900കണ്ടി വിശേഷങ്ങൾ
വിജയനഗര സാമ്രാജ്യത്തിൻ്റെ അവശേപ്പുകൾ തേടി ഹംപിയിലേക്കുള്ള യാത്രയായിരുന്നു അത്.. വയനാട് എത്താറായപ്പോഴാണ് ശനി, ഞായർ കർണ്ണാടക ലോക്ക്ഡൗണാണെന്ന് കേട്ടത്.. എങ്കിൽ വയനാട്ടിലെ കാണാകാഴ്ചകൾ തേടിയൊരു യാത്ര ആവാമെന്ന് കരുതി.. ആദ്യം തന്നെ മനസ്സിൽ വന്നത് 900 കണ്ടിയാണ് .. ബാണാസുരയും കുറുവയും എടയ്ക്കലും തോൽപ്പെട്ടി മുത്തങ്ങ കാടുകളും, പുക്കോട്ട് തടാകവും തേയില തോട്ടങ്ങളുടെ ഹരിതഭംഗിയും കഴിഞ്ഞാൽ വയനാട് കാഴ്ചകൾ തീർന്നു എന്ന എൻ്റെ ധാരണ മാറിയത് 900 കണ്ടിയെ പറ്റി അറിഞ്ഞു തുടങ്ങിയപ്പോഴാണ്.

900 കണ്ടിക്കാരനായ പ്രിയസുഹൃത്ത് ഷൈൻ ആൻ്റണിയുടെ ഗുഡ്മോണിംഗ് ചിത്രങ്ങൾ അത്രയേറേ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു.. കളംകളം പൊഴിച്ചൊഴുക്കുന്ന കുഞ്ഞുഅരുവികളും വെള്ളച്ചാട്ടങ്ങളുമുള്ള 900 കണ്ടി.. എങ്ങോട്ടു നോക്കിയാലും മഞ്ഞിൽ മൂടിയമലകളുടെ കുളിരണിയിക്കുന്ന കാഴ്ച. വീട്ടിലെ കോഴികളെവരെ പുലിപിടിക്കുന്ന കഥകൾ ഷൈനിൽനിന്നു കേട്ടിരുന്നു. മാൻപേടകൾ തുള്ളിക്കളിക്കുന്ന സ്ഥലം. നിബിഡമായ വനത്തിൽ ആനകളും, കാട്ടുനായ്ക്കളും വർണ്ണപകിട്ടാർന്ന ചിത്രശലഭങ്ങളും ധാരാളമുണ്ട്. മഴക്കാലമായാൽ വഴികൾ വെള്ളപാച്ചലിൽ ഒഴുകി പോയി ചിലപ്പോൾ അവിടം ഒറ്റപ്പെടാറുണ്ട്. എങ്കിലും ഷൈനെ പോലെ പിറന്നമണ്ണിനെയും കാടിനെയും സ്നേഹിക്കുന്ന കുറച്ചു മനുഷ്യർ ഇന്നും എല്ലാ പ്രശ്നങ്ങളെയും അതിജീവിച്ചു കൊണ്ടും അവഗണിച്ചു കൊണ്ടും അവിടെ ജീവിക്കുന്നുണ്ട്.
പേരിനു മാത്രം മൊബൈൽ റേയ്ഞ്ച് കിട്ടുന്ന സ്ഥലം. ഷൈനെ വിളിക്കാൻ ശ്രമിച്ചുവെങ്കിലും ഹോസ്പിറ്റൽ കേസിലാണെന്ന് വിവരം കിട്ടി.. അല്ലെങ്കിൽ താമസവും മറ്റു കാര്യങ്ങളും എല്ലാം ഭംഗിയായി അവൻ ശരിയാക്കി തരുമായിരുന്നു. എന്തു ചെയ്യുമെന്നറിയാതെ വന്ന അനിശ്ചിതാവസ്ഥ. ട്രാവൽ ഹബ് കൂട്ടായ്മയിലെ സഞ്ചാരി സുഹൃത്തുക്കൾ സഹായത്തിനെത്തി.. സുഹൃത്ത് റൗഫലിൻ്റെ സഹായത്തോടെ തൊള്ളായിരം കണ്ടിയുടെ മുകളിൽ തന്നെയുള്ള റിസോർട്ടിൽ താമസം ശരിയാക്കി. സൗഹൃദങ്ങളുടെ വിലയറിഞ്ഞ സമയങ്ങൾ .

