(ഒറീസ്സ ഓർമ്മകൾ )

പൗരാണികമായ കലിംഗ യുദ്ധത്തിന്റെ പേരിലാണ് കലിംഗ സാമ്രാജ്യത്തെക്കുറിച്ച് ആദ്യമായി കേട്ടിട്ടുള്ളത്. മൗര്യ ചക്രവർത്തി അശോകൻ കലിംഗദേശം ആക്രമിച്ച് കീഴ്പ്പെടുത്തിയെന്നും യുദ്ധഭൂമി സന്ദർശിച്ച ചക്രവർത്തി മനുഷ്യരക്തത്താൽ ചുവന്ന ദയാനദിയെ കണ്ട് മാനസാന്തരം വന്ന് ബുദ്ധമതം സ്വീകരിച്ചെന്നും ചരിത്രം പറയുന്നു.

പാലക്കാടുള്ള ത്രിവേണി ടൂർസ് ഏൻറ് ട്രാവൽസിന്റെ ഇറ്റനെറ്റി കണ്ടപ്പോൾ ആദ്യമായി കണ്ണുടക്കിയത് കൊണാർക്ക് എന്ന പേരിൽ ആയിരുന്നു.” ഇവിടെ കല്ലുകളുടെഭാഷ മനുഷ്യന്റെഭാഷയെ നിർവ്വീര്യമാക്കുന്നു” എന്ന ടാഗോറിന്റെ വാക്കുകൾ, ഹൈസ്കുൾ ക്ലാസിലെ ചരിത്രപുസ്തകത്തിന്റെ പുറംതാളിൽ ആദ്യമായികണ്ട കല്ലിൽകൊത്തിയ രഥചക്രങ്ങൾ – കൊണാർക്ക് സൂര്യക്ഷേത്രം.. അതൊരു സ്വപ്നമായിരുന്നു.. പുരി, കൊണാർക്ക്, ഭുവനേശ്വർ ഇതായിരുന്നു യാത്രയിലെ പ്രധാനസ്ഥലങ്ങൾ . അദ്ധ്യാപകനായിരുന്ന കാലത്ത് അച്ഛൻ ഇൻസർവ്വീസ്കോഴ്സിന്റെ ഭാഗമായി ഒരു വർഷം ഭുവനേശ്വറിൽ താമസിച്ചിരുന്നു. അച്ഛന് ആ നാട് ഒന്നുകൂടെ കാണണം എന്ന ആഗ്രഹവുംകൂടി ആയപ്പോൾ യാത്രയ്ക്കുള്ള പച്ചക്കൊടി പാറി.

kalinga

ഞങ്ങളുടെ കുടുംബം, ഗംഗേട്ടന്റെ ചങ്ക് സുഹൃത്ത് ഡോ.പ്രദീഷും കുടുംബവും പിന്നെ കസിൻ ജിതേഷും ഫാമലിയും ഇതായിരുന്നു ഒഡീഷയാത്രയിലെ ഞങ്ങളുടെ ടീം .. ഞങ്ങളെ കൂടാതെ പാലക്കാട് നിന്ന് മൂന്ന് യാത്ര പ്രേമികളായ ചേച്ചിമാരടക്കം ആകെ 22 പേരാണ് യാത്രസംഘത്തിൽ ഉണ്ടായിരുന്നത്.- ത്രിവേണിടൂർസിന്റെ മാനേജരും ഉടമസ്ഥനും ചെറുപ്പക്കാരനുമായ മുരളീധരൻ എന്ന മുരളിയായിരുന്നു ഞങ്ങളുടെ ടീംലീഡർ.ആദ്യമേ തന്നെ പറയട്ടെ ആരെയും ആകർഷിക്കുന്ന സ്വഭാവവും യാത്രയിലുടനീളം അദ്ദേഹം പ്രകടിപ്പിച്ച ക്ഷമാശീലവും അദ്ദേഹത്തെ ഞങ്ങൾക്ക് പ്രിയപ്പെട്ടൊരാളാക്കി മാറ്റി കഴിഞ്ഞിരുന്നു.

