(ഭാരത് ദർശൻ തുടരുന്നു)

പിങ്ക്സിറ്റി എന്നറിയപ്പെടുന്ന ജയ്പ്പൂർ ആയിരുന്നു അടുത്ത ലക്ഷ്യസ്ഥാനം.. ഗോവയിലെ രാത്രിയിൽ നിന്നുണർന്നത് പിറ്റേന്ന് രാവിലെ 6 മണിക്ക് ബെഡ്കോഫി എത്തിയപ്പോഴാണ്. മഹാരാഷ്ട്രയിൽ കൂടിയാണ് ട്രയിൻ കടന്നു പോയ്കൊണ്ടിരുന്നത്. കൊങ്കൺ റെയിൽവേയിലൂടെയുള്ള എന്റെ ആദ്യ യാത്രയായിരുന്നു അത്. വലിയ ചുരങ്ങളിൽ കൂടി കടന്നുപോകുമ്പോൾ ട്രയിനിനുള്ളിൽ തീർത്തും ഇരുട്ടായിരുന്നു. അതിനാൽ തന്നെ പകൽസമയത്തും ട്രയിനിൽ ലൈറ്റുകൾ തെളിഞ്ഞിരുന്നു. അന്നത്തെ ദിവസംമുഴുവൻ യാത്രയാണ്. പുറംകാഴ്ചകൾ കാണണം എന്ന ഉദ്ദേശത്തോടെ ജാലകത്തിനടുത്ത സീറ്റിൽതന്നെ ഇരുന്നു . മിക്ക സഹയാത്രികരും ഉറക്കംതന്നെ . ഒരു സുഹൃത്ത് പറഞ്ഞിട്ടുണ്ട് മരണം എന്നത് ഉണരാത്ത ഒരു ഉറക്കമാണ് .. അപ്പോൾ ജീവിച്ചിരിക്കുന്ന കുറച്ചു സമയം ഉറങ്ങിത്തീർക്കാതെ അത് ആസ്വദിക്കണം എന്ന്. എത്ര സത്യമായ വാക്കുകൾ..

അതൊരു പ്രചോദനമായിരുന്നു..

തരിശായ ഭൂമിയിൽ കൂടിയാണ് കൂടുതൽ സമയവും ട്രയിൻ സഞ്ചരിച്ചിരുന്നത്. പച്ചപ്പില്ലാതെ ഉണങ്ങി നിൽക്കുന്ന മരങ്ങൾ.. നമ്മുടെ നാടിന്റെ യഥാർത്ഥ ഭംഗി മനസ്സിലാവണമെങ്കിൽ കേരളത്തിന് പുറത്തേയ്ക്ക് സഞ്ചരിക്കണം എന്ന് കേട്ടിട്ടുള്ളത് എത്രയോ സത്യം . റെയിൽവേ ട്രാക്കിനോട് ചേർന്നു കാണപ്പെട്ട ചേരികളിൽ ജീവിതം കണ്ടു. തകരഷീറ്റുകൊണ്ട് വെറുതെ മറച്ചിരിക്കുന്ന ഷെഡ്ഡുകളിൽ താമസിക്കുന്ന മനുഷ്യർ, കാനപോലുള്ള അഴുക്കു വെള്ളത്തിൽ കളിക്കുന്ന കുട്ടികൾ ..പലരും നഗ്നരാണ്.

ഒരു നിമിഷം നമ്മൾ അനുഭവിക്കുന്ന സൗഭാഗ്യങ്ങളെക്കുറിച്ചോർക്കാനും ഈശ്വരന് നന്ദി പറയാനും തോന്നി.