കൽപറ്റയിൽ നിന്ന് ഏകദേശം ഇരുപത് കി.മീ അകലെയാണ് 900 കണ്ടി എന്ന മലനിരകൾ. മേപ്പാടി -ചൂരൽമല – സൂചിപ്പാറ റൂട്ടിൽ കള്ളാടിയിൽ നിന്ന് വലത്തോട്ട് കുത്തനെ പോകുന്ന റോഡ്..റോഡ് ആരംഭിക്കുന്നിടത്ത് ജീപ്പ് കാരുടെ ബഹളം. … നല്ല പവറുള്ള ടു വീലറുകൾക്കും ഫോർവീൽ വാഹനങ്ങൾക്കും മാത്രമേ 900 കണ്ടി കയറാൻ കഴിയൂ.. മലയടിവാരത്തിൽ പാർക്കിംഗ് ഗ്രൗണ്ട് ഉണ്ട്.. റിസോർട്ടിൽ നിന്നും ഞങ്ങളെ കാത്ത് ജീപ്പ് എത്തിയിരുന്നു.
രാവിലെ തുടങ്ങിയ മഴ നിർത്താതെ പെയ്യുകയാണ്. ആദ്യം കണ്ട ചെമ്മൺ റോഡ് പിന്നെ ഉരുളൻ കല്ലുകൾ മാത്രം നിറഞ്ഞ വഴിയായി. കല്ലുകളിൽ പറ്റിപ്പിടിച്ച് ജീപ്പുകൾ കയറാൻ തുടങ്ങി .. കുറെ ദൂരം നീങ്ങിയപ്പോൾ ജീപ്പിൻ്റെ ടയറുകൾ ഉരുളുന്ന ഭാഗത്ത് മാത്രം കോൺക്രീറ്റ് ചെയ്തിരിക്കുന്നു. സമാന്തരമായ റിബണുകൾ പോലെ കോൺക്രീറ്റ് റോഡ് മുന്നോട്ട് നീണ്ട് കിടന്നു. ഇടയിലൊക്കെ വെള്ളം ഒഴുകിമണ്ണ് ഒലിച്ചുപോയിട്ടുണ്ട് .. കഴിഞ്ഞ മഴക്കാലത്ത് ഉരുൾപൊട്ടി റോഡ് മുഴവനായി ഒലിച്ചുപോയ ,ഷൈൻ അയച്ചു തന്ന ചിത്രത്തെക്കുറിച്ചോർത്തു. കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയി വരുന്ന ആ കാഴ്ച കണ്ടപ്പോൾ വിഷമം തോന്നിയിരുന്നു. എന്തെങ്കിലും അത്യാഹിതങ്ങൾ വന്നാൽ ഓടാൻ പോലും വഴിയില്ലാത്ത അവസ്ഥ. എങ്കിലും 900 കണ്ടി മനോഹരിയാണ്. നവോഡയെ പോലെയാണവൾ ഒരുങ്ങി നിൽക്കുന്നത്.

പോകുന്ന വഴിയിൽ ഷൈൻ്റെ വീടു കണ്ടു.. പൂട്ടിയിട്ടിരിക്കുകയാണ്. എന്നെങ്കിലും ഒരിക്കൽ 900 കണ്ടിയിൽ പോവുകയാണെങ്കിൽ അവൻ്റെ അതിഥിയായി പോകണം എന്നാണ് ആഗ്രഹിച്ചിരുന്നത് .. “ചേച്ചി 900 കണ്ടിയിൽ വരുമ്പോൾ ഒരിക്കലും ഒരു സഞ്ചാരിയായി വരരുത് മറിച്ച് എൻ്റെ പെങ്ങളായി ഇവിടെ വരണം” ചേച്ചിയെ ഇവിടം മുഴുവൻ ഞാൻ കാണിച്ചു തരാം .. ആരും കാണാത്ത കാഴ്ചകൾ.”. ഒരു നാട്ടുകാരെൻ്റെ വാക്കുകളിലെ ആത്മവിശ്വാസം .ഷൈൻ സ്ഥിരമായി പറയാറുള്ള വാക്കുകളാണ്. ചെറിയൊരു നഷ്ടബോധം തോന്നി. സ്വന്തമായുള്ള ഒരു കുഞ്ഞുമൺവീട്ടിൽ ഹോംസ്റ്റേ ഒരുക്കി അതിഥികളെ സ്വീകരിച്ച് ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്യുന്നവൻ .കോറോണ അവനെയും തകർത്തിരിക്കുന്നു .യാത്രികർ കുറഞ്ഞിരിക്കുന്നല്ലോ.
