“ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് എപ്പോഴും നിങ്ങൾക്കായി കാത്ത് വയ്ക്കുന്നു”

ബാലചന്ദ്രൻ ചുള്ളിക്കാട്

ചിദംബരസ്മരണയിലെ ഈ വരികളെ അന്വർത്ഥമാക്കും വിധം എനിക്ക് ലഭിച്ച വിലപ്പെട്ട സമ്മാനം തന്നെയായിരുന്നു ഈ ഭാരത്ദർശൻ യാത്ര. സാധാരണക്കാരിൽ സാധാരണക്കാരനായി ഇന്ത്യചുറ്റികാണണം, ട്രയിനിലെ ജാലകങ്ങളിലൂടെ ഇന്ത്യയെ കണ്ടറിയണം .. സ്വപ്നമായിരുന്നു അത്. 2018 മാർച്ച് 31 മുതൽ ഏപ്രിൽ 13 വരെ ആയിരുന്നു ആ മനോഹര ദിനങ്ങൾ. കലൂർ ഉള്ള ട്രാവൽടൈംസ് എന്ന ട്രാവൽ ഏജൻസിയാണ് IRCTC യുമായി ചേർന്ന് ഈ ഭാരത ദർശൻ യാത്ര ആസൂത്രണം ചെയ്തിരുന്നത്.

ലല്ലുപ്രസാദ് യാദവ് റെയിൽവേ മന്ത്രി ആയിരുന്ന കാലത്ത് സാധാരണ ജനങ്ങളെ കുറഞ്ഞചെലവിൽ ഭാരതം കാണിക്കവാനായി വിഭാവനം ചെയ്ത പദ്ധതിയാണ് ഭാരത്ദർശൻ. അത് ഇന്നും റെയിൽവേ വിജയകരമായി തുടർന്നു പോവുന്നുണ്ട്.ഒരു സെക്കന്റ് ക്ലാസ് ടൂറിസ്റ്റ് ട്രയിൻ നിശ്ചയിച്ച സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അവസാനം സഞ്ചാരികളെ അവരവരുടെ സ്ഥലങ്ങളിൽ തിരികെ എത്തിയ്ക്കുന്നു. റെയിൽവേ സ്റ്റേഷനിൽ നിന്നും ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള വാഹനവും ട്രാവൽ ഏജൻസി ഏർപ്പാടാക്കിയിരുന്നു. ഒരോ റെയിൽവേ കോച്ചിനും ഒരു കോച്ച് മാനേജർ, സെക്യുരിറ്റി ഗാർഡ്, പിന്നെ കോച്ച് വൃത്തിയാക്കാനും ഭക്ഷണം വിളമ്പി തരാനും നിയോഗിക്കപ്പെട്ടവർ എന്നിങ്ങനെ ഉണ്ടായിരുന്നു. സഞ്ചാരികൾ പുറത്തിറങ്ങിയാൽ സെക്യൂരിറ്റി ഗാർഡ് കോച്ച് പുറത്തു നിന്ന് പൂട്ടി യാത്രികരുടെ ലഗേജുകളുടെ സുരക്ഷിതത്വം ഉറപ്പാക്കിയിരുന്നു … ലഗേജുകൾ ചുമന്നുള്ള യാത്ര ഒഴിവാക്കാം എന്നതാണ് ഈ യാത്രയുടെ ഏറ്റവുംവലിയആകർഷണീയത.

ഞങ്ങൾ

തീർത്തും സുരക്ഷിതമായ ഒരു യാത്ര ആയതുകൊണ്ടാവണം സഞ്ചാരികളിൽ ഭൂരിഭാഗവും മധ്യവയസ്കർ ആയിരുന്നു. റിട്ടയർമെന്റ്ജീവിതം ആസ്വദിക്കാൻ ഇറങ്ങിയവർ, ഒറ്റയ്ക്കുംകൂട്ടായും യാത്രയ്ക്ക് ഇറങ്ങിത്തിരിച്ച സ്ത്രീകൾ, ഞങ്ങളെപോലെ വീട്ടുപൂട്ടി യാത്രക്കിറങ്ങിയ കുടുംബങ്ങൾ, സുഹൃത്തുക്കളോടൊപ്പം യാത്രക്കിറങ്ങിയ പുരുഷൻമാർ, അങ്ങനെ ജീവിതത്തിന്റെ പലപല തലങ്ങളിൽ നിന്നുമുള്ള സഞ്ചാരികളുടെ ഒത്തുചേരൽ.. ഇതിൽ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് നടക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒരു വൃദ്ധയും അവരുടെ കൈപിടിച്ച് അവരെ കൊണ്ടുനടക്കുന്ന ഭർത്താവുമായിരുന്നു. അവരുടെ മൂന്നാമത്തെ ഭാരത്ദർശൻ യാത്രയാണെത്രെ ഇത്. സാധാരണ ഈ പ്രായക്കാർ ആരോഗ്യപ്രശ്നങ്ങളാൽ വീട്ടിലിരുന്ന് സമയംകളയുന്ന ഈ സമയത്ത് അതെല്ലാം അതിജീവിച്ച് യാത്രക്കായി ഒരുങ്ങിയ ആ വൃദ്ധദമ്പതികളെ മനസ്സാ പ്രണമിച്ചു. ശരിക്കും ഇവരല്ലേ യഥാർത്ഥ സഞ്ചാരികൾ?

