ഭുവനേശ്വർ❤️ (കലിംഗ യാത്ര തുടരുന്നു)

ക്ഷേത്രനഗരം അഥവാ ടെമ്പിൾസിറ്റി എന്നാണ് ഭുവനേശ്വർ നഗരം അറിയപ്പെടുന്നത് രണ്ടാംദിവസത്തെ യാത്ര ഭുവനേശ്വറിലെ കാഴ്ചകൾ കാണാനായിരുന്നു. കലിംഗസാമാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഭുവനേശ്വർ. ജർമ്മൻആർക്കിടെക്ട് ആയ ഓട്ടോകോണിസ് ബർഗർ 1946ൽ ആണ് ആധുനിക ഭുവനേശ്വർ രൂപകല്പന ചെയ്തത്. 1948 ൽ ഒഡീഷയുടെ തലസ്ഥാനം കട്ടക്കിൽ നിന്നും ഭുവനേശ്വറിലേയ്ക്ക് മാറ്റി. പുരി ,കൊണാർക്ക്, ഭുവനേശ്വർ ചേർന്നതാണ് ഒഡീഷയിലെ ഗോൾഡൻ ട്രയാംഗിൾ എന്നറിയപ്പെടുന്നത്. ഖോർദ്ദ ജില്ലയിലാണ് ഈ ആസൂത്രിത നഗരം സ്ഥിതിചെയ്യുന്നത്. ക്ഷേത്രനഗരം എന്ന പേര് അന്വർത്ഥമാക്കും വിധം. പോകുന്ന വഴിയിലെല്ലാം ചെറുതുംവലുതുമായ ക്ഷേത്രഗോപുരങ്ങൾ തലപൊക്കി നിന്നിരുന്നു.

bhuvaneshwar 2

സാൻഡ് സ്റ്റോൺ പ്രത്യേക രീതിയിൽ വെട്ടി ക്രമീകരിച്ചാണ് ഒട്ടുമിക്ക ഗോപുരങ്ങളും നിർമ്മിച്ചിരിക്കുന്നത്. മനോഹരമായ പച്ചപ്പുൽ വിരിച്ച്നിൽക്കുന്ന ഒരു ഉദ്യാനത്തിന്റെ മുന്നിലാണ് വണ്ടി ചെന്നു നിന്നത്. ഒറീസ ടൂറിസം വകുപ്പ് പരിപാലിക്കുന്ന ‘രാജാറാണി ക്ഷേത്രം’ മനോഹരമായ ഒരു കൽചിത്രംപോലെ കുറച്ചകലെ പുൽമൈതാനത്തിന് അറ്റത്തായി തലയുയർത്തിനിന്നു. കരിങ്കൽ പാകിയ നടപ്പാതയിലൂടെ ക്ഷേത്രത്തിനരികിലേക്ക് നടന്നു. പതിനൊന്നാംനൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ലവ്ടെംപിൾ എന്നപേരിലും അറിയപ്പെടുന്നു. പഞ്ചരഥ ശൈലിയിലാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്. സാധാരണ ക്ഷേത്രങ്ങളിലെപോലെ പ്രതിഷ്ഠയോ പൂജാകർമ്മങ്ങളോ അവിടെ ഉണ്ടായിരുന്നില്ല.

വിമാന എന്നറിയപ്പെടുന്ന ഗർഭഗൃഹവും ജഗമോഹന എന്ന കവാടഭാഗവുമാണ് ക്ഷേത്രത്തിനുള്ളത്.18 മീറ്ററാണ് ഗർഭഗൃഹത്തിന്റെ ഉയരം. കവാടത്തിലൂടെ ഉള്ളിലേയ്ക്ക്പ്രവേശിച്ചപ്പോൾ തന്നെ വവ്വാൽ മൂത്രത്തിന്റെ അതിരൂക്ഷമായ ദുർഗന്ധം അനുഭവപ്പെടാൻ തുടങ്ങി .അകത്തു കടന്നവർ പലരും അതേവേഗത്തിൽ പുറത്തേയ്ക്ക് പോന്നു. കൂടെനിപ്പയെ സൂക്ഷിക്കണമെന്ന ഉപദേശവും. നൂറ്റാണ്ടുകൾക്ക് മുൻപ് ഒരു ദൈവം വാണിരുന്ന ശ്രീകോവിലാണത്… തനിച്ചായിരുന്നെങ്കിലും ഭയം തോന്നിയില്ല പ്രധാനഭാഗമായ ഗർഭഗൃഹത്തിലേയ്ക്ക് കടന്നു. വായുസഞ്ചാരം തീരെയില്ലാത്ത സമചതുരാകൃതിയിലുള്ള മുറി. പുറത്ത് കാണുന്ന കൊത്തുപണികൾ ഉള്ളിലില്ല. ദുർഗന്ധം അസഹനീയം. മുകളിലേക്ക് നോക്കിയപ്പോൾ നിറയെ വവ്വാലുകൾ തൂങ്ങി കിടക്കുന്നത് കണ്ടു. പണ്ടെങ്ങോ ഉണ്ടായിരുന്ന പ്രതിഷ്ഠയുടെ പീഠംമാത്രം തറയിൽ ഉണ്ട് … പ്രതിഷ്ഠ ഇപ്പോൾ ഇല്ലെങ്കിലും ശൈവചൈതന്യമാണ് ഇവിടെ ഉള്ളതെന്നായിരുന്നു വിശ്വസിക്കപ്പെടുന്നത്. അധികനേരം അവിടെനിൽക്കാൻ അന്തരീക്ഷം അനുവദിച്ചില്ല. കരിങ്കൽപീഠത്തിലയ്ക്ക് ഭക്തിയോടെ കണ്ണ്പായിച്ച് മഹാദേവനെ മനസ്സിൽ ധ്യാനിച്ച് തിരികെയിറങ്ങി.