സിഗ്നൽ ലഭിക്കാതെ ട്രയിൻ റോഹ എന്ന കൊങ്കൺ സ്റ്റേഷനിൽ കുറെ സമയം നിർത്തിയിട്ടു. സിനിമകളിൽ കാണുന്ന ഗ്രാമീണ റെയിൽവേ സ്റ്റേഷനുകളെ പോലെ സുന്ദരിയായിരുന്നു റോഹ. പൂത്തുലഞ്ഞ വാകമരങ്ങൾ പ്ലാറ്റ്ഫോമുകളിൽ പൂ വിതറിയിരിക്കുന്നു.. ആളുകളുടെ തിരക്ക് തീരെയില്ല. ട്രയിനിൽ നിന്നറങ്ങി പൂവിരിച്ച പ്ലാറ്റ്ഫോമിലൂടെ വെറുതെ നടക്കുമ്പോൾ ഹൃദയത്തിൽ വല്ലാത്തൊരനുഭൂതി ആയിരുന്നു.. നീണ്ട യാത്രയുടെ മുഷിപ്പ് മാറി ഒരു പോസറ്റീവ് എനർജിയുമായാണ് തിരികെ ട്രയിനിൽ കയറിയത്.പിന്നീട് സിഗ്നൽ കിട്ടാതെ ട്രയിൻ നിർത്തുന്ന സ്ഥലത്തൊക്കെ ഇറങ്ങൽ ഒരു ശീലമാക്കി .

deepa 1

മൂന്നു മണിയോടെ ഗുജറാത്തിലേയ്ക്ക് കടന്നുവെന്ന് BSNL അറിയിച്ചു.എങ്കിലും വേറൊരു കാര്യം ഇവിടെ പറയാതെ വയ്യ.. മനുഷ്യവാസമില്ലാത്ത കിലോമീറ്ററുകളോളും വിജനമായ ഗോതമ്പുപാടങ്ങളിൽ പോലും റേയ്ഞ്ച് തന്നിരുന്നത് ജിയോ മാത്രമാണ്. മറ്റുള്ള ഒരു നെറ്റ് വർക്കും അതിന് അടുത്തു പോലും എത്തിയിരുന്നില്ല. മഹാരാഷ്ട്രയിൽ നിന്ന് വ്യത്യസ്തമായി കൃഷി ഭൂമികൾക്ക് ഇടയിലൂടെ ആയിരുന്നു പിന്നത്തെ യാത്ര. കോട്ടൺ പാടങ്ങളും ചോളം, മാവ്, സപ്പോട്ട എന്നിവയും ധാരാളമായി കൃഷി ചെയ്യുന്നത് കാണാമായിരുന്നു. ഒരിടത്ത് ഉപ്പ് പാടങ്ങൾ കണ്ടു. അതൊരു കാഴ്ച തന്നെ ആയിരുന്നു.. ചേരിയിലെ ജീവിതങ്ങൾ ഗുജറാത്തിലും കാണാമായിരുന്നു.എന്നാൽ അത്തരം തകരഷീറ്റുകൾക്ക് മുകളിൽ ഡിഷ് ആന്റിനകൾ എല്ലായിടത്തും ഉണ്ടായിരുന്നു. പിന്നെ എന്നെ ആകർഷിച്ച ഏറ്റവും മനോഹരമായ മറ്റൊരു കാഴ്ച ചേരികൾ പോലുള്ള സ്ഥലങ്ങളിലെ വൃത്തിഹീനമായ ഫ്ലാറ്റുകളിൽ താമസിക്കുന്നവരും അവരുടെ ജാലക ചുമരുകളിൽ ചെറിയ ചട്ടികളിൽ ചെടികൾ വളർത്തുന്നതാണ്. മുഷിഞ്ഞ കാഴ്ചകൾക്കുള്ളിൽ അത് കണ്ണിന് കുളിരേകി. പുതിയതായി പണിതു കൊണ്ടിരിക്കുന്ന ഫ്ലാറ്റുകൾ ഈ സ്ഥലങ്ങളെല്ലാം വളർന്നുകൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു തന്നു.

