(ഒറീസ്സ ഓർമ്മകൾ )

കൊണാർക്ക് സൂര്യക്ഷേത്രം 😍❤️😍(കലിംഗ യാത്ര തുടരുന്നു) ഭാഗം IV

ദീർഘകാലമായ പ്രണയത്തിന്റെ സാഫല്യം നേടുന്ന മംഗല്യ ദിവസം പോലെ.. ഇതെന്റെയും കാത്തിരിപ്പിന്റെ സാഫല്യ ദിവസമായിരുന്നു. ചരിത്രപുസ്തക താളുകളിൽ കണ്ട ആദ്യചിത്രത്തിലൂടെ ഹൈസ്ക്കൂൾ ക്ലാസുകളിൽ വച്ച് മൊട്ടിട്ട പ്രണയമായിരുന്നു കൊണാർക്ക് സൂര്യക്ഷേത്രം. ആഗസ്റ്റ് 7 കലിംഗ യാത്രയുടെ മൂന്നാം ദിവസം, അന്നാണ് പുരി, കൊണാർക്ക് സന്ദർശനം.

ഒറീസ്സയിൽ സാധാരണയായി 5 മണി കഴിയുമ്പോഴേക്കും നേരം പുലർന്നു തുടങ്ങും. 6 മണിയൊക്കെ ആവുമ്പേഴേക്കും നമ്മുടെ നാട്ടിലെ 8 മണി ആയ പ്രതീതിയാണ്. സൂര്യൻ ഉദിച്ചു വരുന്ന കിഴക്കൻ ദിശയിലുള്ള സംസ്ഥാനം ആയതു കൊണ്ടാവും ഇതെന്നാണ് ഞാൻ കരുതുന്നത്. രാവിലെ 8 മണിക്ക് യാത്ര ആരംഭിക്കണമെന്ന് തലേദിവസം തന്നെ മുരളി നിർദ്ദേശം തന്നിരുന്നു. ഭുവനേശ്വറിൽ നിന്നും 2 മണിക്കൂർ യാത്രയുണ്ട് കൊണാർക്കിലേയ്ക്ക്..രാവിലെ 5 മണിക്ക് എഴുന്നേറ്റ് ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോൾ കണ്ട കാഴ്ചയിൽ സപ്ത നാഡികളും തളർന്നു പോയി .. ശക്തമായ മഴ പുറത്ത് നിർത്താതെ പെയ്യുന്നു.കൂടെ വീശിയടിക്കുന്ന കാറ്റും.. ഈശ്വരാ..ഫാനി വീണ്ടും.. ഏകദേശം അതുപോലുള്ള ഒരുഅവസ്ഥ. പക്ഷെ എന്തു മഴയും കാറ്റും വന്നാലും അത് എന്നെതന്നെ എടുത്തെറിഞ്ഞാലും എനിക്കെന്റെ പ്രണയത്തെ കാണാതെ പറ്റില്ല. മുരളി പറഞ്ഞ സമയത്തിനും നേരത്തേ ഭക്ഷണം കഴിച്ച് യാത്രയായി നിന്നു. മഴ കാരണം വണ്ടി വൈകിയാണെത്തിയത്.. ഏകദേശം 8.30തോടെ ഞങ്ങൾ കൊണാർക്ക് ലക്ഷ്യമാക്കി യാത്ര തുടങ്ങി.