bhuvaneshwar temple 3

തലേദിവസം യാത്ര തുടങ്ങിയെങ്കിലും യാത്രികർ പരസ്പരം അടുത്ത് പരിചയപ്പെട്ടത് അവിടെ വച്ചായിരുന്നു. ഗർഭഗൃഹത്തിനു മുകളിലുള്ള ഗോപരവും അതിമനോഹരമായ ശില്പങ്ങളും ക്ഷേത്രത്തിന്റെ മാറ്റ്കൂട്ടുന്നു. ക്യാമറകൾ ആർത്തിയോടെ മത്സരിച്ച് ചിത്രങ്ങൾ പകർത്തികൊണ്ടിരുന്നു. മനസ്സില്ലാമനസ്സോടെയാണ് അവിടെ നിന്ന് പോന്നത്. ദൗളഗിരിയായിരുന്നു അടുത്ത ലക്ഷ്യസ്ഥാനം. ഭുവനേശ്വർ നഗരത്തിൽ നിന്ന് 8 കി.മി മാറിയാണ് ദൗളഗിരി സ്ഥിതിചെയ്യുന്നത്. ദയാനദിയുടെ തീരത്താണ് ദൗളഗിരി .കലിംഗയുദ്ധത്തിൽ മനുഷ്യരക്തത്താൽ ചുവന്ന ദയാനദിയെ കണ്ട് ദു:ഖിതനായ അശോകചക്രവർത്തി മാനസാന്തരപ്പെട്ട് അഹിംസയുടെ പാത സ്വീകരിച്ചത് ഇവിടെവച്ചാണെന്ന് പറയപ്പെടുന്നു. തുടർന്ന് അദ്ദേഹം ബുദ്ധമതംസ്വീകരിക്കുകയും ചെയ്തു.ദൗളഗിരിയിലേക്ക് പോകുന്ന വഴിയിലാണ് ,”Gem of odisha Architecture or Kalinga Architecture ” എന്നപേരിൽ അറിയപ്പെടുന്ന മുക്തേശ്വര ടെമ്പിൾ.. സോമവംശി കാലഘട്ടത്തിലെ ആദ്യകാല നിർമ്മിതിയാണ് പേരുപോലെ അതിമനോഹരമായ ഈ ക്ഷേത്രം. ശൈവ ക്ഷേത്രമായ ഇതിൽ സാധാരണക്ഷേത്രങ്ങളിലെപോലെ പൂജാദികർമ്മങ്ങൾ നടന്നുവരുന്നുണ്ട്. വെട്ടുകല്ലുകളിൽ പണിതിറക്കിയ ക്ഷേത്രക്കുളവും ക്ഷേത്രത്തിനോട് ചേർന്നുതന്നെ സ്ഥിതി ചെയ്യുന്നു.. ഇതിൽ ഭക്തർ കുളിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