യാത്ര ഒന്നാം ദിവസം

ആഗസ്റ്റ് 5 രാവിലെ 10.15ന് കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നും ചെന്നൈയിലേക്കാണ് ആദ്യ യാത്ര. അവിടെ നിന്നുള്ള കണക്ഷൻഫ്ലൈറ്റായിരുന്നു ഭുവനേശ്വരിലേയ്ക്ക്. തെളിഞ്ഞ കാലാവസ്ഥയിൽ വിമാനം ചെന്നൈയിൽ ഇറങ്ങി. എയർപോർട്ടിൽ നടക്കുമ്പോൾ പ്രദീഷിന്റെ വൈഫ് പിങ്കിയുടെ മുഖം തിളങ്ങുന്നുണ്ടായിരുന്നു.ഇത് നമ്മഊര് .. സന്തോഷംകൊണ്ട് പിങ്കിയിലെ നാഗവല്ലി ഉണർന്നു കഴിഞ്ഞു.ആള് ജനിച്ചതും വളർന്നതുമെല്ലാം അവിടെ ആയിരുന്നു … വീണ്ടും സ്വന്തം വീട്ടിൽ എത്തിചേർന്ന കുട്ടിയായി… സന്തോഷത്തിൽ പങ്കുചേർന്ന് നടക്കുമ്പോൾ പെട്ടന്നതാ മുന്നിലൊരു താടിക്കാരൻ. കണ്ണ്മിഴിച്ച് ഒന്നൂടെ നോക്കി… സാക്ഷാൽ പ്രഭുദേവ ഒന്നും ആലോചില്ല ഓടിച്ചെന്ന് ഹലോ പറഞ്ഞു. കൂടെനിന്ന് ഫോട്ടൊ എടുത്തു .സിനിമയിൽ കാണുന്നതിലും എത്രയോ സുന്ദരൻ, ഡൗൺ ടു എർത്ത് അതാണ് പ്രഭുവിന് ചേരുന്ന വിശേഷണം – ഒരു ഡാൻസറുടെ യോ സിനിമാനടന്റെയോ യാതൊരു ജാഡയും ഇല്ലാതെ സാധാരണക്കാരിൽ സാധാരണക്കാരനായി നടന്നുനീങ്ങുന്ന മനുഷ്യനെ അത്ഭുതത്തോടെയാണ് നോക്കി നിന്നത്. പോകുന്ന വഴികളിലെല്ലാം ക്ഷമയോടെ അദ്ദേഹം സെൽഫികൾക്ക് പോസ് ചെയ്യുന്നത് കണ്ടു.

kalinga temple

ചെന്നെയിൽ നിന്ന് ഉയർന്ന വിമാനം രണ്ടേകാലോടെ ഭുവനേശ്വർ ബിജു പട്നായ്ക് ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങുമെന്ന് പൈലറ്റിന്റെ അനൗൺസ്മെന്റ് വന്നു. താഴ്ന്ന്പറക്കുന്ന വിമാനത്തിൽ നിന്ന് താഴേയ്ക്ക് നോക്കിയപ്പോൾ മറ്റൊരു കേരളം തന്നെയാണ് കണ്ടത്. പച്ചപ്പും വിശാലമായ പാടങ്ങളും ഇതിനിടെ തലയുയർത്തി നിൽക്കുന്ന തെങ്ങിൻതോപ്പുകളുമൊക്കെ കാണാൻ കഴിഞ്ഞു. പക്ഷെ ഉയർന്നു നിൽക്കുന്ന വൃക്ഷങ്ങളെല്ലാം ഒരേ ദിശയിലേയ്ക്ക് ചാഞ്ഞിട്ടുണ്ട് ..തെങ്ങിൻപട്ടകളും നാളികേരകുലകളും ഒടിഞ്ഞുതൂങ്ങി മറുവശത്തേക്ക് ചാഞ്ഞിരിക്കുന്നു. പെട്ടന്ന് ഫാനിയെ ഓർമ്മ വന്നു. ഫാനി ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ നിന്ന് ഇനിയും അവ മുക്തി നേടിയിട്ടില്ല. ഫാനിയുടെ സംഹാരതാണ്ഡവം ആ നാട്ടിൽ എത്ര തീവ്രമായിരുന്നു എന്ന് ആ വൃക്ഷങ്ങൾ മാത്രം കണ്ടാൽ മനസ്സിലാവും. കൊച്ചിയെ വച്ചു നോക്കുമ്പോൾ ചെറിയൊരു വിമാന താവളമായിരുന്നു അത്. അതിനുള്ളിൽ ഒരു വശത്ത് നിർമ്മിച്ചു കണ്ട ഒഡീഷ ടൂറിസത്തിന്റെ സാന്റ് ആർട്ട് അതിമനോഹരമായിരുന്നു. എയർപോർട്ടിൽ നിന്ന് നേരേ ഹോട്ടലിലേക്കാണ് പോയത്. ഒരു തലശ്ശേരിക്കാരന്റെ ഉടമസ്ഥതയിൽ ഉള്ള ഹോട്ടലാണെന്ന് മുരളി പറഞ്ഞു. റൂമുകളുടെ നിലവാരം വിചാരിച്ച അത്ര തൃപ്തികരം എന്നു പറയാൻ കഴിയില്ലെങ്കിലും അവിടുത്തെ വെജിറ്റേറിയൻ ഭക്ഷണത്തിന്റെ സ്വാദ് എടുത്ത് പറയേണ്ടത് തന്നെയാണ്. പിന്നീടുള്ള മൂന്നു ദിവസവും താമസം അവിടെ തന്നെ ആയിരുന്നു. 4 മണിയക്ക് വണ്ടിവരും എല്ലാവരും തയ്യാറായി താഴേയ്ക്ക് വരണം എന്ന് മുരളിയുടെ അറിയിപ്പുണ്ടായി. എല്ലാവരും കൃത്യസമയത്തു തന്നെ വാഹനത്തിൽ കയറി. ആദ്യ യാത്ര ഭുവനേശ്വർ നഗരത്തോടു ചേർന്നു തന്നെയുള്ള ഉദയഗിരി – ഗണ്ടാഗിരി ഗുഹകളിലേക്കായിരുന്നു.