ഭുവനേശ്വർ നഗരം കഴിഞ്ഞ് ഗ്രാമങ്ങളിലേയ്ക്ക് വണ്ടി സഞ്ചരിച്ചപ്പോൾ യാതൊരു അപരിചിതത്വവും അനുഭവപ്പെട്ടില്ല.. നമ്മുടെ നാട്ടിലെ ഗ്രാമങ്ങളിലെപോലെ കവലകൾ , ചായക്കടകൾ എന്തിന് വഴിയിൽ നിരത്തി വച്ചിരിക്കുന്ന ഫ്ലക്സ് ബോർഡ് പോലും അതുപോലെ തന്നെ … അതിലെഴുതിയിരിക്കുന്നത് മാത്രം എനിക്ക് പിടികിട്ടിയില്ല … വഴിയിൽ കോൾ പാടങ്ങൾ പോലെ പരന്നു കിടക്കുന്ന പാടശേഖരങ്ങൾ, കേരളം തന്നെയായിരുന്നു അത്നഗരത്തിലെ വഴിയരികിലെല്ലാം കല്ലിലും മാർബിളിലും കൊത്തിയ ഭീമാകാരങ്ങളായ പ്രതിമകൾ വിൽപ്പനക്ക് വച്ചിട്ടുണ്ടായിരുന്നു. ദേവീദേവൻമാരുടെ പ്രതിമകളാണ് കൂടുതൽ ഉണ്ടായിരുന്നത്. കുടിൽ വ്യവസായം പോലെ വഴിയരികിൽ നിറയെ ഇവ കൊത്തിയെടുക്കുന്ന സ്ഥലങ്ങൾ കാണാമായിരുന്നു. വണ്ടി നിർത്തി ഫോട്ടൊ എടുക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും മഴ അതിന് അനുവദിച്ചില്ല.. എന്റെ പ്രാർത്ഥനയുടെ ഫലമായോ എന്തോ കൊണാർക്ക് അടുക്കുംതോറും മഴയുടെ ശക്തി കുറഞ്ഞുവന്നു… ചാറ്റലായി … നേർത്ത് നേർത്ത് അവസാനം ഇല്ലാതായി… വണ്ടിയിൽ നിന്നിറങ്ങുമ്പോൾ കുടയുടെ ആവശ്യമേ ഉണ്ടായിരുന്നില്ല.

വീതി കൂടിയ കല്ലുപാകിയ നടവഴിയുടെ ഇരുവശത്തും കരകൗശല വസ്തുക്കളുടെ കുഞ്ഞുകുഞ്ഞു കടകൾ നിരന്നു നിൽക്കുന്നു. വർണ്ണാഭമായ ഒരു കാഴ്ചയായിരുന്നു അത്.. അതി മനോഹരങ്ങളായ ബാഗുകളും കല്ലുകളിലും മാർബിളിലും കൊത്തിയെടുത്ത ശില്പങ്ങളുമായി ധാരാളം വസ്തുക്കൾ വില്പനക്കായി അവിടെ നിരത്തി വച്ചിട്ടുണ്ട്. കുറച്ചുദൂരെയായി പ്രവേശന കവാടത്തിനപ്പുറം സൂര്യക്ഷേത്രം തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു. ഒറ്റ നോട്ടത്തിൽ ചെറിയ വിഷമമാണ് തോന്നിയത്.. കെട്ടിടങ്ങൾ പണിയുമ്പോൾ വാർക്ക സമയത്ത് കമ്പി കൊണ്ട് തൂണ് ഇട്ട് താങ്ങി നിർത്തുന്ന പോലെ വലിയ ഇരുമ്പുകമ്പികൾ കൊണ്ട് ക്ഷേത്രത്തെ താങ്ങി ബലപ്പെടുത്തി നിർത്തിയിരിക്കുന്നു. എങ്കിലും അതൊരു തകർച്ചയുടെ വക്കിലാണെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാവുംകിഴക്കോട്ടാണ് ക്ഷേത്രദർശനം..

Konark Sun Temple History Architecture and Information 1

ഉദയസൂര്യന്റെ രശമികൾ പ്രധാന വിഗ്രഹത്തിന്റെ മൂർദ്ധാവിൽ പതിക്കുന്ന രീതിയിലായിരുന്നു ക്ഷേത്ര നിർമ്മാണം എന്ന് പറയപ്പെടുന്നു.13-ാം നൂറ്റാണ്ടിൽ ഗാംഗേയ രാജാവായ നരസിംഹദേവൻ ഒന്നാമനാണ് സൂര്യക്ഷേത്രം പണികഴിപ്പിച്ചത്. ഇന്ത്യയുടെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ ഇത് യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. ബ്ലാക്ക് പഗോഡ എന്നപേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു. ടിക്കറ്റെടുത്ത് ഉള്ളിലേയ്ക്ക് കടന്നു ..ഒരു മായികപ്രപഞ്ചത്തിൽ എത്തിയപോലെയാണ് ആദ്യം തോന്നിയത്

