മോട്ടോർ വാഹനങ്ങൾക്ക് മാത്രമല്ല, സൈക്കിളിനും ലൈസൻസ് വേണ്ടിയിരുന്ന കാലവും നമ്മെ കടന്നു പോയിട്ടുണ്ട്.
അധികാരികൾ സൈക്കിൾ നിരത്തിലിറക്കാൻ ലൈസൻസ് നിബന്ധന വെച്ചിരുന്ന കാലം.

പഞ്ചായത്തുകളിൽ നിന്നും സൈക്കിളിന് ലൈസൻസ് ഫീസ് അടച്ചതിന് ശേഷമേ ഓടിക്കുവാൻ കഴിയുകയുള്ളായിരുന്നു. റോഡിലൂടെ ലൈസൻസ് ഇല്ലാത്ത സൈക്കിൾ ഓടിച്ചാൽ പിഴയടക്കേണ്ടിയിരുന്ന കാലം.

അന്ന് സൈക്കിൾ ഓടിക്കുന്നത് ഒരു ഗമയായിരുന്നു. പോലീസുകാരും, സർക്കാരുദ്യോഗസ്ഥരും, അധ്യാപകരും സൈക്കിൾ സ്വന്തമായി ഉപയോഗിക്കുമായിരുന്നു. അല്ലാത്തവർക്കും, വിദ്യാർത്ഥികൾക്കും വാടകയ്ക്ക് അന്ന് സൈക്കിൾ കിട്ടുമായിരുന്നു. മണിക്കൂറിൽ അര സൈക്കിളിന് ഇരുപത് പൈസയും, വലിയ സൈക്കിളിന് നാല്പത് പൈസയും. പ്രണയം കാമുകിയെ പോലെ സൈക്കിളിനോടുമുണ്ടായ കാലം.

ഹെർക്കുലീസും, റാലിയുമായി പഞ്ചായത്ത് റോഡിലൂടെ സവാരി നടത്തുന്ന കഴിഞ്ഞ കാലം. വീട്ടിലെ കാർന്നോർമാർ ഉപയോഗിച്ചിരുന്ന സൈക്കിൾ മക്കൾക്കും പിന്നീട് അവരുടെ മക്കൾക്കും തലമുറയായി കൈമാറ്റം ചെയ്തിരുന്ന നാളുകൾ.

      1985 ൽ പോലും സൈക്കിളിന് പഞ്ചായത്തു ലൈസൻസ് എന്ന നിയമം നിലനിന്നിരുന്നു. സൈക്കിളിൽ രാത്രി ലൈറ്റില്ലാതെ ഓടിക്കുകയോ, ഡബിൾസ് കയറ്റുകയോ ചെയ്താൽ യജമാനന്മാർക്ക് ശിക്ഷിക്കുവാനുള്ള വകുപ്പുമുണ്ടായിരുന്നു.

കാലാന്തരത്തിൽ സൈക്കിളിന് ലൈസൻസ് വേണ്ടാതായി. സൈക്കിൾ തന്നെ വേണ്ടാതായി.. വിറകുപുര എന്നത് സൈക്കിൾ ആക്രിക്കാരന് കൊടുക്കുന്നതുവരെ സൂക്ഷിക്കുവാനുള്ള ഇടമായി. സൈക്കിൾ വാടകയ്ക്ക് കൊടുക്കുന്ന കടകൾ മഷിയിട്ട് നോക്കിയാൽ പോലും കാണില്ലയിന്ന്. സൈക്കിൾ റിപ്പയറിങ്ങ് ഷോപ്പുകൾ കാലഹരണപ്പെട്ടു.
ഇന്നത്തെ തലമുറയ്ക്ക് അന്നൊക്കെ സൈക്കിൾ ഓടിക്കുവാൻ പഞ്ചായത്തിൽ രജിസ്ട്രർ ചെയ്ത് ലൈസൻസ് എടുക്കേണ്ടിയിരുന്നു എന്ന കേട്ടറിവുപോലുമുണ്ടാകില്ല.
എന്റെ ചെറുപ്പകാലത്ത്
ഞാൻ ചവുട്ടിയിരുന്ന എന്റെ പിതാവിന്റെപിതാവിന്റെ “”റോബിൻ ഹുഡ് ”
സെക്കിളിന്റെ തിരുവതാംകൂർ കൊച്ചിയുടെ ടാക്സ് ടോക്കൺ താഴെ ചേർക്കുന്നു , അതിൽ സൈക്കിളിന്റെ മെയ്ക്കും , ചെയ്സ് നമ്പരും , ഉടമസ്ത്ഥന്റെ വിലാസവും സൈക്കിൾ പാർക്ക് ചെയ്യുവാനുള്ള സ്ഥലവും , പുറകിൽ 2 രൂപ ടാക്സും രേഖപെടുത്തിയിരിക്കുന്നതും കാണാം..