bharath darshan

ഗോവ, ജയ്പൂർ, അമൃത്സർ, വാഗ, ഡൽഹി, ആഗ്ര എന്നിവയായിരുന്നു പ്രധാന ലക്ഷ്യസ്ഥാനങ്ങൾ. തമിഴ്നാട്ടിലെ മധുരയിൽ നിന്ന് രാവിലെ പുറപ്പെട്ട ട്രയിൻ മൂന്നുമണിയോടെ തൃശൂർ എത്തിച്ചേർന്നു ധാരാളം തൃശൂർക്കാർ സഞ്ചാരികൾ ഇതിൽ കയറാൻ ഉണ്ടായിരുന്നു… പലരും ഭാരത്ദർശന്റെ സ്ഥിരം യാത്രക്കാർ. ‘അങ്ങനെ ആദ്യ ലക്ഷ്യസ്ഥാനമായ ഗോവയിലേക്കുള്ള യാത്ര ആരംഭിച്ചു. കമ്പാർട്ട്മെന്റിന്റെ മുഖാമുഖമുള്ള ആറു സീറ്റുകളിൽ 5 എണ്ണം ഞങ്ങളുടെ കുടുംബത്തിനായി അനുവദിച്ചിരുന്നു. ആറാമത്തെ സീറ്റ് ഒഴിവായതുകൊണ്ട് ലഗേജ് വയ്ക്കാൻ കൂടുതൽ സൗകര്യമായി മംഗലാപുരം കഴിഞ്ഞാൽ പിന്നെ ഇടയ്ക്ക് സ്റ്റോപ്പില്ല. മറ്റു യാത്രക്കാർ കയറാത്തതിനാൽ ദിവസങ്ങൾക്കുള്ളിൽ അതൊരു വീട്പോലെ ആയി മാറി. രാത്രി ഭക്ഷണം കഴിഞ്ഞ് ഉറങ്ങാനുള്ള തയ്യാറെടുപ്പായി … ബോഗികൾ ചലിക്കുന്ന പ്രത്യേക താളത്തിൽ ആടിയാടി അങ്ങനെ കിടന്നുറങ്ങാൻ പണ്ടേ വലിയ ഇഷ്ടമാണ്.

