അങ്ങനെ ഒരിക്കൽ ഞാനും പോയി .. കൊടുങ്ങല്ലൂർ ഭരണിക്ക് … അവിടെ തെറിപ്പാട്ടു പാടുന്ന, ഉറഞ്ഞു തുള്ളുന്ന, വാൾകൊണ്ട് നെറുകയിൽവെട്ടി ചോരയിൽ കുളിച്ചു നിൽക്കുന്ന ചെമ്പട്ടുടുത്ത കോമരങ്ങൾ ഉണ്ടെത്രെ. തദ്ദേശിയർ ആരും പ്രത്യേകിച്ച് സ്ത്രീകൾ ആ വഴിയിൽ കൂടി പോലും പോവില്ലെന്ന്.. കുട്ടികാലത്ത് അമ്മ പറഞ്ഞു തന്നതാണ്. എന്നാൽ ഇതൊന്നു കാണണം എന്ന ആഗ്രഹം അന്നേ മനസ്സിൽ കയറിയതാണ്. വിലക്കപ്പെട്ട കനിയോടുള്ള ആഗ്രഹം ആദിമ മനുഷ്യൻ്റെ നാളുതൊട്ടേയുള്ളതാണല്ലോ… അപ്പോൾ എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കല്യാണം കഴിഞ്ഞപ്പോൾ ആഗ്രഹം ഗംഗേട്ടനോട് പറഞ്ഞു. ആദ്യം ഒന്ന് ഞെട്ടിയെങ്കിലും വർഷങ്ങൾ കഴിഞ്ഞെങ്കിലും അവസാനം ആ ആഗ്രഹം സഫലമാക്കി തന്നു.. അങ്ങനെ വിലക്കപ്പെട്ട കനിയെന്തന്നറിയാൻ ഞാനും ഒരു യാത്ര പോയി… കഴിഞ്ഞ വർഷം.. അതിൻ്റെ ഓർമ്മകൾ…

സ്ത്രീ കോമരം
സ്ത്രീ കോമരം

ഭരണിക്കാർക്കിടയിൽ പെട്ടന്ന് തിരിച്ചറിയപ്പെടാതിരിക്കാൻ ഒരു ചുവന്ന കുർത്തിയുമിട്ട് ഞാനും കൂടെ ഗംഗേട്ടനും . സഞ്ചാരികൾക്ക് എല്ലാ യാത്രകളും ജീവിതം തന്നെയാണ്.. ഒരൽപ്പം ചരിത്രം പറയാതെ ഭരണിക്കഥ എഴുതാൻ കഴിയില്ല. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ പ്രധാന രണ്ട് ഉത്സവങ്ങളാണ് താലപ്പൊലിയും ഭരണിയുത്സവവും. താലപ്പൊലി തദ്ദേശിയരുടെ ആണെങ്കിൽ ഭരണിയുത്സവത്തിന് പൂർണ്ണമായും വടക്കൻ ജില്ലകളിലെ ആളുകൾക്കാണ് നിയന്ത്രണാധികാരവും പങ്കാളിത്തവും. നോമ്പ്നോറ്റ് ആചാരനുഷ്ഠാനങ്ങളുമായി ചെമ്പട്ടുടുത്ത് കാലിൽ ചിലങ്കകളുമായി രൗദ്രതാളത്തിൽ അവർ വരുന്നു. ചരിത്രത്തിൻ്റെ നീതിനിഷേധത്തിൻ്റെ പാലായനത്തിൻ്റെ തുടർച്ചയായി വന്നു പോയ ആചാരങ്ങൾ..