വളഞ്ഞും പുളഞ്ഞും യാത്രക്കാരുടെ കായികബലം പരീക്ഷിച്ചും ജീപ്പ് അവസാനം റിസോർട്ടിലെത്തിച്ചേർന്നു.രണ്ട് മലകളുടെ ഇടയിലായി ഏലത്തോട്ടങ്ങൾക്ക് താഴെ മലഞ്ചെരുവിലാണ് റിസോർട്ട് .. മലകളുടെ ഇടയിലൂടെ പാറകളിൽ തട്ടി തുള്ളിക്കളിച്ചൊഴുക്കുന്ന ചെറിയൊരു അരുവി.. എവിടെയോ വെള്ളം ശക്തമായി ചാടുന്ന സ്വരം കേൾക്കാം. അതിരപ്പിള്ളിയിൽ താമസിക്കുമ്പോൾ കേൾക്കുന്ന വെള്ളത്തിൻ്റെ ആ ഇരമ്പൽ ഇവിടെയും കേൾക്കാം…മഴ കാരണം കോടമഞ്ഞ് ഇറങ്ങി മുറ്റത്തോളം വന്നിരിക്കുന്നു. മഴ കാരണം അന്ന് പ്രത്യേകിച്ച് ചെയ്യാൻ ഒന്നുമുണ്ടായില്ല…. ക്യാമ്പ് ഫയർ പോലും ഉണ്ടായില്ല. നീളൻ ബാൽക്കണിയിൽ മഴ ആസ്വദിച്ചിരുന്നു.

രാവിലെ ആയപ്പോഴേക്കും മഴ തോർന്നിരിന്നു. താഴെ ചിരിച്ചൊഴുകുന്നവളുടെ അടുത്തേയ്ക്ക് നടന്നു. കുത്തനെ ഇറക്കമാണ് റോഡ്. വെള്ളത്തിന് ഐസിൻ്റെ തണുപ്പ്. ഇറങ്ങിയപ്പോഴാണ് അവളുടെ ഒഴുക്കിൻ്റെ ശക്തി മനസ്സിലായത്. കാൽ തെറ്റിയാൽ അവൾ നമ്മളെയും കൂടെ കൂട്ടും. കാൽ മരവിച്ചാൽ പിന്നെ തണുപ്പില്ല. തിരിച്ചുള്ള കയറ്റം ശരിക്കും ശരീരികക്ഷമത പരിശോധിക്കുന്നതായിരുന്നു.
പാക്കേജ് ഭാഗമായി റിസോർട്ടിൻ്റെ ജീവനക്കാരൻ കാടിനുള്ളിലെ വെള്ളച്ചാട്ടത്തിനടുത്തേക്ക് ഞങ്ങളെ കൊണ്ടു പോയി .. അട്ടകളെ നേരിടാൻ സാനിറ്റെസർ സ്പ്രേയും കയ്യിൽ കരുതിയിരുന്നു. . ഒറ്റയടി പാതയിലൂടെ ഇടക്ക് പാറകളിൽ പൊത്തി പിടിച്ച് കയറിയും അരുവികളെ മുറിച്ച് കടന്നുമുള്ള രസകരമായ യാത്ര അവസാനം പേരില്ലാത്ത വലിയൊരു വെള്ളച്ചാട്ടത്തിനരികിലെത്തി. വെള്ളം ചാടി വീഴുന്നിടത്ത് ഒരു മരം വീണു കിടക്കുന്ന കാഴ്ച അതീവ മനോഹരമായിരുന്നു. കുളിക്കാനാണേൽ ചെറുവെള്ളച്ചാട്ടങ്ങൾ വേറേയും ധാരാളം .900 കണ്ടി നീയെത്രെ സുന്ദരീ… ഈ നിമിഷങ്ങൾ സ്വർഗ്ഗീയമാണ്. മറ്റാരുമില്ലാതെ വനത്തിൻ്റെ വന്യതയിയിൽ ഞങ്ങൾ മാത്രം. പ്രകൃതിയും നമ്മളും ഒന്നാകുന്ന നിമിഷങ്ങൾ.