പുഷ്കർ
പുഷ്കർ

റെയിൽവേ ചാർട്ട് പ്രകാരം മാർച്ച് നാലാം തിയതി വൈകീട്ടാണ് ജയ്പൂർ എത്തിച്ചേരുന്നത്. എന്നാൽ സിഗ്നലുകൾ പെട്ടന്ന് ലഭിച്ചതുകൊണ്ടും സർവ്വോപരി ഞങ്ങളുടെ ഭാഗ്യം കൊണ്ടും രാവിലെ പത്തരയ്ക്കു തന്നെ ട്രയിൻ ജയ്പൂർ എത്തിച്ചേർന്നു. അതു കൊണ്ട് തന്നെ ഭാരത്ദർശൻ യാത്ര പാക്കേജിൽ ഉൾപ്പെടാത്ത സ്ഥലങ്ങളായ അജ്മീറും പുഷ്കറും കാണാനുള്ള ഭാഗ്യവും ഞങ്ങൾക്ക് ലഭിച്ചു. ഭാരത്ദർശൻ പാക്കേജിൽ ഡോർമെട്രി താമസസൗകര്യമാണ് നൽകുന്നത് .. ആവശ്യമുള്ളവർക്ക് ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടാൽ മിതമായ നിരക്കിൽ റൂം ബുക്ക് ചെയ്ത് തരും. അജ്മീറിലേയ്ക്ക് പോകാനുള്ള വാഹനം ഞങ്ങൾ താമസിച്ച ഹോട്ടലാണ് അറേഞ്ച് ചെയ്ത് തന്നത്. ജയ്പൂരിൽ നിന്ന് അജ്മീറിലേയ്ക്ക് 150 കി.മി.ദൂരം ഉണ്ട്. ഒരാൾക്ക് 500 രൂപ നിരക്കിൽ ഞങ്ങൾ 15 യാത്രക്കാർ ഒരു ട്രാവലറിൽ യാത്ര തിരിച്ചു.

പുഷ്കറിലേക്കായിരുന്നു ആദ്യ യാത്ര. അജ്മീറിൽ നിന്ന് 11 കി.മി ദൂരെയായാണ് പുഷ്കർ. ഇന്ത്യയിലെ ഏറ്റവുംവലിയ ഒട്ടകമേള നടക്കുന്നത് ഇവിടെയാണ്. പുഷ്കറിലെ ബ്രഹ്മമന്ദിറും പുഷ്കർ സരോവരും പ്രസിദ്ധമാണ്. മരുഭൂമിയിലൂടെയുള്ള ഒട്ടക സവാരി ആസ്വദിക്കാൻ ഒരു പാട് സഞ്ചാരികൾ പുഷ്കറിൽ എത്തിച്ചേരുന്നു. സഞ്ചാരികളെ കാത്ത് കടുംനിറത്തിലുള്ള തുണികൾ കൊണ്ട് അലങ്കരിച്ച ഒട്ടകവണ്ടികൾ വഴിയിൽ നിരന്നു കിടക്കുന്നു.. ഒരു വണ്ടിയ്ക്ക് 2000 രൂപയാണ് റേറ്റ് … മരുഭൂമിയിലെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ കൂടെ ഒരു 2 മണിക്കൂർ സഞ്ചാരം. സമയക്കുറവ് ഉള്ളതിനാലും സഹയാത്രികർക്ക് താൽപര്യം ഇല്ലാത്തതിനാലും ഒട്ടകസവാരി എന്ന സ്വപ്നം നടന്നില്ല. സഞ്ചാരികളെ കാത്തിരിക്കുന്ന ഒട്ടകങ്ങളുടെ ഫോട്ടൊ എടുത്തു കൊണ്ട് തൽക്കാലം തൃപ്തിപ്പെടേണ്ടി വന്നു. ഇതിനിടയിൽ ഫോട്ടൊ എടുക്കണം എന്നദുരുദ്ദേശ്യത്തോടെ ഒരു ഒട്ടകത്തിനോട് സ്നേഹം കൂടാൻ പോയ എന്നെ അവൻ കടിക്കാൻ വന്നു.. പട്ടി മാത്രമല്ല ഒട്ടകവും അടുത്തു ചെന്നാൽ കടിക്കുന്ന മൃഗമാണെന്ന് അന്നാണ് ആദ്യമായി മനസ്സിലായത്.