ആദ്യമായി കാണുന്നത് നടനമണ്ഡപമാണ്. ദേവദാസി മണ്ഡപം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ദേവദാസി സമ്പ്രദായം ഇവിടെ നിലനിന്നിരുന്നതിന്റെ വ്യക്തമായ സൂചനയാണ് ഇത് നൽകുന്നത്. ആരാധനാലയത്തിലെ ഉപാസന മൂർത്തിയ്ക്ക് പെൺകുട്ടികളെ സാങ്കൽപ്പികമായി വിവാഹം ചെയ്ത് നൽകുന്ന രീതിയാണ് ദേവദാസി സമ്പ്രദായം. സാധാരണയായി പെൺകുട്ടികൾ കൗമാരത്തിൽ എത്തുന്നതിനു മുൻപാണ് ഇത് ചെയ്യുന്നത്. ഭൂരിഭാഗം ദേവദാസിപെൺകുട്ടികളും അവസാനം വേശ്യാവൃത്തിയിലാണ് എത്തിച്ചേർന്നിരുന്നത് എന്നുള്ളതാണ് ഖേദകരമായ കാര്യം.ഇവിടെ കല്ലുകളുടെ ഭാഷ മനുഷ്യഭാഷയെ നിർവ്വീര്യമാക്കുന്നുവെന്ന് രവീന്ദ്രനാഥ ടാഗോർ പറഞ്ഞത് വെറുതെയല്ല എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലായി… മിണ്ടാൻ പോലും കഴിയാതെ കണ്ണുമിഴിച്ച് നോക്കി നിന്നു പോയി. കല്ലിൽ കൊത്തിയ കവിത പോലെ നടനമണ്ഡപം നിലകൊണ്ടു. മണ്ഡപത്തിലേക്കുള്ള ചവിട്ട് പടികൾക്കിരുവശത്തും ആനപ്പുറത്തിരിക്കുന്ന സിംഹത്തിന്റെ (ദ്വാരപാലകർ ) ഭീമാകാര പ്രതിമകൾ ഉണ്ടായിരുന്നു. ശില്പഭംഗിയുള്ള ചതുരത്തിലുള്ള വലിയ തൂണുകൾ തലയുയർത്തി നിന്നിരുന്നുവെങ്കിലും അതിന് മേൽക്കൂര ഉണ്ടായിരുന്നില്ല. സന്ധ്യാസമയങ്ങളിൽ ദേവദാസികൾ തങ്ങളുടെ ഭത്താവായ ഈശ്വരനു മുന്നിൽ ഇവിടെ വച്ചു നൃത്തം ചെയ്യുമായിരുന്നെത്രെ.

നടനമണ്ഡപത്തിന്റെ വശങ്ങളിലൂടെ തൊട്ട് പിന്നിലുള്ള പ്രധാന ക്ഷേത്രത്തിലേയ്ക്ക് ഗൈഡ് കൊണ്ടുപോയി ഏഴ് കുതിരകളെ കെട്ടിയ രഥത്തിന്റെ മാതൃകയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. രഥത്തിന്റെ ഇരുവശങ്ങളിലും പന്ത്രണ്ട് ചക്രങ്ങൾ വീതം ഉണ്ട് . ഇവ 12 മാസത്തെയാണ് പ്രതിനിധീകരിക്കുന്നതെത്രെ. സൂര്യഘടികാരങ്ങൾ എന്നറിയപ്പെടുന്ന ചക്രങ്ങളുടെ നിഴൽ നോക്കി അക്കാലത്ത് സമയം കൃത്യമായി തിട്ടപ്പെടുത്തിയിരുന്നു.