ഭക്തിലഹരിയാകുന്ന നിമിഷങ്ങൾ

ചേരൻ ചെങ്കുട്ടവൻ പണികഴിപ്പിച്ച അമ്മദൈവത്തെ ആരാധിക്കുന്ന ജൈന ക്ഷേത്രമായിരുന്നു കൊടുങ്ങല്ലൂർ എന്ന് പറയപ്പെടുന്നു. വൈദേശിയരായ ബ്രാഹ്മണരുടെ കടന്നു വരവോടെ കേരളത്തിലെ ബ്രാഹ്മണർ പ്രബലരാവുകയും ആരാധനാലങ്ങൾ തങ്ങളുടെ അധീനതയിലാക്കുകയും ചെയ്തു.. കേരളത്തിലെ ഏറ്റവും വലിയ ജൈനക്ഷേത്രമായ കൊടുങ്ങല്ലൂർ അങ്ങനെ ഭദ്രകാളി ക്ഷേത്രമായി മാറി.. ഈ പുറംതള്ളലിലെ പാലായനം ചെയ്യപ്പെടേണ്ടി വന്ന ചേരവംശജരുടെ പ്രതിഷേധമാണ് ഭരണിയുത്സവത്തിലെ തെറിപ്പാട്ടുകളും ബലിയും .. പിന്നീട് ഇത് ആചാരമാവുകയും ആരാധനയുടെ ഭാഗമാവുകയും ചെയ്തു. ചിലപ്പതികാരത്തിലെ കണ്ണകി പ്രതിഷ്ഠയാണ് കൊടുങ്ങല്ലൂരെന്ന് മറ്റൊരു ഐതിഹ്യവും ഉണ്ട്… എന്നാൽ കൂടുതൽ വിശ്വസനീയം ആദ്യത്തെതാണ് എന്ന് ചരിത്രകാരൻമാർ പറയുന്നു.

അശ്വതി കാവുതീണ്ടലാണ് ഭരണിയുത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങ്. അശ്വതിയുടെ അന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഞങ്ങൾ കാവിലെത്തി.. അമ്പലപറമ്പിലെ ആലിൻമേലും ഗോപുരങ്ങളിലുമുള്ള കടും നിറത്തിലുള്ള കൊടിക്കൂനകൾ ദൂരെ നിന്നേ കാണാം കുംഭമാസത്തിലെ ഭരണി നാളിലാണ് ഉത്സവം കൊടിയേറുന്നത് .. മീനമാസത്തിലെ ഭരണിയുടെ തലേ ദിവസമുള്ള അശ്വതി കാവുതീണ്ടലോടെ ആഘോഷത്തിന് പരിസമാപ്തിയാവും. ഭരണി ദിവസം വേറേ ആഘോഷം ഒന്നുമില്ല.. കിടക്കേ നടയിലൂടെ ക്ഷേത്രവളപ്പിലേക്ക് ഞങ്ങൾ പ്രവേശിച്ചു.നിറയെ കച്ചവടക്കാരുടെ ഇടയിലൂടെ കാവിനടുത്തേയ്ക്ക്. ക്ഷേത്രത്തിനകത്തും പുറത്തും ഭരണിക്കാരുടെ തിരക്ക്.. എങ്ങും കടുത്ത നിറങ്ങൾ മാത്രം.. ചെമ്പട്ടുടുത്ത നിറയെ ആഭരണങ്ങൾ അണിഞ്ഞ് വാൾ വീശി ഉറഞ്ഞു തുള്ളി കോമരങ്ങൾ.. അവരെ അനുഗമിക്കുന്ന ദേശക്കാർ. ആദ്യകാലത്ത് കാവുമായി ബന്ധമുണ്ടായിരുന്ന എല്ലാ ജാതിക്കാർക്കും പിന്നീട് ക്ഷേത്രം വിലക്കപ്പെട്ടപ്പോൾ വർഷത്തിൽ പ്രവേശിക്കാൻ അനുമതി നൽകപ്പെട്ട ദിനങ്ങളാണ്. അവരുടെ പ്രതിഷേധമായി ക്ഷേത്രത്തെ അശുദ്ധമാക്കുന്ന പ്രതീകാത്മകമായ ചടങ്ങാണ് കാവുതീണ്ടൽ. അതിനായാണ് അവർ വരുന്നത്.

kodungalloor barani 4

കാവുതീണ്ടലിനായി എത്തുന്ന കോമരങ്ങൾ കാവിൻ്റെ കിഴക്കേ നടയിലുള്ള വടക്കേടത്ത് മഠത്തിൻ്റെ മുറ്റത്താണ് തടിച്ചുകൂടുക. വിശാലമായ പന്തലിൽ ഇരുന്ന് വിശ്രമിക്കുന്നവരെ കണ്ടു. ചിലർ മണികെട്ടിയ വടിയുമായി ഉറക്കെ താളം ചവിട്ടി പാടി ആടുന്നു. രൗദ്രതാളമാണ് … ഭക്തിയും ലഹരിയും ചേരുന്ന അപൂർവ്വമായ കാഴ്ച..അധികം നേരം അത് കണ്ടുനിൽക്കാൻ കഴിഞ്ഞില്ല.. ഭരണിക്കാരിൽപ്പെട്ട സ്ത്രീയല്ല ഞാനെന്ന് പലർക്കും മനസ്സിലാവുന്നുണ്ട്. അത്ഭുതവും അശ്ലീലവും കലർന്ന തുറിച്ചു നോട്ടം.. കുറ്റം പറയാൻ പാടില്ലല്ലോ … ലൈംഗികതയാണ് അവിടെ വർണ്ണിച്ചു പാടുന്നത് എന്നറിയാം. സത്യം പറഞ്ഞാൽ പാട്ട് ഒന്നും വ്യക്തമായി കേട്ടില്ല …തനാരോ തന്നാരോ എന്ന് ഈണത്തിൽ ഏറ്റു പാടുന്നത് വ്യക്തമാണ്. ഇത് കേൾക്കാൻ അവിടെ ചെന്നു നിൽക്കൽ എളുപ്പമല്ല. സ്ത്രീകളെ കണ്ടാൽ ചിലരുടെ പാട്ടിന് ഡോസ് കൂടും.. നമുക്കത് താങ്ങാൻ പറ്റുമോ എന്ന റിസ്ക് എടുക്കാൻ തോന്നിയില്ല.

