ചിലവേറുന്ന ഭൂട്ടാന് യാത്ര, ആനുകൂല്യങ്ങള്‍ ഇനിയില്ല.തങ്ങുന്ന ഓരോ ദിവസത്തിനും 15 ഡോളര്‍ വീതം.
വ്യത്യസ്തമായ കാഴ്ചയും ജീവിതരീതികളും ആചാരങ്ങളുമുള്ള ഭൂട്ടാന് ഇന്ത്യന്‍ സഞ്ചാരികളെ എന്നും ആകര്‍ഷിച്ചിട്ടേയുള്ളൂ. വലിയ നൂലാമാലകളില്ലാതെ എളുപ്പത്തില്‍ എത്തിച്ചേരുവാന്‍ കഴിയുമെന്നതും കുറഞ്ഞ ചിലവുമായിരുന്നു നമ്മളെ ഭൂട്ടാന് യാത്രകള്‍ക്കു പ്രേരിപ്പിച്ചിരുന്ന രണ്ടു കാര്യങ്ങള്‍. സന്തോഷത്തിന്റെ രാജ്യമായ ഭൂട്ടാന് നീണ്ട രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കുവാനൊരുങ്ങുകയാണ്. സെപ്റ്റംബര്‍ 22 മുതല്‍ ഭൂട്ടാന് അന്താരാഷ്ട്ര സഞ്ചാരികലെ സ്വാഗതം ചെയ്തുതുടങ്ങും. എന്നാല്‍ മുന്പത്തേപോലെ കുറഞ്ഞ ചിലവില്‍ ഇനി ഭൂട്ടാനിലേക്കുള്ള യാത്രകള്‍ ചിലവു കുറഞ്ഞതായിരിക്കില്ല. രാജ്യത്തെത്തുന്ന സഞ്ചാരികള്‍ക്കായി ചില അധിക ഫീസുകള്‍ ചുമത്തിയിരിക്കുകയാണ് ഭൂട്ടാന്. എന്തൊക്കെയാണ് ഈ അധിക ഫീസ് എന്നും അത് ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളെ എങ്ങനെ ബാധിക്കുമെന്നും നോക്കാം.

സുസ്ഥിര വികസന ഫീസ്
സുസ്ഥിര വികസന ഫീസ് അഥവാ സസ്റ്റെയ്നബിള്‍ ഡെവലപ്മെന്റ് ഫീസ് (എസ്ഡിഎഫ്) എന്ന പേരിലാണ് ഭൂട്ടാന് പുതിയ ഫീസ് അവതരിപ്പിച്ചിരിക്കുന്നത്. ഭൂട്ടാനിലെത്തുന്ന എല്ലാ വിദേശികള്‍ക്കും ബാധകമായ ഈ ഫീസില്‍ പക്ഷേ, ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇളവുകളുണ്ട്. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ രാജ്യത്ത് വിനോദ സഞ്ചാരിയായി തങ്ങുന്ന ഓരോ ദിവസത്തിനും 15 യുഎസ് ഡോളര്‍ വീതമാണ് ഈ ഫീസിനത്തില്‍ മാത്രം നല്‍കേണ്ടി വരിക. അതായത് ഒരു ദിവസം തങ്ങുന്നതിന് ഏകദേശം 1200 രൂപ. , ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇന്ത്യയുടെ അതേ നിരക്കായ 15 യുഎസ് ഡോളറാണ്. എന്നാല്‍, ഇത് മൂന്നുമല്ലാത്ത മറ്റു വിദേശരാജ്യങ്ങളില്‍ നിന്നും ഭൂട്ടാന് സന്ദര്‍ശിക്കുന്നവര്‍ക്ക് സുസ്ഥിര വികസന ഫീസായി തങ്ങുന്ന ഒരു ദിവസത്തിന് 200 യുഎസ് ഡോളര്‍ വീതമാണ് നല്‍കേണ്ടത്. ഇത് ഏകദേശം 16,000 ഇന്ത്യന്‍ രൂപ വരും. കുട്ടികളില്‍ ആറു വയസ്സുവരെ പ്രായമുള്ളവരെ ഈ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആറിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ളവർ 600 രൂപ ഫീസ് അടയ്ക്കേണ്ടിവരും. 12 വയസ്സിന് മുകളിലുള്ളവരെ മുതിർന്നവരായി കണക്കാക്കും.
ഇതില്‍ താമസവും ഭക്ഷണവും ഉള്‍പ്പെടുമോ?