konark 01

ക്ഷേത്രത്തിന് പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് ഉണ്ടായിരുന്നത്. പൂജാവിഗ്രഹം കുടികൊള്ളുന്ന ശ്രീകോവിൽ അഥവാ ഗർഭഗൃഹം., ക്ഷേത്ര സോപാനം പിന്നെ ജഗന്മോഹൻ മണ്ഡപം.ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിൽ ഇന്നില്ല. ഇതിന് 229 അടി പൊക്കമുണ്ടായിരുന്നെത്രെ.1837 ൽ ഇത് തകർന്നു വീണതായി ഗൈഡ് പറഞ്ഞു. പ്രധാനക്ഷേത്രത്തിനു ചുറ്റും 22 ഉപക്ഷേത്രങ്ങൾ ഉണ്ടായിരുന്നതിൽ വൈഷ്ണവ ക്ഷേത്രവും മായാദേവി ക്ഷേത്രവും മാത്രമേ ഇപ്പോൾ നിലനിൽക്കുന്നുള്ളൂ. ഭോഗമണ്ഡപം, ജഗന്മോഹൻ മണ്ഡപം എന്നിവ ഇപ്പോഴും ഉണ്ട്. 12000 പേർ 12 വർഷം ജോലി ചെയ്താണ് ഈ മനോഹര ക്ഷേത്രം നിർമ്മിച്ചതത്രെ. ക്ഷേത്ര നിർമ്മിതി സമയത്ത് കല്ലുകൾ പ്രത്യേക രീതിയിൽ കൂട്ടിയിണക്കിയാണ് നിർമ്മാണം നടത്തിയിരിക്കുന്നത്. ഇവ തമ്മിൽ യോജിപ്പിക്കാൻ കുമ്മായമോ മറ്റു വസ്തുക്കളോ ഉപയോഗിച്ചിട്ടില്ല എന്നുള്ളതാണ് ഏറ്റവും അത്ഭുതാവഹമായ കാര്യം.. എന്നാൽ തകർന്നകല്ലുകൾക്കിടയിൽ ഇരുമ്പിന്റെ ചെറിയ കമ്പികൾ ഗൈഡ് കാണിച്ചു തന്നു. ക്ഷേത്ര ശ്രീകോവിലിനു ഏറ്റവും മുകളിലുണ്ടായ കല്ലിനു കാന്തിക ശക്തി ഉണ്ടായിരുന്നതായും ഇതാണ് മറ്റു കല്ലുകൾ പൊളിഞ്ഞുവീഴാതെ സംരക്ഷിച്ചിരുന്നതെന്നും പറയപ്പെടുന്നു. എന്നാൽ കാന്തിക പ്രഭാവമുള്ള കല്ലിന്റെ സ്വാധീനത്തിൽ പുരി സമുദ്രത്തിലൂടെ പോകുന്ന കപ്പലുകൾക്ക് വഴിതെറ്റുകയും അപകടം സംഭവിക്കലും പതിവായപ്പോൾ പോർച്ചുഗീസുകാർ ഇതിന്റെ കാരണം അന്വേഷിക്കുകയും അത് സൂര്യക്ഷേത്രത്തിലേയ്ക്ക് നീളുകയും ചെയ്തു. തുടർന്ന് അവർ കല്ല് എടുത്തു മാറ്റിയെന്നും കാന്തിക പ്രഭാവം അവസാനിച്ചതോടെ മറ്റു കല്ലുകൾക്ക് സ്ഥാനഭ്രംശം വന്ന് ക്ഷേത്രം നശിക്കാൻ ഇടവരുത്തുകയും ചെയ്തു എന്നാണ് ക്ഷേത്രം തകർന്നതിനെ പറ്റിയുള്ള ഒരു വിശ്വാസം’