kodungalloor barani

വടക്കുനിന്നുള്ള കോമരങ്ങളും ദേശക്കാരും അവരുടെ അവകാശത്തറകളിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. ഒരോ മരത്തറയും ഓരോ ദേശക്കാരുടെ അവകാശമാണ്. കാലം മാറിയതിനാലാവാം ഒരുമിച്ചു നിന്ന് സെൽഫികളും ഫോട്ടോയും എടുക്കുന്നുണ്ട് അവർ … ഫോട്ടോഗ്രാഫർമാർക്ക് ചാകര തന്നെ… കോമരങ്ങൾ ക്യാമറകൾക്ക് മുന്നിൽ ഉറഞ്ഞ് തുള്ളുന്നു. ഭാഗ്യത്തിന് തിരക്കിൽ നിന്ന് ഒതുങ്ങി നിൽക്കാൻ ഒരു സ്ഥലം കിട്ടി… ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൻ്റെ കമ്പികൾക്കിടയിൽ .. പെട്ടന്ന് തിക്കും തിരക്കും ഏൽക്കാത്ത സ്ഥലം… കാവിലെ വെളിച്ചപ്പാടുകളുടെ നടത്തത്തിന് വല്ലാത്തൊരു വന്യതയാണ് … മുന്നിൽ കാണുന്നതെല്ലാം തള്ളിമാറ്റി തട്ടി തെറിപ്പിച്ചാണ് പോവുക .. അതിനാൽ അവർ കടന്നു വരുന്നിടത്ത് നിൽക്കുന്നത് ബുദ്ധിയല്ല. ഞങ്ങളെ പോലെ ഭരണികാണാനിറങ്ങിയ ഒരു ഭാര്യയെയും ഭർത്താവിനെയും കമ്പികളുടെ ഇടയിൽ കൂട്ടിനും കിട്ടി… എന്നെ അവിടെ നിർത്തി ഗംഗേട്ടൻ ഫോട്ടൊയെടുക്കാൻ നടന്നു.

kodungalloor barani 6

ദീപസ്തംഭത്തിനടുത്ത് കോഴിക്കല്ല് മൂടൽ ചടങ്ങ് നടത്തുന്ന സ്ഥലം കണ്ടു…. പണ്ട് കോഴിബലി നടത്തിയിരുന്ന സ്ഥലമാണ് .. അന്ന് വടകര തച്ചോളി വീടിനായിരുന്നു ആദ്യത്തെ കോഴിയെ ബലികഴിക്കാനുള്ള അവകാശം.ഇന്ന് ബലി പ്രതീകാത്മകമായി ബലിക്കല്ല് ചുവന്ന പട്ടുകൊണ്ട് മൂടുകയും കുമ്പളങ്ങ ഗുരുതി നടത്തുകയും കോഴിയെ പറപ്പിക്കുകയും ചെയ്യുന്നു.