900 കണ്ടിയിലെ ഗ്ലാസ് പാലം കാണുവാനായിരുന്നു പിന്നെ പോയത്.. റിസോർട്ടിൽ നിന്നും ഒന്ന് ഒന്നര കി.മി. ദൂരം മാത്രം ഉള്ളെങ്കിലും അത് കീഴടക്കാൻ എളുപ്പമല്ലാത്തതിനാൽ ജീപ്പ് വിളിച്ചു വരുത്തി.. കുത്തനെയുള്ള കയറ്റമാണ്.’ പ്രൈവറ്റ് പ്രോപ്പർട്ടിയാണ് : ടിക്കറ്റെടുത്താണ് ഉള്ളിലേക്ക് പ്രവേശനം .. ഗ്ലാസ് ബ്രിഡ്ജ് കൂടാതെ വേറേയും വിനോദോപാധികൾ അവിടെയുണ്ട്.. ഗ്ലാസ് ബ്രിഡ്ജ് കാണാനുള്ള ആകാംക്ഷയിൽ ആദ്യം അതിനടുത്തേക്കാണ് പോയത്. നാലോ അഞ്ചോ പേരുടെ ഗ്രൂപ്പുകളായാണ് കടത്തിവിടുന്നത്. ചെരുപ്പ് അഴിച്ചു വേണം പാലത്തിൽ കയറാൻ .. ഞങ്ങൾ ചെല്ലുമ്പോൾ ഒരു ഫാമലി കയറാൻ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ട്രീഹൗസിൽ കയറിയിട്ട് വരൂ .. സെക്യൂരിറ്റി പറഞ്ഞു. നോക്കുമ്പോൾ ആകാശം മുട്ടെ വലിപ്പം തോനുന്ന ഒരു മരത്തിന് മുകളിലാണ് ഹൗസ് ഒരുക്കിയിരിക്കുന്നത് .. കണ്ടപാടെ ഉള്ളിലെ കിളി പറന്നു. പലനിലകളായി നിർമ്മിച്ച ഇരുമ്പു ഗോവണിയിലൂടെ കയറ്റം. പേടിയെ മാറ്റി നിർത്തി ധൈര്യം സംഭരിച്ച് കയറാൻ തുടങ്ങി . രണ്ടു നില കഴിഞ്ഞ് പടികൾക്ക് താഴേക്ക് നോക്കിയപ്പോൾ കാലിൽവിറ വരുന്ന പോലെ … പിന്നെ മുകൾ ഭാഗത്തേക്ക് നോക്കിയായി കയറ്റം.. അവസാനം മുകളിലെത്തി. അവിടെ നിന്നൊരു ഇരുമ്പുപാലത്തിലൂടെ നടന്നു വേണം ട്രീ ഹൗസിൽ എത്താൻ .കാലുകൾ വിറച്ചെങ്കിലും പിൻതിരിഞ്ഞില്ല. അവസാനം മരത്തിനു മുകളിൽ എത്തിയപ്പോൾ സ്വർഗ്ഗത്തിലെത്തിച്ചേർന്ന പ്രതീതി.. രണ്ടു മലകൾ മുഖമുരുമ്മി നിൽക്കുന്ന കാഴ്ച.. അരണമലയിലെ മൊട്ടക്കുന്നുകൾ കാഴ്ചകൾ കാണേണ്ടതു തന്നെ. വിശാലമായ താഴ്വാരങ്ങൾ …കയറിയില്ലേൽ അതൊരു തീരാനഷ്ടം തന്നെ ആയിരുന്നേനേ എന്നു തിരിച്ചറിഞ്ഞ നിമിഷങ്ങൾ. തിരിച്ചിറങ്ങുമ്പോൾ വിജയ ഭാവമായിരുന്നു … പേടിച്ച് കയറി വരുന്നവർക്ക് വേണ്ട ഉപദേശങ്ങൾ കൊടുക്കാനും മറന്നില്ല.
