വിദേശ യാത്രികര്‍ക്കുണ്ടായിരുന്ന യാത്രാ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് ഫ്രാൻസ്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. നേരത്തെയുണ്ടായിരുന്ന കോവിഡ് സര്‍‌ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുക, യാത്രക്കാരന് വൈറസ് ബാധിച്ചിട്ടില്ലെന്ന് സത്യപ്രതിജ്ഞ സമർപ്പിക്കുക, ഫ്രാൻസിൽ എത്തുമ്പോൾ ആന്റിജൻ ടെസ്റ്റുകൾ നടത്തുമെന്ന് പ്രതിജ്ഞയെടുക്കുക തു‌ടങ്ങി എന്നിങ്ങനെ അന്താരാഷ്ട്ര യാത്രക്കാർക്ക് മുമ്പ് ബാധകമാക്കിയ എല്ലാ നിയമങ്ങളും ഫ്രാൻസ് എടുത്തുകളഞ്ഞു.

നേരത്തെ മാസ്ക് ധരിക്കുന്നതിന് ഏര്‍പ്പെ‌ടുത്തിയ നിബന്ധനകളും എടുത്തുമാറ്റിയിരുന്നു. എങ്കിലും നിങ്ങളുടെ സ്വന്തം സുരക്ഷയ്‌ക്കും അതുപോലെ മറ്റുള്ളവരുടെ, പ്രത്യേകിച്ച് ദുർബലരായ ആളുകളുടെ സുരക്ഷയ്‌ക്കും വേണ്ടി ചെറിയ അടച്ചിട്ട ഇടങ്ങളിലും വലിയ പൊതുയോഗങ്ങളിലും മാസ്‌ക് ധരിക്കാനുള്ള നിര്‍ദ്ദേശം നിലനില്‍ക്കുന്നുണ്ട്.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളിലുണ്ടായ വലിയ കുറവാണ് നിയന്ത്രണങ്ങള്‍ എടുത്തു കളയുന്നതിലേക്ക് രാജ്യത്തെ നയിച്ചത്. ഇതോടെ കൂടുതല്‍ അന്താരാഷ്ട്ര വിനോദ സഞ്ചാരികള‌ടക്കമുള്ളവരെ രാജ്യത്തെത്തിക്കുമെന്നും പ്രതീക്ഷിക്കുന്നു. നേരത്തെ വിദേശത്തേക്ക് യാത്ര ചെയ്യുന്ന എല്ലാവരും ഒന്നുകിൽ വിദേശത്തേക്ക് യാത്ര ചെയ്യുന്നതിന് നിർബന്ധിത കാരണം കാണിക്കുകയോ അല്ലെങ്കിൽ ഫ്രാൻസിന്റെ മെയിൻലാൻഡിൽ നിന്നോ അതിന്റെ വിദേശ പ്രദേശങ്ങളിൽ നിന്നോ അന്താരാഷ്ട്ര യാത്രയുടെ സർട്ടിഫിക്കറ്റ് വാങ്ങുകയോ ചെയ്യണമെന്ന് പഴയ നിയമം ആവശ്യപ്പെട്ടിരുന്നു. ഇതും നിലവില്‍ എ‌ടുത്തുമാറ്റിയി‌ട്ടുണ്ട്. ഇനി ഏതെങ്കിലും തരത്തില്‍ കൊവിഡ് ഭീഷണിയായാല്‍ രാജ്യം വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്നും അധികൃതർ പറഞ്ഞു.