ഥം. റാണി കി വാവ് - റാണി നിർമ്മിച്ച കിണർ. അഹമ്മദാബാദിൽ നിന്നും 130 km ദൂരെ പത്താൻ ജില്ലയിലാണ് ഈ ചരിത്ര സ്മാരകം സ്ഥിതി ചെയ്യുന്നത്. 1068 ൽ സോളങ്കി രാജവംശത്തിന്റെ സ്ഥാപകൻ ആയിരുന്ന ഭീം ദേവ് ഒന്നാമന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണിയാണ്  ഈ കിണർ നിർമ്മിച്ചത്. ഭാര്യയുടെ ഓർമ്മക്കായി വലിയൊരു സ്മാരകം പണിത നാട്ടിൽ ഇതൊരു വ്യത്യസ്ത കിണർ സ്മാരകം. 
rani ki vav 02

യുനെസ്കോയുടെ ചരിത്ര സ്മാരക ലിസ്റ്റിൽ ഇടം പിടിക്കുകയും, നൂറു രൂപ നോട്ടിൽ സ്ഥാനം നേടുകയും ചെയ്തു എന്നത് റാണി കി വാവിന്റെ ചരിത്ര പ്രാധാന്യം വ്യക്തമാക്കുന്നു. റാണി കി വാവ് വെറുമൊരു പടവ് കിണർ അല്ല. 64 മീറ്റർ നീളവും 20 മീറ്റർ വീതിയിലും 7 നിലകളിലായി താഴെക്ക് പണിതിരിക്കുന്ന വിസ്മയ നിർമ്മിതിയാണ്. ജല ലഭ്യതക്ക് വേണ്ടിയും, സുരക്ഷക്കും, വിശ്രമത്തിനും ഈ ഏഴു നില മാളിക പല കാലത്തായി ഉപയോഗിച്ച് വന്നിരുന്നു.

rani
           1980 ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഖനന പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണിനടിയിൽ പെട്ട സ്മാരകം  വീണ്ടെടുക്കുകയായിരുന്നു. അങ്ങിനെ പുറം ലോകം കാണാതെ കിടന്ന കിണറും ശില്‌പങ്ങളും കൊത്തുപണികളും മണ്ണിൽ നിന്നും ഉയർന്നു വന്നു. ദേവീ ദേവന്മാരുടെ അഞ്ഞൂറോളം ശില്പങ്ങൾ ഇവിടെ കാണാൻ കഴിയും. ദശാവതാരം ആണ് ശില്പങ്ങളിലെ പ്രധാന ആശയം. കിണറിന്റെ അവസാന ഭാഗത്തേക്ക് സന്ദർശകർക്ക് പ്രവേശനം ഇല്ല. ഏതു ചൂടു കാലത്തും തണുപ്പ് നിറഞ്ഞ നല്ലൊരു അന്തരീക്ഷം കിണറിലെ എല്ലാ നിലകളിലും അനുഭവപ്പെടും. പല നൃത്ത കലാപരിപാടികളും ഈ കിണർ മാളികയിൽ അരങ്ങേറിയിരുന്നു.

ഗുജറാത്തിൽ പലയിടത്തും ജലക്ഷാമം ഉണ്ടായിരുന്നതായും അതിനൊരു പരിഹാരം എന്നോണം അന്നത്തെ രാജാക്കന്മാർ കണ്ടെത്തിയ മാർഗം ആയിരിക്കണം പടവു കിണറുകൾ. മനുഷ്യർ ദേശങ്ങൾ താണ്ടി യാത്ര ചെയ്തിരുന്ന കാലത്ത് അവർക്ക് താമസിക്കാനും ക്ഷീണം അകറ്റി യാത്ര തുടരാനും ഇത്തരം നിർമ്മിതികൾ സഹായിച്ചിട്ടുണ്ടാകും. ഇതുപോലെ വേറെയും കിണറുകൾ അക്കാലത്ത് നിർമ്മിച്ചിരുന്നു. അത്തരം ഒന്നു കൂടി കാണാൻ ആയിരുന്നു അടുത്ത യാത്ര.