സുസ്ഥിര വികസന ഫീസ് എന്നത് രാജ്യത്തു തങ്ങുന്ന ഓരോ ദിവസത്തിനുമായി നല്‍കേണ്ടി വരുന്ന തുക തന്നെയാണ്. ഇതില്‍ ഭൂട്ടാനില്‍ സഞ്ചാരികളുടെ താമസം, ഭക്ഷണം, യാത്രകള്‍ തുടങ്ങിയ ഒന്നും ഉള്‍പ്പെട്ടിട്ടില്ല.

ചിലവേറുന്ന യാത്രകള്‍
സുസ്ഥിര വികസന ഫീസ് വരുന്നതോടെ ഭൂട്ടാന് യാത്രകള്‍ മുന്‍പത്തേതിനേക്കാള്‍ ചിലവുള്ളതായി മാറും. ഒപ്പം തന്നെ ഇവിടെ യാത്രക്കാര്‍ക്ക് ലഭ്യമായിരുന്ന കിഴിവുകളും എടുത്തുമാറ്റിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കും സംഘമായി വരുന്നവര്‍ക്കും ഫാം ടൂറിസത്തിനെത്തുന്നവര്ക്കും ഉണ്ടായിരുന്ന ആനുകൂല്യങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്. ഇതോടൊപ്പം വിമാനടിക്കറ്റ് നിരക്കിലുണ്ടായിരിക്കുന്ന വര്‍ധനവും ഭൂട്ടാന് യാത്രകളെ പ്രതികൂലമായി ബാധിക്കും.
നേരത്തയുള്ള ഫീസ് നിരക്ക്
ഇതുവരെ, മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ മറ്റ് പൗരന്മാർ നൽകേണ്ട ലെവിയിൽ നിന്ന് ഭൂട്ടാന് ഒഴിവാക്കിയിരുന്നു. മറ്റുള്ള രാജ്യങ്ങള്‍ക്ക് പീക്ക് സീസണിൽ ഒരാൾക്ക് പ്രതിദിനം $250 (20,000 രൂപ), കുറഞ്ഞ സീസണിൽ ഒരാൾക്ക് പ്രതിദിനം $200 (16,000 രൂപ)യും ആയിരുന്നു ഫീസ്. എന്നാല്‍ ഈ ഫീസില്‍ താമസം, ഭൂട്ടാനിലെ ഗതാഗതം, ഒരു ടൂറിസ്റ്റ് ഗൈഡ്, ഭക്ഷണവും മദ്യം ഇതര പാനീയങ്ങളും, പ്രവേശന ഫീസ്, $65 “ടൂറിസം ലെവി” അല്ലെങ്കിൽ “സുസ്ഥിര വികസന ഫീസ് (എസ്ഡിഎഫ്)” (നേരത്തെ സർക്കാരിന് “റോയൽറ്റി” എന്നറിയപ്പെട്ടിരുന്നു), കൂടാതെ ടൂറിസ്റ്റ് വിസയുടെ ഫീസ് എന്നിവ ഉള്‍പ്പെട്ടിരുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലവും ജൂൺ മുതൽ ആഗസ്ത് വരെയുള്ള മഴക്കാലവുമാണ് ഭൂട്ടാമിലെ തിരക്കുകുറഞ്ഞ സീസണ്.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക്
നേരത്തെ ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശ്, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ളവരെയും പ്രാദേശിക സഞ്ചാരികളായി കണക്കായിരുന്നു. അതിനാല്‍ ഇത്തരത്തിലുള്ള അധികം ചിലവുകളൊന്നും ബാധകമായിരുന്നില്ല. വിനോദസഞ്ചാരികൾക്ക് താമസത്തിനും ഭക്ഷണത്തിനും ഉൾപ്പെടെ അവരുടെ യാത്രാ ബജറ്റ് ക്രമീകരിക്കാനുള്ള സൗകര്യമുണ്ടായിരുന്നു.
11 ജില്ലകളിലേക്ക് ഈ ഫീസില്ല എന്നാല്‍ ജനപ്രീതി കുറഞ്ഞ കിഴക്കൻ ഭൂട്ടാനിൽ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് ഇവിടുത്തെ 11 ജില്ലകളിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികളിൽ നിന്ന് എസ്ഡിഎഫ് ഈടാക്കില്ല. ഈ ഇളവ് 2024 ഡിസംബർ വരെ തുടരും. അതിനുശേഷം ഇത് തുടരണോ എന്ന് പുതിയപുതിയ സർക്കാര്തീരുമാനിക്കും.