വീതി കുറഞ്ഞ നീളൻ ഗ്ലാസ് പാലം രണ്ടായി വിഭജിച്ചിരുന്നു. പോകാനും .. തിരികെ വരാനും രണ്ടു വഴികൾ.. ഏറ്റവും അറ്റം ഒരു ബാൽക്കണിപോലെ മലയുടെ താഴ് വാരത്തിലേക്ക് നീണ്ടു നിന്നിരുന്നു.. ട്രീ ഹൗസിൽ കയറിയ ഭയം ഇതിൽ കയറുമ്പോൾ തോന്നിയില്ല .. സുതാര്യമായ ഗ്ലാസിന് താഴേക്ക് നോക്കി മുന്നിലേക്ക് നടക്കുമ്പോൾ രസമാണ് തോന്നിയത്.. ബാൽക്കണിപോലുള്ള ഭാഗത്ത് നിൽക്കുമ്പോൾ പെട്ടന്ന് ബാലൻസ് പോയി വീഴാൻ പോകുന്ന പോലെ. അതിശക്തമായ കാറ്റിൽ ഇടയ്ക്ക് പാലം ഇളകുന്നതാണെന്ന് പിന്നീടാണ് മനസ്സിലായത്. മുന്നിൽ നടന്ന നവദമ്പതികളുടെ ഫോട്ടോഷൂട്ട് അല്പം ക്ഷമ പരിശോധിച്ചു. പാലത്തിൽ കയറുവാൻ ആളുകൾ ക്യൂ നിൽക്കുന്നത് മനസ്സിലാക്കാതെ തിരികെ വരാൻ തയ്യാറാവാത്തവർ. പാലത്തിലൂടെയുള്ള നടപ്പ് ത്രില്ലിംഗും വ്യൂ അതി മനോഹരവുമായിരുന്നു. കൈ വിരിച്ച് ടൈറ്റാനിക് മോഡലാവാൻ തോന്നി… പ്രകൃതിയിൽ ലയിച്ച്.

മലഞ്ചെരിവിൽവലിയൊരു ഊഞ്ഞാലിൽ ആടുന്നവരെ കണ്ടു.. ഊഞ്ഞാൽ ഉയരത്തിൽ നിന്ന്താഴ്ചകളിലേക്കാണ് അടുന്നത്. വിട്ടു പോയാൽ ബാക്കി കാണില്ല. ശരീരത്തിൽ ലോക്ക് ഇട്ട് ബന്ധിച്ച് സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട് .. സമയ പരിമിതി മൂലം അമ്പെയ്ത്ത് പോലെ മറ്റ്പെയ്ഡ് വിനോദങ്ങൾക്ക് നിന്നില്ല .. ഹംപിയിലേക്ക് തന്നെ പോകുവാൻ അപ്പോഴേക്കും തീരുമാനം ആയിരുന്നു.
900 കണ്ടിയിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ ഷൈൻ്റെ വീട് പൂട്ടി തന്നെ കണ്ടു… തെരുവുകൾഏറ്റവും വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്ന സുൽത്താൻ ബത്തേരി കടന്ന് വയനാട് .മൈസൂർ പാതയായ ബന്ദിപ്പൂർ നാഗർഹോള വനഭാഗങ്ങൾ കടന്ന് പൂപ്പാടങ്ങൾ നിറഞ്ഞ കർണ്ണാടക ഗ്രാമങ്ങൾ കടന്ന് തുംഗഭദ്രകരയിലേക്ക് വിജയനഗരസാമ്രാജ്യത്തെ തേടി ഞങ്ങൾ യാത്രയായി.