🖤പറവൂർ ജൂതസിനഗോഗ്🖤

“ഗ്രാമഫോൺ “

വർഷങ്ങൾക്കു മുമ്പിറങ്ങിയ ആ ചലചിത്രം ഈയിടെ വീണ്ടും കണ്ടു.. ജന്മനാട്ടിലേയ്ക്ക് തിരിച്ചു പോകാനുള്ള ജൂതൻമാരുടെ അടങ്ങാത്ത അഭിവാഞ്ചയും പ്രണയവും ചേർത്തിണക്കിയൊരു പ്രണയകാവ്യം. സത്യത്തിൽ ഈ ചിത്രം തന്നെയാണ് ജൂതരെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ടാക്കിയത്.. ഈയടുത്ത് പറവൂർ ജൂതസിനഗോഗ് സന്ദർശിക്കാൻ അവസരവും ലഭിച്ചു. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി കേരളത്തിലെ ജൂതചരിത്രം അനാവരണം ചെയ്തു കൊണ്ട് ഇന്നത് മ്യൂസിയമായി സജ്ജീകരിച്ചിരിക്കുന്നു.

സിനഗോഗ്
സിനഗോഗ്

സുഹൃത്ത് ദിവ്യയോടും വിനേഷിനോടും കൂടെയായിരുന്നു പറവൂർ ചന്തയോട് ചേർന്ന് നിൽക്കുന്ന സിനഗോഗിലേക്ക് പോയത്..ആദ്യം അല്പം ജൂതചരിത്രം അറിഞ്ഞാലെ സിനഗോഗുകളെക്കുറിച്ച് പറയാൻ കഴിയൂ. പല കാലങ്ങളിലായി പ്രാചീന കേരളത്തിലെത്തിയ ജൂതർ കൊടുങ്ങല്ലൂരിനും പരിസരത്തുമായി വാസമുറപ്പിച്ചു. പള്ളികൾ പണിതു. രാജാവിൽ നിന്ന് പല ബഹുമതികളും നൽകപ്പെട്ട കച്ചവടക്കാരായിരുന്നു അവർ.. പതിയെ പതിയെ അവരുടെ സംസ്കാരത്തിൽ കേരളീയ സ്വാധീനം കടന്നുകൂടി .. ജൂത പള്ളികൾ ടിപ്പുവിൻ്റെയും പോർച്ചുഗീസ് ഡച്ച് ആക്രമണങ്ങൾക്കും വിധേയമായി കൊണ്ടിരുന്നു.. ഇസ്രായേൽ സ്വതന്ത്ര്യ രാഷ്ട്രം പിറന്നപ്പോൾ ജൂതന്മാർ കൂട്ടത്തോടെ അവരുടെ ജന്മനാടിലേക്ക് മടങ്ങുകയായിരുന്നു .

ആർക്ക്
ആർക്ക്

കൊച്ചി മഹാരാജ്യത്തിനു പുറത്തുള്ള കേരളത്തിലെ ഏക സിനഗോഗ് ആയിരുന്നു പറവൂർ സിനഗോഗ്. കേരളത്തിലെ ആദ്യ കുടിയേറ്റക്കാരായ മലബാറികൾ എന്ന പേരിലും അറിയപ്പെട്ട കറുത്തജൂതരുടെ സിനഗോഗ്.. കോളനി വാഴ്ച കാലത്ത് യൂറോപ്പിൽ നിന്നു വന്നവരാണ് വെളുത്ത ജൂതൻമാർ. മട്ടാഞ്ചേരി ജൂതപള്ളി വെളുത്തവരുടെ പർദേശി സിനഗോഗ് എന്ന പേരിലാണ് അറിയപ്പെടുന്നത്. വർണ്ണവിവേചനം അനുഭവിച്ചവരായിരുന്നു കറുത്തവർ.. രണ്ടു വിഭാഗങ്ങളും തമ്മിൽ സംഘർഷങ്ങളും പതിവായിരുന്നു. ജൂതപള്ളിയിൽ പ്രാർത്ഥന നടത്താൻ മിനിമം പത്തുപേർ വേണം എന്നതായിരുന്നു കണക്ക്.. മിനിയാൻ എന്നാണ് ഇതിൻ്റെ പേര്. ആളുകൾ ഇല്ലാതായപ്പോൾ പള്ളികളിൽ പ്രാർത്ഥന നിലച്ചു.അങ്ങനെ പറവൂർ പള്ളിയിലും പ്രാർത്ഥന നിലക്കുകയായിരുന്നു. ഇന്ന് കേരളത്തിൽ പ്രാർത്ഥന നടക്കുന്ന ഏക ജൂതപള്ളി മട്ടഞ്ചേരി സിനഗോഗ് ആണ്..