എന്നാൽ ക്ഷേത്രം നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചുള്ള കൂടുതൽ വിശ്വസനീയമായ മറ്റൊരു കഥ ബംഗാൾ സുൽത്താനായ സുലൈമാൻ ഖാൻ ഖരാനിയുടെ മന്ത്രിയായ കലാപഹദ്ദു എന്ന വ്യക്തിയുമായി ബന്ധപ്പെട്ടാതാണ്. ഹിന്ദുവായിരുന്ന ഇദ്ദേഹം ഇസ്ലാംമതം സ്വീകരിക്കുകയും AD 1568ൽ കൊണാർക് ക്ഷേത്രത്തേയും മറ്റു പല ക്ഷേത്രങ്ങളെയും ആക്രമിച്ച് നശിപ്പിച്ചതായും പറയുന്നു . പുരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്നു ലഭിച്ച രേഖകളിൽ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടത്രെ. ഇതിനു ശേഷം ഒറീസ മുസ്ലീം ഭരണത്തിൽ കീഴിൽ ആയി. ഇക്കാലത്ത് ക്ഷേത്രം പലപ്രാവശ്യം പിന്നെയും ആക്രമണത്തിത് വിധേയമായി … ആക്രമണം ഭയന്ന് പുരിയിലെ പാണ്ഡവംശജർ സൂര്യ വിഗ്രഹം മണ്ണിൽ കുഴിച്ചിട്ടെന്ന് പറയപ്പെടുന്നു.’ ഈ വിഗ്രഹം കണ്ടെടുത്ത് പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഇന്ദ്രക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചെന്ന് ഒരു കൂട്ടരും ഡൽഹി നാഷണൽ മ്യൂസിയത്തിൽ കാണുന്ന സൂര്യ വിഗ്രഹം ഇതാണെന്ന് മറ്റു ചിലരും അല്ല വിഗ്രഹം ഇതു വരെ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വേറൊരു വിഭാഗവും വിശ്വസിച്ചു വരുന്നു..

konark sex statues

. എവിടെയാണെങ്കിലും ഭഗവാനെ സുവർണ്ണ കാന്തിയോടെ അങ്ങ് ഈ ക്ഷേത്രം കാണാൻ വരുന്നവരുടെ മനസ്സിൽ പ്രശോഭിച്ചുകൊണ്ടിരിക്കും. നടന മണ്ഡപത്തിന്റെ തൊട്ടു പിന്നിൽ തകർച്ചയുടെ വക്കിലാണെങ്കിലും ജഗന്മോഹൻ മണ്ഡപം അതിന്റെ എല്ലാ പ്രതാപത്തിലും തലയുയർത്തി നിൽക്കുന്നു മണ്ഡപത്തിനകത്തേയ്ക്ക് പ്രവേശനം നിരോധിച്ചിരുന്നു. അതിന്റെ കൽപടവുകളിൽ ഇരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നവരുടെ തിരക്കായിരുന്നു അവിടെ. ഞങ്ങളുടെ ടീമും അവിടെ വച്ച് മനോഹരമായൊരു ഗ്രൂപ്പ് ഫോട്ടൊ എടുത്തു പ്രധാനക്ഷേത്രത്തിനു ചുറ്റുമായി രണ്ടായിരത്തോളം ആനകളുടെ ശില്പങ്ങളാണ് കൊത്തി വച്ചിരിക്കുന്നത്.