ബസിലിക്ക-ഓഫ്-ബോം-ജീസസ്
ബസിലിക്ക-ഓഫ്-ബോം-ജീസസ്

രാവിലെ ഉണരുമ്പോൾ മഡ്ഗോവ എത്താറായി എന്നാരോ പറയുന്നത് കേട്ടു. ട്രയിനിൽ കയറുമ്പോൾ തന്നെ ഓരോരുത്തർക്കും അനുവദനീയമായ വെള്ളവും ബെഡ്കോഫി കൂപ്പണുകളും തന്നിരുന്നു. 6 മണിയോടെ ബെഡ് കോഫിയെത്തി. മധുരക്കാരനായ കോച്ച് മാനേജർ രാജ വന്ന് കുളിച്ചുമാറാനുള്ള ഒരു ജോഡി വസ്ത്രവും ആവശ്യത്തിന് സാധനങ്ങളും എടുത്ത് ബസ്സ് നമ്പർ മുന്നിൽ കയറാനുള്ള നിർദ്ദേശങ്ങൾ നൽകി. മുഖത്ത് എപ്പോഴും പുഞ്ചിരിയുമായി നടക്കുന്ന ചുറുചുറുക്കുള്ളൊരു ചെറുപ്പക്കാരനായിരുന്നു രാജ. പുറത്ത് കടന്ന് ചുറ്റം നോക്കിയപ്പോൾ ഇന്ത്യയിലെ ആഡംബര ട്രയിനായ മഹാരാജ എക്സ്പ്രസ്സ് ഒരു ട്രാക്കിൽ പ്രൗഡിയോടെ വിശ്രമിക്കുന്നത് കണ്ടു. കേരളത്തിലെ ഏതോ സ്ഥലത്ത് എത്തിപ്പെട്ട പോലത്തെ പ്രതീതി. നിറയെ തെങ്ങുകളും പാടങ്ങളും ഒക്കെയായി അവൾ പച്ചപുതച്ച്നിൽക്കുന്നു.എന്നാൽ സ്ഥലങ്ങളുടെ പേരുകളും ജനങ്ങളുടെ വസ്ത്രധാരണരീതികളും ഇത് കേരളമല്ലെന്ന് പറഞ്ഞു കൊണ്ടിരിന്നു.. നാല് നൂറ്റാണ്ട് കാലത്തെ പോർച്ചുഗീസ് അധിനിവേശം ഗോവൻ സംസ്കാരത്തിൽ കാതലായ മാറ്റങ്ങൾ വരുത്തിയിരുന്നു. അവരുടെ വിശ്വാസങ്ങൾ, ദിനചര്യകൾ, ആഘോഷങ്ങൾ , വേഷവിധാനങ്ങൾ എല്ലാം പോർച്ചുഗീസ് അധിനിവേശത്തിന്റെ ബാക്കിപത്രം പോലെ ഇപ്പോഴും നിലനിൽക്കുന്നു. ഒരു മലയാളി കണ്ണുകൾക്ക് ഇതെല്ലാം കൗതുകകരമായ കാഴ്ചകളായിരുന്നു.

അൾത്താര
അൾത്താര

മൂന്നാംനമ്പർ ബസ് ആദ്യമായി ഞങ്ങളെ കൊണ്ടുപോയത് ഓൾഡ്ഗോവയിൽ മാൻഡോവി നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ” ബസലിക്ക ഓഫ് ബോം ജീസസ് ” എന്ന ആരാധനാലയത്തിലേക്കാണ്. ബറോക് ശില്പകലയുടെ ഉത്തമ ഉദാഹരണമാണ് ഈ ദേവാലയം .ചുവന്ന വെട്ടുകല്ലകൾ കൊണ്ട് നിർമ്മിച്ച ഈ ദേവാലയം കാഴ്ചയിൽ അതിമനോഹരമാണ്. വിശുദ്ധനായ സെന്റ് ഫ്രാൻസിസ് സേവ്യാറിന്റെ എംബാം ചെയ്ത ദൗതികാവശിഷ്ടം അവിടെ സൂക്ഷിച്ചു വച്ചിരിക്കുന്നു. പത്ത് വർഷത്തിലൊരിക്കൽ അത് പുറത്തെടുത്ത് പൊതുജനങ്ങൾക്ക് കാണുവാനും പ്രാർത്ഥിക്കുവാനുമുള്ള അവസരം നൽകിവരുന്നുണ്ട്. ഗോവയുടെ രക്ഷകനായി കരുതുന്ന അദ്ദേഹം 1552 ഡിസംബർ 2 ന് ചൈനയിലേയ്ക്കുള്ള യാത്രക്കിടയിലാണ് മരിച്ചത് .. ബസലിക്കയിൽ പ്രവേശിക്കുമ്പോൾ മതപരമായ ചടങ്ങുകൾ അവിടെ നടക്കുന്നുണ്ടായിരുന്നു. മറ്റൊരു വഴിയിലൂടെ വിശുദ്ധന്റെ ഭൗതികശരീരം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തേയ്ക്ക് എത്തിച്ചേർന്നു.മുഖത്തിന്റെ ഒരു വശവും നെഞ്ചിലേക്ക് വച്ചിരിക്കുന്ന കൈകളും പാദങ്ങളും അതിമനോഹരമായ കൊത്തുപണികളാൽ അലങ്കരിച്ച, വളരെ ഉയരമുള്ള ഒരു പീഠത്തിനു മുകളിൽ വച്ചിരിക്കുന്ന, വെള്ളിയാലും മരത്തിനാലും നിർമ്മിക്കപ്പെട്ട ശവപേടകത്തിൽ അവ്യക്തമായി കാണാമായിരുന്നു.