bhuvaneshwar

കേരളത്തിലെ ക്ഷേത്രങ്ങളിൽനിന്ന് വിഭിന്നമായി ശ്രീകോവിനുള്ളിൽ കടന്ന് ഭക്തർക്ക് ഈശ്വരനെ പൂജിക്കാൻ കഴിയും എന്നതാണ് അവിടെയുള്ള ക്ഷേത്രങ്ങളിൽ കണ്ട പ്രധാനസവിശേഷത. ഉപക്ഷേത്രങ്ങളും അവയുടെ ചെറിയഗോപുരങ്ങളും അകലെ നിന്ന് കണ്ടപ്പോൾ നമ്മുടെ നാട്ടിൽ ഓണത്തിന് തൃക്കാക്കരയപ്പനെ നിരത്തിവച്ചതുപോലെ തോന്നിപ്പോയി.. അവിടെ നിന്ന് വീണ്ടും ദൗളഗിരിയിലേക്ക് … ജപ്പാൻ ബുദ്ധസംഘയും കലിംഗ നിപ്പോൺ ബുദ്ധസംഘയും ചേർന്ന് 1972 ലാണ് ദൗളഗിരിയിൽ. പീസ് പഗോഡ നിർമ്മിച്ചത്. ഇന്ന് ഒട്ടേറേ സഞ്ചാരികൾ പീസ് പഗോഡ സന്ദർശിക്കാനെത്തുന്നു.

കുത്തനെയുള്ള മാർബിൾപടികൾ കയറിയിട്ടുവേണം ശാന്തി സ്തൂപത്തിനടുത്തെത്താൻ. ആരോഗ്യ പ്രശ്നമുള്ള പ്രായമായവർ അതിന് മിനക്കെടാതെ താഴെ ഇരുന്നു. സ്തൂപത്തിന്റെ നാലുവശങ്ങളിലും മാർബിളിലുഉള്ള ബുദ്ധപ്രതിമകൾ സ്ഥാപിച്ചിരുന്നു. അവിടെനിന്ന് നോക്കിയാൽ സമീപത്തായി ദയാനദി ഒഴുകുന്നത് കാണാം… അശോകൻ കണ്ട ചോരകലർന്നു ചുവന്നുപോയ നദിയ്ക്കു പകരം ചെളി കലർന്നു ചുവന്നനദിയായിരുന്നു എന്ന വ്യത്യാസംമാത്രം.. ഈ തീരങ്ങൾക്ക് എന്തുമാത്രം വേദനയുടെ കഥകൾ പറയാനുണ്ടാവും എന്ന ചിന്ത മനസ്സിൽ ചെറിയൊരു നോവുണ്ടാക്കി. നദിയിൽ വെള്ളംകുറവായിരുന്നു. മധ്യഭാഗത്തായി കാണപ്പെട്ട മണൽതിട്ടയ്ക്കും ചെളിയുടെനിറമായിരുന്നു.

bhuvaneshwar temple

സ്തൂപത്തിനടുത്ത് വച്ച് സന്യാസിയെപോലെ തോന്നിക്കുന്ന ഒരു യാചകനെ കണ്ടു. ഒരു സ്ഥലത്ത് ഇരുന്ന് അയാൾ മകുടി പോലുള്ള ഒരു സംഗീതഉപകരണം വായിക്കുന്നുണ്ടായിരുന്നു.. മുന്നിൽ വച്ച പാത്രത്തിൽ ആളുകൾ നാണയതുട്ടുകൾ നിക്ഷേപിക്കുന്നു. തലയിലെ ജഡ ഹിപ്പികളുടെ തൊപ്പിപോലെ വട്ടത്തിൽ പ്രത്യേകരീതിയിൽ വച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ തൊപ്പിയാണെന്നേ കരുതൂ. നീണ്ടുവളർന്ന താടി താഴെക്ക്ഒതുക്കി നീളത്തിൽ തറയിൽ ഇട്ടിരിക്കുന്നതുകണ്ടാൽ ആരും നോക്കി പോവും. പണംകൊടുക്കുന്നവരുടെ തലയിൽ വിശറിപോലെതോനുന്ന ഒരു വസ്തു കൊണ്ട് പതിയെതട്ടി അനുഗ്രഹിക്കുന്നുണ്ട് അയാൾ. ഞാൻ ഗംഗേട്ടനോടും അദ്ദേഹത്തിന് പണം കൊടുക്കാൻ പറഞ്ഞു. അയാളുടെ അനുഗ്രഹം ഞങ്ങളുടെ ക്യാമറയിലെ മനോഹരമായ ഒരു ചിത്രമായി മാറി.ഉച്ച ഭക്ഷണത്തിനായി വീണ്ടും ഹോട്ടലിലേയ്ക്ക്. ഉച്ചയ്ക്കുശേഷം ഒഡീഷ സ്റ്റേറ്റ് മ്യൂസിയവും നന്ദൻ കാനൻ മൃഗശാലയും …അതായിരുന്നു അന്നത്തെ പ്രോഗ്രാം