മഴ പെയ്യാൻ വീണ്ടും ഇരുണ്ടു തുടങ്ങി കഴിഞ്ഞു. 13-ാം നൂറ്റാണ്ടിൽ ഹൈഹീൽ ചെരുപ്പും,വാനിറ്റി ബാഗ് ഇട്ടും, മനോഹരമായ പല്ലുകൾ കാട്ടി ചിരിച്ച് നിൽക്കുന്ന സ്ത്രീകളുടെ ശില്പങ്ങൾ ഗൈഡ് കാണിച്ചു തന്നു. ഒട്ടേറെ അത്ഭുതമാണ് എല്ലാവർക്കും തോന്നിയത്.ദേവീദേവൻമാർ, ഗന്ധർവൻമാർ ,നൃത്തമാടുന്ന അപ്സരസ്സുകൾ, പുരാണ കഥാപാത്രങ്ങൾ എന്തിന് വാൽസ്യായന മഹർഷിയുടെ കാമസൂത്രത്തിലെ വിവിധ മുഹൂർത്തങ്ങൾ വരെ അതിസൂഷ്മതയോടെ കല്ലിൽ കൊത്തിയൊരുക്കിയിരിക്കുന്നു. ഭാരതീയ സംസ്കാരത്തിൽ ലൈംഗികതയ്ക്ക് പരിപാവനമായ ഒരു സ്ഥാനം ഉണ്ടായിരുന്നു എന്ന് ആശില്പങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. നമ്മുടെ കേരളത്തിൽ പോലും ഭർത്താക്കൻമാരുടെ എണ്ണം അനുസരിച്ച് സ്ത്രീകളുടെ മാന്യത വർദ്ധിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു എന്ന് എവിടെയോ വായിച്ചിട്ടുണ്ട് .. പിന്നീട് പാശ്ചാത്യ സംസ്കാരം കടന്നു വന്നപ്പോൾ ലൈംഗികത പാപമായി മാറി. അവർ മാറ്റി എന്നു പറയുന്നതാവും കൂടുതൽ അനുയോജ്യം..

konark sutra

ക്ഷേത്രത്തിലെ തകർക്കപ്പെട്ട ചുമർശില്പങ്ങളിൽ നിന്ന് അത് വ്യക്തമാകും. കാമസൂത്ര ചിത്രീകരിക്കുന്ന ശില്പങ്ങളിൽ അപൂർവ്വം ചിലത് ഒഴികെ മറ്റെല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. മുഖം വികൃതമാക്കി സിമന്റ് പോലെ എന്തോ അതിനുമുകളിൽ തേച്ചും ലൈംഗികതയെ മായ്ക്കാൻ ശ്രമിച്ചിരിക്കുന്നതായി കാണാം.. ഇത്രയും മനോഹരങ്ങളായ ശില്പങ്ങളെ ഇങ്ങനെ നശിപ്പിച്ചതിൽ അത് കാണുന്ന ഏതൊരാൾക്കും ഉള്ളിൽ അമർഷം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. സൂര്യദേവന്റെ മൂന്നു ഭാഗങ്ങൾ ( ഉദയം മധ്യാഹ്നം അസ്തമയം ) പ്രധാനക്ഷേത്രത്തിന്റെ മൂന്ന് ഭാഗത്തായി കൊത്തി വച്ചിട്ടുണ്ട്. അവയും നശിപ്പിക്കപ്പെടാതെ ഇപ്പോൾ കമ്പി കൊണ്ട് താങ്ങി സംരക്ഷിച്ച് നിർത്തിയിരിക്കുന്നു. ഓരോ മാസത്തെ പ്രതിനിധീകരിക്കുന്ന ഓരോ രഥചക്രത്തിന്റെയും പ്രത്യേകതകൾ ഗൈഡ് പറഞ്ഞു കൊണ്ടിരുന്നു.

പെട്ടന്നാണ് മഴയും കാറ്റും ഒരുമിച്ചു വന്നത്. കയറി നിൽക്കാൻ മേൽക്കൂരയുള്ള ഒരൊറ്റ സ്ഥലം പോലും അവിടെ ഉണ്ടായിരുന്നില്ല. വലിയൊരു മരത്തിന്റെ താഴെ അഭയം തേടി.. കുടയുടെ കമ്പിപോലും വളച്ച് ശക്തമായികാറ്റടിക്കുന്നു.ക്ഷേത്രനുള്ളിൽ കടന്നവർ കാറ്റിന്റെ ശക്തി ഒന്നു കുറഞ്ഞപ്പോൾ പുറത്തേയ്ക്ക് പോയി.. ശക്തമായ മഴ അപ്പോഴും ഉണ്ടെങ്കിലും പോകുവാനേ തോന്നിയില്ല … അല്ലെങ്കിലും ഇതു മുഴുവൻ കാണാതെ പുറത്ത് പോവുന്ന പ്രശ്നം ഉദിക്കുന്നില്ലല്ലോ … കാറ്റു ശക്തി കുറഞ്ഞപ്പോൾ മഴയെ അവഗണിച്ച് നടന മണ്ഡപത്തിലേയ്ക്ക് ഓടിക്കയറി… മേൽക്കൂര ഇല്ലെങ്കിലും അതി മനോഹരങ്ങളായ തൂണുകളോട് ചേർന്നു നിന്നപ്പോൾ മഴയുടെ ശക്തി അറിഞ്ഞില്ല.. പെട്ടന്നതാ പറക്കും തളിക പോലെ ഒരു സംഭവം എന്റെ തലക്ക് മുകളിലൂടെ പറക്കുന്നു. കാറ്റിന്റെ ശക്തി കൊണ്ട് പകുതി ഒടിഞ്ഞുപറന്നു പോയ കുടയുടെ പിടി മാത്രം കൈയ്യിൽ പിടിച്ച് എന്തു സംഭവിച്ചുവെന്ന് മനസ്സിലാകാതെ അന്തം വിട്ട് നിൽക്കുന്ന എന്റെ മോനെ കണ്ട് കുറച്ചൊന്നുമല്ല എല്ലാവരും ചിരിച്ചത്.

