ഷാജഹാനും മുംതാസും താജ്മഹലും കുട്ടിക്കാലം തൊട്ടേ കേട്ടുവളർന്ന കഥകളാണ്. .. എന്നാൽ ഇവരുടെ പുത്രി ജഹനാരയെക്കുറിച്ച് കേട്ടിട്ടുണ്ടോ… മാതൃഭൂമി ഹരിശ്രീയിലാണ് ജഹനാരയെക്കുറിച്ച് ആദ്യം വായിച്ചത് … ഹൃദയത്തിൽ അവളൊരു നൊമ്പരമായപ്പോൾ ഞാനവളെ തേടിപിടിച്ച് വായന തുടർന്നു. പ്രണയത്തിൻ്റെയും നഷ്ടസ്വപ്നങ്ങളുടെയും രാജകുമാരിയാണവൾ. ചരിത്രം അവളെ ഷാഡോ പ്രിൻസസ് എന്നാണ് വിളിക്കുന്നത്. ആഗ്രഫോർട്ടിനെക്കുറിച്ച് പറയുന്നതിനു മുൻപേ അവളെക്കുറിച്ചാണ് പറയേണ്ടത് …. രാജകുമാരി എന്ന കാരണം കൊണ്ട് മാത്രം നഷ്ടമായ അവളുടെ പ്രണയത്തെ പറ്റി…. നിഴൽ പോലെയുള്ള അവളുടെ ജീവിതത്തെ പറ്റി … അവളുടെ വേദനകളെ പറ്റി.. അവളെ തേടിയായിരുന്നു ആഗ്രഫോർട്ടിലേക്കുള്ള യാത്ര.

pothusaba
പൊതുസഭ

ഷാജഹാൻ്റെയും മുതാംസിൻ്റെയും മൂത്ത പുത്രി ആയിരുന്നു ജാനി എന്ന ഓമനപേരുള്ള ജഹനാര.. അവളുടെ പതിനേഴാമത്തെ വയസ്സിൽ അമ്മ മുംതാസ് മരിക്കുമ്പോൾ പിതാവ് ഷാജഹാന് മറ്റ് മൂന്നുഭാര്യമാർ ഉണ്ടായിട്ടും ചക്രവർത്തിനി സ്ഥാനം നൽകിയത് ജഹനാരക്കായിരുന്നു. അമ്മ മുംതാസിനോട് കിടപിടിക്കുന്ന സൗന്ദര്യവും അപാര പാണ്ഡിത്യവും, ഭരണപാടവവും അവൾക്കുണ്ടായിരുന്നു … കലകളെയും സാഹിത്യത്തെയും പ്രണയിച്ചിരുന്നവൾ. മുംതാസിൻ്റെ മരണത്തോടെ മറ്റൊന്നിലും ശ്രദ്ധിക്കാതിരുന്ന പിതാവിനെയും താഴെയുള്ള സഹോദരങ്ങളെയും പരിപാലിക്കേണ്ട ചുമതല അവൾ സന്തോഷത്തോടെ ഏറ്റെടുത്തു.

അതിമനോഹരമായ ഒരു പ്രണയം അവൾക്കുണ്ടായിരുന്നതായി പറയപ്പെടുന്നു.. ബുന്ദിയിലെ രാജാവായ ഛത്രസാലനായിരുന്നു അവളുടെ പ്രണയം എന്ന് ഒരു വിഭാഗം ആളുകൾ പറയുന്നു. ഛത്രസാലനുമായി വളരെ അടുത്ത ബന്ധം അവൾക്കുണ്ടായിരുന്നു. ഒരിക്കൽ അവർ ഒരുമിച്ച് താജ്മഹൽ സന്ദർശിക്കുമ്പോൾ പ്രിയപ്പെട്ടവരുടെ പേര് അവിടെ വച്ച് ഉറക്കെ വിളിച്ചാൽ പ്രണയം സഫലമാകും എന്നാണ് വിശ്വാസം എന്ന് കേട്ട് ഛത്രസാലൻ “ജഹനാര ”എന്ന് ഉറക്കെ വിളിച്ചു എന്നൊരു കഥയുണ്ട്. എന്നാൽ സാധാരണക്കാരിൽ സാധാരണക്കാരനായ ഒരാളായ മിർസഖാൻ ആയിരുന്നു അവളുടെ പ്രണയമെന്നും പറയപ്പെടുന്നു. ജഹനാരയുടെ പ്രണയത്തെ പറ്റിയുള്ള അവ്യക്തത ഇന്നും തുടരുന്നു. ആ രഹസ്യം തന്നിൽ തന്നെ ഒതുങ്ങട്ടെ എന്നവൾ തീരുമാനിക്കുകയായിരുന്നു.