അജ്മീർ ഷെറീഫ് ദർഗയിലേക്കാണ് അടുത്ത യാത്ര.. സൂഫി സന്യാസിയായ ക്വാജ മൊയ്നുദ്ദീൻ ചിഷ്തിയുടെ (ഗരീബ് നവാസ്) ശവകുടീരമാണ് ആ പുണ്യസ്ഥലം. മുഗൾ ചക്രവർത്തിയായ ഹുമയൂൺ നിർമ്മിച്ചതാണ് പ്രശസ്തമായ ഈ ആരാധനാലയം – ഇന്ത്യയുടെ മക്ക എന്ന അപരനാമത്തിലും ഇത് അറിയപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിൽ മഹാനായ അക്ബർ ചക്രവർത്തി പണികഴിപ്പിച്ച ഒരു കൊട്ടാരവും ഇതിനടുത്തായി ഉണ്ട്. സൂഫി സന്യാസിയുടെ യഥാർത്ഥ ഭക്തനായ അക്ബർ ചക്രവർത്തി ഒരാൺകുഞ്ഞ് ജനിക്കുന്നതിനു വേണ്ടി ഭാര്യയോടൊപ്പം കാൽനടയായി ഇവിടെ വന്ന് പ്രാർത്ഥിക്കുമായിരുന്നുവെത്രെ. രജപുത്ര രാജാവായ പ്രിഥ്വിരാജ് ചൗഹാന്റെ മുത്തച്ഛനായ അർണോരാജ പണികഴിപ്പിച്ച കൃത്രിക തടാകമായ അനസാഗർ ദർഗയോടടുത്ത് സ്ഥിതി ചെയ്യുന്നു

“ജോധഅക്ബർ’ എന്ന ഹിന്ദി സിനിമയിലെ ക്വാജാജി എന്ന സുന്ദരമായ ഗാനമാണ് ദർഗയിലേക്കുള്ള വഴിയിലേയ്ക്ക് കടക്കുമ്പോൾ മനസ്സിലേക്ക് ഓടി വന്നത്. ഭക്തനായ അക്ബറായി ഋത്വിക്റോഷൻ എത്ര ഭംഗിയായാണ് ആ ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്.. ഇടുങ്ങിയ നേർവഴിയുള്ള തെരുവിന്റെ ഏറ്റവും അറ്റത്തായി ദർഗ തലയുയർത്തി നിൽക്കുന്നു. തെരുവിലേക്ക് വാഹനങ്ങൾക്ക് പ്രവേശനമില്ല. വസ്ത്രവ്യാപാരികളെയാണ് തെരുവിൽ കൂടുതലും കണ്ടത്. കടുത്ത വർണ്ണങ്ങളിലുള്ള വസ്ത്രങ്ങളാണ് എല്ലാ കടകളുടെയും മുന്നിൽ വിൽപ്പനക്കായി ഇട്ടിരിക്കുന്നത്. വർണാഭമായ തെരുവ് തിങ്ങി നിറഞ്ഞ് ജനങ്ങൾ ഒഴുകുന്നുണ്ടായിരുന്നു. മുടി മറയ്ക്കാതെ ദർഗയിലേക്ക് പ്രവേശനം അനുവദിക്കുകയില്ല. അടുത്തുള്ള കടയിൽ നിന്ന് ഭംഗിയുള്ള ഒരു ഷാൾ വാങ്ങി തലയിൽ ഇട്ട് ഞാനും, തലയിൽ ടവൽകെട്ടി മുടിമറച്ച് ഗംഗേട്ടനും ദർഗയിലേയ്ക്ക് നടന്നു.