nandhi

മഴയുടെ ശക്തി കുറഞ്ഞ് നേർത്തു വന്നപ്പോൾ മണ്ഡപത്തിൽ നിന്ന് താഴെയിറങ്ങി .. മായാദേവി ക്ഷേത്രവും മറ്റു ശില്പഭംഗിയും ആസ്വദിച്ച് ഞാനും ഗംഗേട്ടനും നടന്നു… വിരലിൽ എണ്ണാവുന്നവർ മാത്രമേ അതിനുള്ളിൽ അവശേഷിച്ചിരുന്നുള്ളൂ. കുറച്ച് നടന്നപ്പോൾ ജിത്തും ഭാര്യ മഞ്ജുവും അതിനുള്ളിൽ തന്നെ ഉണ്ടെന്നു കണ്ടു… DSLR ക്യാമറ മഴകാരണം പുറത്തെടുക്കാൻ പറ്റിയില്ലെങ്കിലും കയ്യിൽ ഉള്ള മൊബൈലുകളിൽ ക്ഷേത്രത്തിന്റെ സൗന്ദര്യം കഴിയാവുന്നിടത്തോളം ഞങ്ങൾ ഒപ്പിയെടുത്തു . പെട്ടന്നാണ് മുരളിയെ കണ്ടത്. ഞങ്ങളെ ക്ഷമയോടെ കാത്ത് നിൽക്കുകയായിരുന്നു അദ്ദേഹം. മറ്റുള്ളവർ പുറത്ത് ഞങ്ങൾക്കായി വണ്ടിയിൽ കാത്തിരിക്കുന്നു എന്ന് കേട്ടപ്പോൾ മനസ്സില്ലാ മനസ്സോടെ ആ പ്രണയത്തോട് യാത്ര പറഞ്ഞിറങ്ങി. തകർക്കപ്പെട്ടിരുന്നില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ താജ്മഹലിനു പകരം കൊണാർക്ക് സൂര്യക്ഷേത്രത്തിന്റെ പേരിലായാനേ ഇന്ത്യൻ കലാസൃഷ്ടികളുടെ മഹിമ ലോകം അറിഞ്ഞിട്ടുണ്ടാവുക.വീണ്ടും ഇവിടെ ഒരിക്കൽകൂടി വരുമോ എന്നത് ചിലപ്പോൾ ഉണ്ടായെന്നു വരില്ല. ഒന്നുകൂടി തിരിഞ്ഞു നോക്കി തിരികെയിറങ്ങി. പുറമെയുള്ള കടകളിൽ നിന്ന് മാർബിളിൽ കൊത്തിയ ഒരു രഥചക്രം മാത്രം വാങ്ങുവാനേ സമയം അനുവദിച്ചുള്ളൂ. അവിടെ നിന്ന് 12 മണിയോടെ ജഗന്നാഥനെ കാണാൻ പുരിയിലേയ്ക്ക്…..