ജഹാംഗീറിൻ്റെ സിംഹാസനം
ജഹാംഗീറിൻ്റെ സിംഹാസനം

മുഗൾ രാജകുമാരിമാർ വിവാഹിതരാകാൻ പാടില്ല എന്ന മുത്തച്ഛൻ അക്ബറുടെ നിയമം ഉള്ളതിനാൽ അവളുടെ പ്രണയം മനസ്സിൽ തന്നെ ഒതുങ്ങി … അനിയൻ ധാര ഷിക്കോവ് രാജാവാകുമ്പോൾ ഈ നിയമം പിൻവലിക്കുമെന്നും തൻ്റെ പ്രണയം പൂവണിയുമെന്നും അവൾ പ്രതീക്ഷിച്ചിരുന്നു. താൻ രാജാവാകുമ്പോൾ ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ചു കൊള്ളാനുള്ള സ്വാതന്ത്ര്യം ധാര ജാനിക്ക് കൊടുത്ത വാക്കായിരുന്നു. എന്നാൽ സഹോദരൻ ഔറംഗസീബിനാൽ ധാര വധിക്കപ്പെടുകയും ഷാജഹാൻ ആഗ്രക്കോട്ടയിൽ തടവിലാക്കപ്പെടുകയും ചെയ്തപ്പോൾ തൻ്റെ സ്വപ്നങ്ങൾ ചീട്ടുകൊട്ടാരം പോലെ തകരുന്നത് അവൾ അറിഞ്ഞു .. പിതാവിനോടൊപ്പം അവളും ആഗ്രക്കോട്ടയിൽ തടവിലായി… പ്രായമായ പിതാവിനെ ശുശ്രൂഷിച്ച് … ഒരു നിഴൽ പോലെ അവളാകൊട്ടാരത്തിൽ ജീവിച്ചു .. പ്രത്യാശയുടെ ഒരു കിരണം പോലുമില്ലാതെ..

അങ്കുരീബാഗ് പൂന്തോട്ടം... സമീപം ഖാസ് മഹൽ
അങ്കുരീബാഗ് പൂന്തോട്ടം… സമീപം ഖാസ് മഹൽ

അവിടെ വെച്ച് അവൾ തൻ്റെ ആത്മകഥ എഴുതി;, പിന്നീട് അതിൻ്റെ കുറെ ഭാഗം അവൾ തന്നെ നശിപ്പിച്ചു. തന്നോടൊപ്പം തന്നെ ആ രഹസ്യങ്ങളും വേദനകളും മണ്ണിടിയട്ടെ എന്നവൾ ആഗ്രഹിച്ചു കാണും. എന്നാൽ അതിൻ്റെ കുറച്ചു ഭാഗം ജാസ്മിൻ കൊട്ടാരത്തിൽ അവൾ ഒളിപ്പിച്ചു വച്ചു.വർഷത്തോളം കല്ലിനടിയിൽ കിടന്ന അവളുടെ പഴകി ദ്രവിച്ച ആത്മകഥയുടെ അവശിഷ്ടങ്ങൾ ആൻഡ്രിയ ബൂട്ടസെൻ എന്ന ഫ്രഞ്ചു വനിതയാണ് കണ്ടെടുത്തതും പ്രസിദ്ധീകരിച്ചതും. ജാനി തൻ്റെ ആത്മകഥ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്