സഞ്ചാരികളെ കാത്ത്
സഞ്ചാരികളെ കാത്ത്

ദർഗയി ലേക്കുള്ള പ്രധാന കവാടമാണ് ഏറ്റവും മുന്നിലുള്ള നിസാംഗേറ്റ്. ധാരാളം മുസ്ലീം വിശ്വാസികൾ കവാടത്തിന് മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. അതിനു പിന്നിലായി ഷാജഹാനി ഗേറ്റ് .ഈ കവാടങ്ങളെല്ലാം വെള്ളിയാൽ ആണ് നിർമ്മിച്ചിരിക്കുന്നത്.തുടർന്ന് ബുലന്ദ് ദർവാസ . മനോഹരങ്ങളായ കൊത്തുപണികളോടുകൂടിയ തൂണുകൾ ഇവിടുത്തെ പ്രധാന ആകർഷണമാണ്. ദർഗയുടെ മുകൾ ഭാഗത്ത് സ്വർണ്ണം പൂശിയിരിക്കുന്നു . ഒരു കൊച്ചുവഴിയിലൂടെ പ്രധാന ഭാഗത്തേയ്ക്ക് നടന്നു.. വഴിയിൽ കുറച്ച് പടികൾ കയറി ആളുകൾ എന്തോ എത്തി നോക്കുന്നത് കണ്ടപ്പോൾ ആകാംക്ഷ തോന്നി…പടികൾ കയറി താഴേയ്ക്ക് നോക്കിയപ്പോൾ ഒരാൾ വലുപ്പത്തിലുള്ള ഒരു കലത്തിൽ അരിയും പൈസയും ആളുകൾ നേർച്ച പോലെ ഇട്ടിരിക്കുന്നത് കണ്ടു. ഞങ്ങളും കുറച്ച് പൈസ അതിൽ നിക്ഷേപിച്ചു. എന്തോ അന്നദാനം പോലുള്ള സത്കർമ്മത്തിനാണ് അതെന്ന് മനസ്സിലായി.. പടിയിറങ്ങി വീണ്ടും നടന്നു ..പ്രധാന ഭാഗത്തേയ്ക്ക് പ്രവേശിക്കുന്നതിന് ഒരു വശത്തായി ചെറിയൊരു ഫൗണ്ടൻ നടുവിലായി ചതുരാകൃതിയിൽ കെട്ടിയ സ്ഥലത്ത് ജലം നിറച്ചിരിക്കുന്നത് കണ്ടു. ഭക്തർ കൈകൾ കൊണ്ട് തട്ടി വെള്ളം ചലിപ്പിക്കുന്നുണ്ടായിരുന്നു … മുസ്ലീം ആചാരങ്ങളെക്കുറിച്ച് ഒരു നിശ്ചയവും ഇല്ലാതിരുന്നതിനാൽ അത് എന്തിനാണെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. ഇവിടെ വന്നിട്ട് ഒരു മുസ്ലീം സുഹൃത്തിനോട് ചോദിച്ചിട്ടും കൃത്യമായ മറുപടി ലഭിച്ചില്ല.’

