4,000 കിമീ.. വാരണാസിയിൽ നിന്നു ധാക്ക വഴി അസമിലേക്ക്.. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീയാത്രക്ക് തുടക്കമായി

IMG 20230117 WA0045

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് നദികളായ ഗംഗ, ബ്രഹ്മപുത്ര എന്നിവയിലൂടെ 4,000 കിലോമീറ്റർ സഞ്ചരിക്കുന്ന ഗംഗാ വിലാസിന്റെ യാത്രയിൽ വാരണാസിയിൽ നിന്ന് ബംഗ്ലാദേശ് വഴി ദിബ്രുഗഡിലേക്ക് പോകും. ഇന്ത്യ-ബംഗ്ലാദേശ് പ്രോട്ടോക്കോൾ റൂട്ട് വഴിയാണ് ഈ പദ്ധതി സാധ്യമാക്കിയതെന്ന് കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ ട്വീറ്റ് ചെയ്തു.

ഗംഗാ വിലാസ് ക്രൂയിസ് എന്ന് വിളിക്കപ്പെടുന്ന ഈ യാത്ര ഉത്തർപ്രദേശിലെ വാരണാസി, കൊൽക്കത്ത,അസം, ബംഗ്ലാദേശിലെ ധാക്ക എന്നിവിടങ്ങളിലൂടെ യാത്ര കടന്നു പോകും.

അവിസ്മരണീയമായ പല കാഴ്ചകൾക്കും യാത്രാനുഭവങ്ങൾക്കും സാക്ഷ്യം വഹിക്കുവാൻ സാധിക്കുന്ന തരത്തിലാണ് യാത്ര. വാരണാസിയില്‍ നിന്നും ഗംഗാ ആരതിക്ക് സാക്ഷ്യം വഹിച്ചു തുടങ്ങുന്ന യാത്രയിൽ സുന്ദർബൻസ് ഡെൽറ്റ, കാസിരംഗ നാഷണൽ പാർക്ക്, ദുർമന്ത്രവാദത്തിന്‍റെ നാടായ ‘മയോങ്’ എന്നിവിടങ്ങളാണ് യാത്രയിലെ ഹൈലൈറ്റ്.വാരണാസിയിൽ നിന്ന് യാത്ര ചെയ്ത് എട്ടാം ദിവസം ബക്‌സർ, രാംനഗർ, ഗാസിപൂർ എന്നിവിടങ്ങളിലൂടെ പട്‌നയിലെത്തും. ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ക്രൂയിസ് ബംഗ്ലാദേശിൽ ഏകദേശം 1,100 കിലോമീറ്റർ സഞ്ചരിക്കും.

വാരണാസിയിൽ നിന്ന് ദിബ്രുഗഢിലേക്ക് 50 ദിവസത്തെ ദൈർഘ്യമേറിയ നദി യാത്രയിൽ 27 നദീതടങ്ങളെ ഉൾക്കൊള്ളുകയും ലോക പൈതൃക സ്ഥലങ്ങൾ ഉൾപ്പെടെ 50 ലധികം വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയും ചെയ്യും. 50 യാത്രക്കാർക്കാണ് ഈ യാത്രയിൽ പങ്കെടുക്കുവാൻ അവസരമുണ്ടാവുക.