അതിനോട് ചേർന്ന മറ്റൊരു മുറിയിൽ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട വിവരണങ്ങളും തിരുശേഷിപ്പുകളും പ്രദർശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടുവന്ന ശവപേടകത്തിന്റെ നീളംകണ്ടപ്പോൾ വളരെ പൊക്കംകുറഞ്ഞ ഒരു മനുഷ്യനായിരുന്നു അദ്ദേഹമെന്ന് മനസ്സിലായി.അവിടെ നിന്നറങ്ങി ബസലിക്കയോട് അടുത്തു തന്നെയുള്ള സെ കത്തീഡ്രൽ ചർച്ചിലേയ്ക്ക് നടന്നു. സമയം ഉച്ചയോടടുത്ത് ആയതു കൊണ്ട് സാമാന്യം നല്ല വെയിലും ചൂടും അനുഭവപ്പെടുന്നുണ്ടായിരുന്നു. ഗോവയിലെ ഏറ്റവും വലിയ പള്ളിയാണ് സെ കത്തീഡ്രൽ .പ്രസിദ്ധമായ ഗോൾഡൻ ബെൽ ഉള്ളത് അവിടെയാണ്. പുറത്ത് പൊള്ളുന്ന ചൂടിനുള്ളിലും ദേവാലയത്തിന്റെ അകത്തളങ്ങൾക്ക് നല്ല തണുപ്പായിരുന്നു – മനോഹരമായ കൊത്തുപണികളാലും തുക്കുവിളക്കുകളാലും ഉൾവശം അലങ്കരിക്കപ്പെട്ടിരുന്നു. ഞങ്ങൾ ചെല്ലുമ്പോൾ, അവിടെ ഒരു ‘മാമ്മോദീസ’ ചടങ്ങ് നടക്കുകയായിരുന്നു. പള്ളിയുടെ മറുവശത്ത് വേറൊരു ഭാഗത്തായി കാലത്തിക് വിഭാഗത്തിന്റെ ചരിത്രം പറയുന്ന മ്യൂസിയവും സ്ഥിതി ചെയ്യുന്നു. ഇതുവരെയുണ്ടായ മാർപാപ്പമാരുടെ ഫോട്ടോയും ജീവചരിത്രവുമെല്ലാം അവിടെ പ്രറ്റർശിപ്പിക്കപ്പെട്ടിട്ടുണ്ട്. പള്ളിയുടെ കുറച്ചു മാറി ഓൾഡ് ഗോവയുടെ തകർന്ന അവശിഷ്ടങ്ങൾ കാണാം.. പഴയ ഗോവൻ പ്രൗഡിയുടെ തിരുശേഷിപ്പുകൾ – … പിറകുവശത്തുള്ള മാൻഡോവി നദിയിൽ ആഡംബര ബോട്ടുകൾ വിശ്രമിക്കുന്നു. എല്ലാം കണ്ട് കഴിഞ്ഞ് തിരിച്ചിറങ്ങി വരുമ്പോൾ ഉച്ചഭക്ഷണം റെഡിയായിരുന്നു