ഉള്ളിലേക്ക് പ്രവേശിക്കാൻ ചെറിയ വരിയുണ്ടായിരുന്നു. അവിടെയും നല്ല തിരക്ക്… കുറെ ഭക്തർ ഒരു വശത്ത് ഇരുന്ന് പ്രാർത്ഥിക്കുന്നുണ്ട്. മനസ്സിൽ ക്വാജയെ പ്രാർത്ഥിച്ച് ഉള്ളിലേയ്ക്ക് കടന്നു.. മതമേതായാലും ഈശ്വരൻ ഒന്നല്ലേയുള്ളൂ.. ശവകുടീരം മനോഹരമായി പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു .. അതിനു ചുറ്റും ധാരാളം പുരോഹിതരും ഉണ്ട്. ഉള്ളിലേയ്ക്ക് കടക്കുന്നവരുടെ തലയിൽ ഒരു വെളുത്ത ഷാൾ പോലെയുള്ള തുണികൊണ്ട് മൂടി അവർ പ്രാർത്ഥനകൾ ഉരുവിടുന്നുണ്ടായിരുന്നു. അകത്തു കടന്ന ഞങ്ങളുടെ തലയിലും തുണിയിട്ട് പ്രാർത്ഥിച്ചു.. ഹിന്ദിയോട് സാദൃശ്യമുള്ള ഭാഷയിലാണ് പറഞ്ഞിരുന്നത് …ഉറുദു ആവുമെന്ന് കരുതുന്നു. കാര്യമായി ഒന്നും മനസ്സിലായില്ലെങ്കിലും ഇതോടെ നിന്റെ പാപങ്ങൾ എല്ലാം തീർന്നിരിക്കുന്നു എന്ന് അവസാനം പറഞ്ഞത് വ്യക്തമായി മനസ്സിലായി. മനസ്സിൽ ലഡ്ഡു പൊട്ടിയ സന്തോഷം. ദക്ഷിണയായി നൂറു രൂപ കൊടുത്തപ്പോൾ ചെറുപ്പക്കാരനായ പുരോഹിതന്റെ മുഖം തെളിഞ്ഞു. കേരളത്തിൽ നിന്നാണല്ലേ എന്നൊരു കുശലാന്വേഷണവും അവസാനം പോക്കറ്റടിക്കാരെ സൂക്ഷിക്കണം എന്നൊരു ഉപദേശവും നൽകി ഞങ്ങളെ യാത്രയാക്കി.

sanjaram 1

അയാൾ പറഞ്ഞത് സത്യമായിരുന്നു. പോക്കറ്റടിക്കാരുടെ പ്രധാന വിഹാര കേന്ദ്രമാണ് അവിടം. ഭാഗ്യത്തിന് ഒന്നും നഷ്ടപ്പെട്ടില്ല.

പ്രധാന ഭാഗത്ത് നിന്ന് പുറത്തിറങ്ങിയപ്പോൾ വേറൊരു പടികളിലൂടെ ആളുകൾ കയറുന്നത് കണ്ടു. സ്വതസിദ്ധമായ ജിജ്ഞാസയാൽ അവിടേക്കും എത്തി നോക്കാൻ ഒരുപടി കയറിയതേയുള്ളൂ.. പെട്ടന്ന് ഒരു മധ്യവയസ്കൻ മുന്നിൽ ചാടി വീണ് ഗംഭീര ചീത്തവിളി. കാര്യം അറിയാതെ മിഴിച്ചു നിന്ന എനിക്ക് അവസാനമാണ് സംഭവം പിടി കിട്ടിയത്.. അവിടെ നിസ്കരിക്കുന്ന സ്ഥലം ആണെത്രെ. സ്ത്രീകൾക്ക് പ്രവേശനം ഇല്ല.

തല്ലു കൊള്ളുന്നതിന് മുൻപ് വേഗം പുറത്തേയ്ക്ക് നടന്നു.

ദർഗയിൽ നിന്ന് പുറത്ത് വന്നപ്പോൾ രാത്രി എട്ടുമണി കഴിഞ്ഞിരുന്നു. എന്തായാലും ഭക്ഷണ സമയത്ത് ഹോട്ടലിൽ തിരിച്ചെത്തില്ലെന്ന് ഉറപ്പായി.. തിരിച്ചു വരുന്ന വഴിയിൽ പാതയോരത്തെ ഒരു ഭക്ഷണശാലയിൽ കയറി. ആലുപൊറോത്ത

കൂടെ കശുവണ്ടി ക്കറി.. ഇത്ര രുചികരമായ ഒരു നോർത്ത് ഇന്ത്യൻ ഫുഡ് മുൻപ് കഴിച്ചിട്ടില്ല .. രാത്രി പന്ത്രണ്ട് മണിയോടെ ജയ്പ്പൂർ തിരിച്ചെത്തി…

(തുടരും)