കാവുതീണ്ടലിൻ്റെ സമയം അടുക്കുകയാണ്. രൗദ്രതാളത്തിൽ ശബ്ദമുഖരിതമാണ് അന്തരീക്ഷം… ഭയാനകം എന്നു തന്നെ പറയാം.. ഭക്തിലഹരിയാകുന്ന സമയം… ഉച്ചയോടെ അടച്ച നടയ്ക്കുള്ളിലെ ദേവി അന്ന് അനുമാനുഷിക ശക്തികളില്ലാത്ത ഒരു സാധാരണ സ്ത്രീ ആണ് എന്നാണ് സങ്കൽപ്പം. ഭരണിക്കാർ എന്തോ പൊതികൾ ക്ഷേത്രത്തിനുള്ളിലേക്ക് മുകളിലൂടെ വലിച്ചെറിയുന്നുണ്ട്. ക്ഷേത്രം അശുദ്ധമാക്കാൻ കൊണ്ടുവന്ന ഉണക്കമീനുകളുടെ പൊതിയാണെത്രെ അത്. നല്ല ജിംനാസ്റ്റിക് ബോഡിയുള്ള രണ്ട് മൂന്ന് പയ്യൻമാർ ദീപസ്തംഭത്തിൻ്റെ മുകളിൽ കയറി അതിൻ്റെ മുകൾഭാഗത്തെ തകിട് ശക്തിയായി അടിച്ചു തകർക്കുന്നു .. കണ്ടപ്പോൾ വിഷമമാണ് തോന്നിയത്.. ആരും അവരെ തടയുന്നില്ല .. അമ്പലത്തിന് കഴിയാവുന്നിടത്തോളം കേടുപാടുകൾ ഉണ്ടാക്കിയിട്ടേ ഭരണിക്കാർ തിരിച്ചു പോകൂ . വെളിച്ചപ്പാട് പൂജിച്ചു നൽകുന്ന കോലുമായാണ് കാവുതീണ്ടൽ.. കൊടുങ്ങല്ലൂർ തമ്പുരാനാണ് ഇതിന് അനുവാദം നൽകുന്നത് .. ആദ്യമായി കാവുതീണ്ടാനുള്ള അവസരം പാലക്കൽ വേലനെന്ന മുക്കുവനാണ്. പിന്നീട് അതുവരെ ഊഴം കാത്ത് നിന്ന കോമരങ്ങളും ജനങ്ങളും കാവുതീണ്ടുന്നു.

barani

പെട്ടന്നാണ് ആരവങ്ങൾ കേട്ടത്.. പൊടിപടലമാണ് ആദ്യം ഉയർന്നത്… കാവുതീണ്ടലാണ്. കോമരങ്ങളും ജനങ്ങളും ഒന്നിച്ച് ആവേശ ലഹരിയോടെ ദിക്കുകൾ മുഴങ്ങുന്ന തരത്തിൽ കൈയ്യിലെ കമ്പുകൾ കൊണ്ട് ക്ഷേത്രത്തിൻ്റെ ചെമ്പ് മേഞ്ഞ മേൽക്കൂരയിലെ തകിടുകളിൽ അടിച്ച് ഓടികൊണ്ട് ക്ഷേത്രം വലംവയ്ക്കുകയാണ്. വല്ലാത്തൊരു കാഴ്ച തന്നെ … അന്തരീക്ഷം തന്നെ ഭക്തി കൊണ്ടുള്ള ലഹരി മയം.. മൂന്നു പ്രാവശ്യം ഇപ്രകാരം ക്ഷേത്രം വലം വെയ്ച്ചകോമരങ്ങൾ നടയിൽ ഉറഞ്ഞു തുള്ളി…. അവസാനം പട്ട് ദേവിയ്ക്ക് മുൻപിൽ സമർപ്പിച്ച് അവർ തിരിച്ചിറങ്ങുകയാണ് .അടുത്ത ഭരണിക്കാലത്ത് വീണ്ടും വരും എന്ന നിശബ്ദ വാഗ്ദാനത്താൽ .

barani 5

വഴിയിലെങ്ങും ഉണക്ക ചെമ്മീൻ കുന്നുപോലെ കൂട്ടിയിട്ട് വിൽക്കുന്നു. തിരിച്ചു പോകുന്ന ഭരണിക്കാർ പ്രസാദമായി നാട്ടിലേക്ക് കൊണ്ടുപോവുക ഉണക്ക ചെമ്മീനാണെത്രെ. തിരിച്ചിറങ്ങിയ ഞങ്ങൾക്കും ഒരു കോമരത്തിനെ കിട്ടി…ഉച്ചഭാഷണിയിലെ ദേവീസ്തുതികൾക്കൊപ്പം ഞങ്ങൾക്കു വേണ്ടി അദ്ദേഹം ചുവട് വച്ചു.. സത്യത്തിൽ കൂടെ ചുവട് വയ്ക്കാൻ ഹൃദയം തുടിച്ചു… നിവൃത്തിയിലല്ലോ .. അവസാനം കൂടെ നിന്ന് ഫോട്ടോയും എടുത്ത് തിരിച്ച് ഞങ്ങളും വീട്ടിലേയ്ക്ക്… വിലക്കപ്പെട്ട കനി നുകർന്ന മധുരത്താൽ…