” ഞാൻ ഈ എഴുത്തുകൾ ജാസ്മിൻ കൊട്ടാരത്തിൻ്റെ കല്ലിനടിയിൽ സൂക്ഷിച്ചു പോകും. ഭാവിയിൽ എന്നെങ്കിലും ജാസ്മിൻ കൊട്ടാരം നശിക്കും. അപ്പോൾ എൻ്റെ ആത്മകഥ അതിൻ്റെ അവശിഷ്ടങ്ങൾക്കുള്ളിൽ നിന്ന് മനുഷ്യർക്ക് ദൃഷ്ടിഗോചരമാകും. ചക്രവർത്തി ഷാജഹാൻ്റെ പുത്രി ജഹനാരയെ പോലെ ദീനയും ദു:ഖിതയുമായി ആരും ഉണ്ടായിരുന്നില്ലെന്ന് മനുഷ്യർ അറിഞ്ഞുകൊള്ളും”

deepa

ആഗ്രഫോർട്ടിലേക്ക് നടക്കുമ്പോൾ ജാനിയായിരുന്നു മനസ്സിൽ. താജ്മഹലിൽ നിന്നും രണ്ടര കി.മി വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് അർദ്ധ വൃത്താകൃതിയിൽ ഉള്ള ആഗ്ര കോട്ട സ്ഥിതി ചെയ്യുന്നത്. മുഗൾ ചക്രവർത്തിയുടെ അക്ബറുടെ കാലത്താണ് കോട്ടയുടെ പ്രധാന ഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ചുവന്ന മണൽ കല്ലുകൾ കൊണ്ട് നിർമ്മിച്ച കോട്ടയ്ക്ക് നാലു ഭാഗത്ത് കവാടങ്ങൾ ഉണ്ടെങ്കിലും തെക്കുഭാഗത്തുള്ള അക്ബർ ദർവാസ യിലൂടെയാണ് പ്രവേശനം .. 70 അടി ഉയരത്തിൽ ഉള്ള കോട്ടയ്ക്ക് ചുറ്റും കിടങ്ങുകൾ ഉണ്ടായിരുന്നു. കോട്ടയുടെ കുറെ ഭാഗം ഇന്ന് ഇന്ത്യൻ സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഭാഗമാണ് സന്ദർശകർക്കായി തുറന്നു നൽകിയിരിക്കുന്നത്

ആദ്യമായി ഒരു ഗൈഡിനെ സംഘടിപ്പിക്കുകയാണ് ചെയ്തത്. ഗൈഡിൻ്റെ സഹായം ഇല്ലാതെ ജാനിയെ എനിക്കവിടെ കണ്ടെത്താൻ കഴിയില്ല എന്നുറപ്പായിരുന്നു. ജഹനാരയെ പറ്റി ചോദിച്ചപ്പോൾ പഞ്ചാബിയായ അയാളുടെ കണ്ണുകളിൽ അത്ഭുതം … വല്ലാത്തൊരു ആവേശത്തോടെ അയാൾ അവളുടെ കഥ പറഞ്ഞു തുടങ്ങി… അയാൾക്കറിയില്ലല്ലോ അവളെൻ്റെ പ്രിയസഖി ആണെന്ന്. അവളെ തേടിയാണ് ഞാനീ ആഗ്രഫോർട്ടിലേക്ക് വന്നിട്ടുള്ളതെന്ന്.

കോട്ടയിൽ നിന്നും ദൂരെ കാണുന്ന താജ് മഹൽ.. വരണ്ടു കിടക്കുന്ന യമുനാ നദി
കോട്ടയിൽ നിന്നും ദൂരെ കാണുന്ന താജ് മഹൽ.. വരണ്ടു കിടക്കുന്ന യമുനാ നദി

പ്രധാന കവാടത്തിലൂടെ കോട്ടയുടെ അകത്തേക്ക് പ്രവേശിച്ചു. കോട്ടയ്ക്ക് ചുറ്റുമുള്ള കിടങ്ങിനു മുകളിൽ മരം കൊണ്ട് മടക്കാവുന്ന പാലം അന്ന് ഉണ്ടായിരുന്നെത്രെ. .രണ്ടു വശത്തും ഉയരത്തിൽ മതിലുകളുള്ള ചരിഞ്ഞ പ്രതലത്തിലൂടെയാണ് കോട്ടയുടെ ഉൾഭാഗത്തേക്കുള്ള നടത്തം. ശത്രുക്കൾ ആക്രമിക്കാൻ വന്നാൽ തിളച്ച എണ്ണ അതിലൂടെ ഒഴിക്കുമായിരുന്നെത്രെ. കോട്ട നിർമ്മിച്ചവരുടെ ബുദ്ധി സമ്മതിക്കാതെ വയ്യ.