ഗോവൻ ബീച്ചുകളുടെ രാജ്ഞി എന്നറിയപ്പെടുന്ന ക്വാലൻഗൂട്ട് (calangute) ബീച്ചിലേക്കായിരുന്നു അടുത്ത യാത്ര. മിന്നുന്ന സ്വർണ്ണ നിറത്തിലുള്ള മണൽത്തരികൾ നിറഞ്ഞ ബീച്ചിലെ ക്ലബ്ബുകൾ ആഘോഷങ്ങൾക്ക് പ്രസിദ്ധമാണ്. വാട്ടർ സ്കൂട്ടർ റൈഡിംഗ് പാരച്യൂട്ട്ഗ്ലൈഡിംഗ്‌ ഇടങ്ങിയ വിനോദങ്ങൾക്കുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. നട്ടുച്ച നേരമായിട്ടും ബീച്ചിൽ നല്ല തിരക്കുണ്ടായിരുന്നു. പൊള്ളുന്ന വെയിലിനെ അവഗണിച്ച് തിരമാലകളിൽ കളിക്കുന്ന സ്ത്രീകളും കുട്ടികളും, മണ്ണിൽ കിടന്ന് ഉരുണ്ട്, മണൽ വാരി ശരീരത്തിൽ തേച്ച് മണൽശില്പങ്ങൾ പോലെ നിൽക്കുന്ന അൽപ്പം ഫിറ്റായ ആൺകുട്ടികളും കണ്ണുകൾക്ക് കൗതുകമായി.വെയിലിൽ നിന്നും രക്ഷ നേടാൻ ഗോവൻ വേവ്സ് എന്ന പേരുള്ള തീരത്തെ കൂൾ ക്ലബ്ബിൽ അഭയം തേടി… വലിയ സ്പീക്കറുകളിൽ നിന്ന് അടിപൊടി ഹിന്ദി ഗാനങ്ങൾ തിരയിളക്കി വന്നുകൊണ്ടിരിക്കുന്നു .. അവിടെയും നല്ല തിരക്ക്. തിരക്കിൽ നിന്നൊഴിഞ്ഞ് സൗകര്യപ്രദമായ ഒരു സ്ഥലത്ത് ഇരുന്നു. അത്യാവശ്യം കുടിക്കാനും കഴിക്കാനും വേണ്ടത് ഓർഡർ നൽകി. വൈകാതെ വിഭവങ്ങൾ മേശയിൽ നിരന്നു.നാലു മണിക്കേ ബസ്സിൽ തിരിച്ചെത്തേണ്ടതുള്ളൂ എന്ന ആശ്വാസത്തിൽ വിശ്രമിച്ച് തിരയിൽ കളിക്കുന്നവരെ നോക്കി ഇരിക്കുന്നത് ശരിക്കും ആസ്വാദ്യകരമായിരുന്നു.എന്നാൽ ബില്ല് വന്നപ്പോ ഒന്നു ഞെട്ടി എന്നത് സത്യം .ഫ്രൂട്ട് പഞ്ച് എന്ന് പേരിട്ടിരിക്കുന്ന ടാങ്ക് ‘ഓറഞ്ച് സ്ക്വാഷിന്റെ രുചിയുള്ള ജ്യൂസിന്റെ വില 300 രൂപ.രണ്ട് സ്ട്രോയും ഒരു കുഞ്ഞ് കുടയുമൊക്കെ അതിൽ ഇട്ടിരുന്നത് വെറുതെ ഭംഗിയ്ക്ക് മാത്രം അല്ലാണ് അപ്പോൾ പിടികിട്ടി. ഗോവയിൽ ആകെ ചീപ്പായത് മദ്യം മാത്രമാണെന്ന് പിന്നീട് മനസ്സിലായി.. ആളുകൾ ആഘോഷങ്ങൾക്ക് ഗോവ തിരഞ്ഞെടുക്കുന്നതിന്റെ കാരണവും.

ഏകദേശം അഞ്ചു മണിയോട് കൂടിയാണ് കോൾവ ബീച്ചിൽ എത്തിച്ചേർന്നത്. വെളുത്ത പൗഡർ പോലുള്ള മണൽ ഈ ബീച്ചിന്റെ പ്രത്യേകതയാണ്. വെയിൽ മാറി തുടങ്ങിയിരിക്കുന്നു. സമയത്തിന്റെ പ്രത്യേകത കൊണ്ടാണോ എന്നറിയില്ല ക്യാലൻഗുട്ടിനെക്കാൾ സുന്ദരിയായി എനിക്ക് തോന്നിയത് കോൾവയാണ്. മനോഹരമായ ഒരു സൂര്യാസ്തമയം അവിടെ കാണാൻ കഴിഞ്ഞു. നല്ല തിരക്കുണ്ടായിട്ടും അവിടുത്തെ ഓരോ നിമിഷവും ആസ്വാദ്യകരമായിരുന്നു. നല്ലൊരു ഫോട്ടൊഷൂട്ടിന് ശേഷം ഏകദേശം എട്ട് മണിയോടെ മഡ്ഗോവയിലേയ്ക്ക് തിരിച്ചു. അവിടെ എത്തിയപ്പോൾ ട്രയിനിന്റെ എഞ്ചിൻ മറുവശത്തേയ്ക്ക് മാറ്റിയിരിക്കുന്നു. ഏറ്റവും പിറകിലായിരുന്ന ഞങ്ങൾ മുന്നിലെ മൂന്നാമത്തെ ബോഗിയായി മാറി. പുതിയ ഡീസൽ എഞ്ചിന്റെ ചുക്, ചുക് താളത്തിൽ കൂവി വിളിച്ച് ഞങ്ങളുടെ ട്രയിൻ യാത്ര തുടങ്ങി… ഗോതമ്പു വയലുകളുടെ നാട്ടിലേയ്ക്ക്…. (തുടരും)