ബേമ.. ബാൽക്കണിയിലെ ബേമയും കാണാം
ബേമ.. ബാൽക്കണിയിലെ ബേമയും കാണാം

ഉൾനാടൻ ഗതാഗത മാർഗ്ഗത്തിനായി ഉപയോഗിച്ചിരുന്ന വലിയ കനാലുകളിൽ ഫിഷിംഗ് ബോട്ടുകൾ നിരന്നു കിടക്കുന്നു. ബോട്ടു ജട്ടിയുടെ അടുത്തായി മനോഹരമായ നടപ്പാത… കനാലിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങൾക്ക് ചുറ്റും തറകെട്ടി മോടിപിടിപ്പിച്ചിട്ടുണ്ട് .. ജൂതൻമാർ താമസിച്ചിരുന്ന സ്ഥലമായിരുന്നു ജൂത തെരുവ് ..മുൻവശത്ത് കടഭാഗവും പുറകിലും മുകൾ ഭാഗത്തും താമസിക്കാൻ യോഗ്യമായ തരത്തിലുള്ളതായിരുന്നു ജൂതരുടെ വീടുകൾ .. വാതിൽപ്പടിയിലെ മെസൂസയും മുൻവശത്ത് കൽവിളക്കുമാണ് ജൂത ഗൃഹങ്ങളുടെ പ്രത്യേകത . മതഗ്രന്ഥമായ തോറയിലെ വരികൾ എഴുതിയിട്ടുള്ള ചുരുളാണ് മെസൂസ. ജൂത വിശ്വാസമനുസരിച്ച് ആഴ്ച്ചയിൽ ഒരുദിവസം അധ്വാനത്തിലേർപ്പെടാതെ പ്രാർത്ഥനയും വിശ്രമവുമായി അവർ ജീവിച്ചു ..ശബാത്ത് എന്നായിരുന്നു ആ പുണ്യ ദിവസത്തെ വിളിച്ചിരുന്നത്. വെള്ളിയാഴ്ച അസ്തമയം മുതൽ ശനിയാഴ്ച അസ്തമയം വരെയാണ് ശബാത്ത് ആചരിച്ചിരുന്നത്. അന്നേ ദിവസം വള്ളികെട്ടി ജൂതത്തെരുവിലേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു.. അതിനുപയോഗിച്ചിരുന്ന കൽതൂണുകൾ ഇന്നും അവിടെയുണ്ട്.

ജൂത സിനഗോഗിലേക്ക് പ്രവേശിക്കുമ്പോൾ രണ്ട് മുറികളോടുകൂടിയ പടിപ്പുര’. അവിടെ നിന്നാണ് പ്രവേശനത്തിനുള്ള ടിക്കറ്റ് എടുക്കേണ്ടത്. പിന്നീട് വലിയ ഉരുണ്ട കൽ തൂണുകളോട് കൂടിയുള്ള ഇടനാഴിയാണ്. അസാറയിലേക്കാണ് അത് ചെന്നെത്തുന്നത്. സിനഗോഗിൻ്റെ പ്രധാന ഭാഗത്തിൻ്റെ മുൻവശത്തുള്ള ചെറിയ മുറിയാണ് അസാറ ..പാദരക്ഷകൾ അവിടെ അഴിച്ചു വയ്ക്കണം. പള്ളിക്കകത്ത് പാദരക്ഷകൾ പാടില്ല .. കേരളീയ സംസ്കാര സ്വാധീനങ്ങളിൽ ഒന്നായിരുന്നു അത്..