കോട്ടയുടെ തെക്കു കിഴക്കേ ഭാഗത്ത് കല്ലുപാകിയ നടുമുറ്റമുള്ള അക്ബരി മഹലും അതിനപ്പുറത്തായി മനോഹരമായ പുൽമൈതാനത്തോട് ചേർന്ന് ജഹാംഗീരി മഹലും തലഉയർത്തി നിന്നു. ചുവന്ന മണൽ കല്ലിനാൽ നിർമ്മിച്ച ജഹാംഗീരി മഹൽ കോട്ടയുടെ അന്തപുരമായിരുന്നു എന്ന് പറയപ്പെടുന്നു.. അക്ബറുടെ രജപുത്ര ഭാര്യമാരാണെത്രെപ്രധാനമായും ഇവിടെ താമസിച്ചിരുന്നത്.

മുസമ്മൻ ബുർജ്
മുസമ്മൻ ബുർജ്

ജാനിയെക്കുറിച്ചുള്ള എൻ്റെ ആകാംക്ഷ കൊണ്ടാവാം .. ഖാസ് മഹലിലേക്കാണ് ഗൈഡ് ഞങ്ങളെ പിന്നീട് കൊണ്ടുപോയത്.ഷാജഹാൻ തൻ്റെ പെൺകുട്ടികൾക്കായി പണി കഴിപ്പിച്ച വെണ്ണക്കൽ മന്ദിരം … ജഹനാരയും രോഷാനയും ഓടിക്കളിച്ച സ്ഥലങ്ങൾ..ജാനി തൻ്റെ പ്രണയ സ്വപ്നങ്ങൾ നെയ്തുകൂടിയ സ്ഥലം.. വാതിലുകൾ ഇല്ലാത്ത നിർമ്മിതികളാണ്. വർണ്ണപകിട്ടുള്ള കർട്ടനുകളാണ് അതിനു പകരം അക്കാലത്ത് ഉപയോഗിച്ചിരുണത് .. ആഗ്ര കോട്ടക്കുള്ളിലെ ഷാജഹാൻ്റെ നിർമ്മിതികൾ മുഴുവനും വെണ്ണകല്ലിലാണ്. മാളികയുടെ മുന്നിൽ ജലധാരയോടു കൂടിയ മനോഹരമായ ഒരു കുളമുണ്ട്. പടിഞ്ഞാറുവശത്തായി മനോഹരമായ അംഗുരീബാഗ് പൂന്തോട്ടവും കണ്ടു. ഖാസ് മഹലിന് കിഴക്ക് ഭാഗത്ത് യമുനാ നദിയാണ്.ഖാസ് മഹലിൽ നിന്ന് ദൂരെ നദിക്കരയിലുള്ള താജ്മഹലിനെ കണ്ടു. ” നദികളിൽ സുന്ദരി യമുനാ… പാട്ട് ഓർമ്മ വന്നു… പക്ഷെ ഈ യമുന സുന്ദരിയല്ല. മലിനമാണ്.. കറുത്ത വെള്ളം ചാലായി ഒഴുകുന്നു ..പ്ലാസ്റ്റിക് വെയിസ്റ്റുകൾ.. ഹൃദയത്തിലെ സുന്ദരിയായ യമുനയുടെ ചിത്രം ചില്ലുപാത്രം പോലെ താഴെ വീണുടയുന്നതറിഞ്ഞു.