അൽപ്പം ചരിത്രം പറഞ്ഞാൽ ബി.സി രണ്ടാം നൂറ്റാണ്ടിൽ ഖരവേല രാജാവിന്റെ കാലത്താണ് ഇവ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്നു. മലനിരകളിൽ പാറകൾ തുരന്നാണ് ഗുഹകൾ നിർമ്മിച്ചിരിക്കുന്നത്. അടുത്തടുത്ത് ചെറിയ വാതിലുള്ള ചതുരത്തിലുള്ള മുറികൾ ക്ഷേത്രങ്ങളുടെ ഗർഭഗൃഹങ്ങളെ ഓർമ്മിപ്പിച്ചു – രണ്ടുനിലകളിലായും ഇവ ഉണ്ട്.ഇവയിലേക്ക് കയറാൻ കല്ലുകൾ കൊത്തി പടികൾ ഉണ്ടാക്കിയിരിക്കുന്നു. ലെന എന്ന പേരിലാണ് ഈ ഗുഹകൾ അറിയപ്പെടുന്നത്. പ്രകൃതിയോടൊപ്പം മനുഷ്യന്റെ കരവിരുതും കൂടി ചേർന്നപ്പോൾ ഇവ അതിമനോഹരമായ ഒരു കലാസൃഷ്ടിയായി ‘. ജൈന സന്യാസിമാർക്ക് താമസിക്കാനായാണ് മലനിരകളിൽഇവ നിർമ്മിക്കപ്പെട്ടിട്ടുള്ളത്.ഉദയഗിരിയിൽ പതിനെട്ടും ഗണ്ടഗിരിയിൽ 15 ഗുഹകളുമാണ് പ്രധാനമായും ഉള്ളത്. നടുവിലെ റോഡ് ഇവയെ വേർതിരിക്കുന്നു. ശരിയായ വഴിയിൽ നിന്ന് വിട്ടുമാറി പിങ്കിയ്ക്കും മോൾ അക്ഷരയ്ക്കുമൊപ്പം പാറകളിൽ ചവിട്ടി പറ്റിപ്പിടിച്ച് മുകളിലേക്ക് കയറി… അല്ലെങ്കിലും ഇത്തരം കയറ്റങ്ങളാണ് കൂടുതൽ ആവേശം. സ്കൂളിലെ ഗൈഡിംഗ് ട്രക്കിംഗ് ക്യാമ്പുകളിൽ നിന്നുകിട്ടിയ ആത്മധൈര്യം.വൈകുന്നേരംവരെ അവിടെ ചുറ്റിക്കറങ്ങി.ഗണ്ടാഗിരി മലമുകളിൽ ഒരു ജൈനക്ഷേത്രവും ഉണ്ടു്. സമയം വൈകിയതിനാൽ അവിടേയ്ക്ക് പ്രവേശനം ലഭിച്ചില്ല. ക്യാമറക്കാർക്ക് നല്ലൊരു ലൊക്കേഷനാണ് ഈ സ്ഥലം. രണ്ട് മോഡൽസിനെയും ഫോട്ടോഗ്രാഫറെയും അവിടെ കണ്ടു. സാരിയുടെ പരസ്യം ആണെന്ന് ഒറ്റനോക്കിൽ തന്നെ മനസ്സിലാവും.

kalinga temple 4

തിരികെ വരും വഴി ഭുവനേശ്വർ ഇസ്കോൺ ടെമ്പിളിലും കയറി. വെണ്ണകല്ലിൽ തീർത്ത മന്ദിരം നഗരഹൃദയത്തിൽ തന്നെയാണ്. ഞങ്ങൾ ചെല്ലുമ്പോൾ നടയടച്ച് ഭജൻനടക്കുന്നുണ്ടായിരുന്നു. നട തുറക്കുന്നത് വരെ കാത്തു നിന്നു. ശ്രീ കോവിലിന് മൂന്നു വാതിലുകൾ. ആദ്യം ബലഭദ്രൻ നടുവിൽ സുഭദ്ര, മൂന്നാമത്തെതിൽ ജഗന്നാഥൻ. കൈ കൂപ്പി തൊഴുന്നതിനുപകരം കൈ ഉയർത്തിയാണ് ഈശ്വരനെ വണങ്ങുന്നത്. നടതുറന്ന് (എന്നു പറഞ്ഞാൽ മുന്നിലുള്ള വർണ്ണാഭമായ കർട്ടൻ നീക്കലാണ് ) മൂന്ന് പൂജാരിമാർ ഒരേ ദിശയിലേയ്ക്ക് തിരിഞ്ഞ് ശംഖ്മുഴക്കുന്നത് വളരെ വ്യത്യസ്തവും മനോഹരവുമായ ഒരു കാഴ്ചയായി തോന്നി. കൈകൾ ഉയർത്തി ജഗന്നാഥനെ വന്ദിച്ച് തിരികെഇറങ്ങുമ്പോൾ ചെറിയ ചാറ്റൽ മഴ ഉണ്ടായിരുന്നു.അനുഗ്രഹവർഷം പോലെ.