അസാറയിൽ ജൂത ജീവിതത്തിൻ്റെ ചെറു വിവരങ്ങളും ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട് .അസാറയിൽ നിന്ന് ആർച്ച് രൂപത്തിലുള്ള വാതിൽ കടന്ന് സിനഗോഗിനകത്തേക്ക് പ്രവേശിക്കുമ്പോൾ തന്നെ മനോഹരമായ ആർക്ക് കണ്ണിലുടക്കി. സിനഗോഗിൻ്റെ പ്രധാന ഭാഗമാണ് ഹെക്കൽ അഥവാ ആർക്ക്‌. മതഗ്രന്ഥമായ തോറയാണ് ജൂത ജീവിതത്തിൻ്റെ സാരവും ആധാരവും’ മോശക്ക് വെളിപാടായി കിട്ടിയ ഉപദേശങ്ങൾ ആണ് ഇതെന്നാണ് വിശ്വാസം. തുകൽ ചുരുളുകളിൽ ഹീബ്രു ലിപിയിലാണ് തോറപകർത്തുന്നത്. തോറസൂക്ഷിക്കുന്ന പരിശുദ്ധ അലമാരമാണ് ആർക്ക് (ഹേക്കൽ). തടിയിൽ മനോഹരമായി കൊത്തുപണികൾ ചെയ്ത ആർക്ക് പള്ളിയിലെ ആൾത്താരക്ക് തുല്യമായിരുന്നു. ജൂതവിശ്വാസമനുസരിച്ച് ജെറുസലേമിനോട് ഏറ്റവും അടുത്തായി വേണം ആർക്കിൻ്റെ സ്ഥാനം. ജൂതർ ഇസ്രായലിലേക്ക് പോയപ്പോൾ യഥാർത്ഥ ആർക്കും കൂടെ കൊണ്ടുപോയി .ഇന്നുള്ളത് ആയതിൻ്റെ തനി പകർപ്പ് ആണ്.

മെസൂസ
മെസൂസ

സാധാരണമായി തൂക്കുവിളക്കുകൾ സിനഗോഗുകളുടെ അലങ്കാരമാണ്. എന്നാൽ ഇവിടെ തൂക്കുവിളക്കുകൾ കണ്ടില്ല. അതും അവർ കൊണ്ടുപോയി കാണും. വശങ്ങളിൽ ഇരിപ്പിടങ്ങളുണ്ട്. വലിയ ജനലുകൾ.. മധ്യത്തിലായി തോറ വായിക്കുന്നതിനുള്ള ഉയർന്ന പീഠമായ ബേമ (തേവ) സ്ഥിതി ചെയ്യുന്നു. ആർക്കിന് അഭിമുഖമായാണ് ബേമയുടെ സ്ഥാനം. ബേമയിൽനിന്ന് തോറ പാരായണം ചെയ്യുന്ന ആൾ ജൂതരിൽ പ്രധാനവ്യക്തിയാണ്.