മച്ചി ഭവൻ
മച്ചി ഭവൻ

കോട്ടയിലെ ചക്രവർത്തിമാരുടെയും പ്രഭുക്കൻമാരുടെയും സ്വകാര്യസഭ ആയ ദിവാനി ഇ ഖാസ്. ദിവാനി ഖാസിനു മുന്നിലുള്ള ജഹാംഗീറിൻ്റെ കറുത്ത കല്ലുകൊണ്ടുള്ള സിംഹാസനത്തിൽ ബ്രട്ടീഷ് ആക്രമണത്തിൽ പീരങ്കിയുണ്ട പതിച്ച് കേടുപറ്റിയിട്ടുണ്ട് .. തൊട്ടപ്പുറത്തായി നടുമുറ്റത്തോടെ മച്ചി ഭവൻ സ്ത്രീകളുടെ താമസസ്ഥലമാണ് … അക്ബറിൻ്റെ 300 ലേറേ വെപ്പാട്ടിമാർ ഇവിടെയാണ് താമസിച്ചിരുന്നതെന്നറിയുന്നു. അതിനു മുൻവശത്തായി അക്ബറുടെ വെളുത്ത സിംഹാസനം .. ആറ് ഭാര്യമാരും മുന്നൂറിലേറേ വെപ്പാട്ടികളും ഉണ്ടായിരുന്ന ആ “മഹാനായ ” മനുഷ്യനാണ് മുഗൾ രാജകുമാരിമാർക്ക് വിവാഹം നിഷേധിച്ചത്… ചരിത്രത്തിൻ്റെ ക്രൂരത

പൊതുസഭയായ ദിവാൻ ഇ ആം പരന്ന മേൽക്കൂരയുള്ള വൻസഭാ മന്ദിരമാണ് .. വെണ്ണകല്ലിൽ നിർമ്മിച്ച ചക്രവർത്തി ഇരിക്കുന്ന സ്ഥലം ചരിത്ര സിനിമകളിൽ കണ്ട് പരിചയം തോന്നി. ആളുകൾ അതിനു മുന്നിൽ നിന്ന് മത്സരിച്ച് ഫോട്ടൊ എടുക്കുന്നുണ്ടായിരുന്നു.

118787136 3208916685863571 3395385780908108493 n

ഷാജഹാൻ തൻ്റെ ഭാര്യ മുംതാസിനു വേണ്ടി വെണ്ണകല്ലിൽ നിർമ്മിച്ച മനോഹരമായ അഷ്ടഭുജാകൃതിയിലുള്ള മൂസമ്മൻ ബുർജിലേക്കാണ് അവസാനം പോയത്. യമുനാ നദിയുടെ തീരത്താണ് ഈ മാളിക … അവിടെ നിന്ന് നോക്കിയാൽ ദൂരെ ഒരു ഛായാചിത്രം പോലെ താജ്മഹൽ നിലനിൽക്കുന്നതു കാണാം… ഔറംഗസീബിനാൽ തടവിലായ ഷാജഹാൻ ഏഴുവർഷവും ഈ മാളികയിലാണ് കഴിച്ചുകൂട്ടിയതെത്രെ. ദൂരെ താജ്മഹൽ നോക്കി നെടുവീർപ്പിടുന്ന ഒരു ചക്രവർത്തി യെയും അരികെ പാവമൊരു രാജകുമാരിയെയും ഞാനവിടെ കണ്ടു… അവളുടെ അടക്കിപ്പിടിച്ച തേങ്ങലുകൾ കേട്ടു … ഒരു നിഴലായി തറയെ പോലും ചവിട്ടി നോവിക്കാതെ അവൾ അവിടെ എവിടെയോ പോയ് മറഞ്ഞു. അവൾ നിന്നിരിക്കാവുന്ന സ്ഥലത്ത് നിന്ന് ദൂരെ താജ്മഹലിലേക്ക് നോക്കുമ്പോൾ കണ്ണുകൾ ഈറനായിരുന്നു.

ഷാജഹാൻ മരിച്ചതിനെ പറ്റി തൻ്റെ ആത്മകഥയിൽ അവൾ ഇങ്ങനെ എഴുതിയിട്ടുണ്ട്. ഭാരത ചക്രവർത്തിയുടെ ശവസംസ്കാര ചടങ്ങിന് വെറും ആറേ ആറു പേർ മാത്രമാണ് പങ്കെടുത്തത്… പാതിരാത്രിയിൽ ആഗ്ര കോട്ടയുടെ മതിൽ തുരന്ന് തോണിയിൽ യമുനാ നദിയിലൂടെ മൃതദേഹം താജ്മഹലിൽ എത്തിച്ച് ഖബർ അടക്കുകയായിരുന്നെത്രെ..

അക്ബറിൻ്റെ സിംഹാസനവും മച്ചി ഭവനും
അക്ബറിൻ്റെ സിംഹാസനവും മച്ചി ഭവനും

പിതാവിൻ്റെ മരണശേഷവും അവൾ തടവിൽ തുടർന്നു… പിന്നീട് മോചിതയായ അവൾ മാനുഷികമൂല്യങ്ങൾ വച്ച് ഔറംഗസീബിന് മാപ്പു നൽകിയെത്രെ.. കോടിക്കണക്കിന് വരുന്ന തൻ്റെ സമ്പത്ത് മുഴുവനും പാവങ്ങൾക്ക് ദാനം ചെയ്ത് സൂഫിസം ആത്മീയ പാതയായി തെരഞ്ഞെടുത്തു. സൂഫി സാഹിത്യത്തിലെ ക്ലാസിക്കുകളായ സന്യാസിമാരായ മൊഫിയുദ്ദീൻ ചിസ്തിയുടെയും മുല്ലാ ഷായുടെയും ജീവചരിത്രങ്ങൾ ജാനിയുടെ രചനകളാണ്

ദില്ലിയുടെ ഹൃദയഭാഗത്തുള്ള ചാന്ദ്നി ചൗക്കിൻ്റെ നിർമ്മാണ ശില്പി ജഹനാര ആയിരുന്നു. ജീവിച്ചിരിക്കുമ്പോൾ തന്നെ ചാന്ദ്നി ചൗക്കിലുള്ള സൂഫിവര്യൻ നിസാമുദ്ദീൻ ഔലിയുടെ ദർഗയ്ക്ക് സമീപം അവൾ ആർഭാടമില്ലാതെ അവൾക്കായൊരു ഖബർ ഒരുക്കി .. കവി അമീർ ഖുസ്രുവിൻ്റെ കബറിടവും അവിടെയാണ് .

മരണപ്പെടുമ്പോൾ തൻ്റെ ഖബർസ്ഥാനം യാതൊന്നുകൊണ്ടും അലങ്കരിക്കരുതെന്ന് അവൾ നിർദ്ദേശിച്ചിരുന്നു… മേൽക്കൂരയില്ലാത്ത ആ മാർബിൾ കെട്ടിനുള്ളിൽ ഇന്നവൾ ഉറങ്ങുന്നു. പ്രണയത്തിൻ്റെയും നഷ്ടസ്വപ്നങ്ങളുടെയും രാജകുമാരി

” പുൽപരപ്പ് അല്ലാതെ എൻ്റെ സമാധിക്കുമേൽ ഒരു ആവരണവും പാടില്ല.

ഈ എളിയവളുടെ സമാധിയുടെ മേൽ വിരി ഹരിത തൃണമായിരിക്കട്ടെ”

ജഹനാര❤️

ആഗ്രഫോർട്ടിൽ നിന്നും പുറത്തു കടന്നപ്പോൾ ഗൈഡ് പറഞ്ഞു. നൂറു പുത്രൻമാർക്ക് തുല്യമാണ് ഒരു പുത്രി… അവളാണ് പിതാവിൻ്റെ സാമ്രാജ്യം … അവളാണ് സ്നേഹം.. അവളാണ് ത്യാഗം.. അവളാണ് പ്രണയം… അവൾ ഈശ്വരന് തുല്യമാണ്… അദ്ദേഹം എൻ്റെ മകളുടെ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്ന കാഴ്ച നിർവൃതിയോടെയാണ് നോക്കി നിന്നത്.