സിനഗോഗിൻ്റെ ഉൾവശത്തു നിന്നും ഗോവണി കയറിയാൽ ബാൽക്കണിയിൽ രണ്ടാമത്തെ ബേമയുണ്ട്. ഇത് കേരളീയ ജൂതപള്ളികളുടെ മാത്രം. സവിശേഷതയാണ്. ശബാത്ത് ദിനത്തിലും പെരുന്നാൾ ദിനത്തിലും ഇവിടെ നിന്ന് തോറ വായിക്കുന്നു. പുറത്തു നിന്ന് രണ്ടാം നിലയിലേക്കുള്ള പിരിയൻ ഗോവണിയാണ് കേരളീയ സിനഗോഗുകളുടെ മറ്റൊരുപ്രത്യേകത. ഇത് സ്ത്രീകൾക്കു വേണ്ടിയാണ്. സ്ത്രീകൾക്ക് താഴത്തെ നിലയിലെ പ്രധാന ഭാഗത്തേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. രണ്ടാം നിലയിൽ മെലീഷ എന്നു പേരുള്ള കൊത്തുപണികളോടുകൂടിയ മനോഹരമായ ജാലകത്തിന് പുറകിലുള്ള മുറിയിൽ നിന്ന് പ്രാർത്ഥനകളിൽ പങ്കെടുക്കാൻ സ്ത്രീകളെ അനുവദിച്ചിരുന്നു. ഇത് കേരളത്തിലെ സിനഗോഗുകളിൽ മാത്രമുള്ള പ്രത്യേകത ആയിരുന്നു .

റബ്ബാനിം
റബ്ബാനിം

പറവൂർ പ്രളയം ബാധിക്കുന്നപ്രദേശം ആയതിനാൽ വിലപ്പെട്ട വസ്തുക്കൾ സൂക്ഷിക്കാൻ വലിയൊരു അറ ഈ മുറിയുടെ മുകൾ ഭാഗത്ത് നിർമ്മിച്ചിട്ടുണ്ട്.

അവിടെ നിന്ന് രണ്ട് മരപ്പടികൾ ഇറങ്ങി പ്രവേശിക്കുന്നത് കേരളീയ വാസ്തുശില്പ മാതൃകയിൽ നിർമ്മിച്ച റബ്ബാനിലേക്കാണ്. പടിപ്പുരയുടെയും ഇടനാഴിയുടെയും മുകളിലാണ് റബ്ബാനിം. തറഭാഗം വരെ മരം കൊണ്ട് മാത്രമുള്ള നിർമ്മിതി.. നടക്കുമ്പോൾ മരപ്പലകകൾ കാലപ്പഴക്കത്താൽ ശബ്ദമുണ്ടാക്കി തുടങ്ങിയിരിക്കുന്നു .. വേദപഠന കേന്ദ്രമായിരുന്നു റബ്ബാനിം. തോറചുരുളുകൾ പകർത്തിയിരുന്നതും ഇവിടെ വച്ചാണ്. സിനഗോഗികത്ത് വലിയ ജനാലകൾ ആയിരുന്നുവെങ്കിൽ ചെറിയ കിളിവാതിലുകളായിരുന്നു റബ്ബാനിൻ്റെ പ്രത്യേകത. ജൂത ജീവിതവുമായി ബന്ധപ്പെട്ട വസ്തുക്കൾ ഇവിടെ പ്രദർശനത്തിനു വച്ചിട്ടുണ്ട്. സ്ത്രീകൾക്കു മുകളിലേക്ക് പ്രവേശനത്തിനായി ഒരുക്കിയ ഗോവണി വഴി താഴേയ്ക്ക്…

ലോകത്തിലെ ഏറ്റവും ബുദ്ധിമാൻമാരായ ജനവിഭാഗമാണ് ജൂതർ എന്നാണ് കേട്ടിട്ടുള്ളത്.

ഇസ്രായേലിലേക്കുള്ള ജൂതരുടെ മടക്കയാത്രയായിരുന്നു ആലിയ. ഇസ്രായേൽ രൂപം കൊണ്ടപ്പോൾ 90 രാജ്യങ്ങളിൽ നിന്നായി 30 ലക്ഷത്തോളം ജൂതർ മടങ്ങിയെത്തി എന്നാണ് കണക്ക്. ഇന്നത്തെ പാലസ്തീൻ ഇസ്രായേൽ സംഘർഷങ്ങൾ ഇരു രാജ്യങ്ങളിലെയും സമാധാനം നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഭിന്നിപ്പുകളുടെ രക്തസാക്ഷി സൗമ്യ സന്തോഷിന് ആദരാഞ്ജലികൾ 🌹