( കലിംഗയാത്ര അവസാന ഭാഗം)

കലിംഗ യാത്രയുടെ അവസാന ദിനമായിരുന്നു അന്ന്. രണ്ടു മണിക്കായിരുന്നു ചെന്നെയിലേക്കുള്ള ഫ്ലൈറ്റ്.. അതു കൊണ്ട് തന്നെ ലിംഗരാജ ക്ഷേത്രം മാത്രമേ അന്നത്തെ പ്രോഗ്രാമിൽ ഉൾപ്പെട്ടിരുന്നുള്ളൂ.12 മണിയോടെ ഹോട്ടലിൽ നിന്ന് എയർപോർട്ടിലേയ്ക്ക് പോകേണ്ടതാണെന്ന് ടീം ത്രിവേണി നേരത്തേ അറിയിപ്പു തന്നതിനാൽ രാവിലെ എഴുന്നേറ്റ് ലഗേജുകളെല്ലാം പാക്കിംഗ് തുടങ്ങി .. നാട്ടിൽ നല്ല മഴയാണെന്നും തിരിച്ചു വരുമ്പോൾ എയർപോർട്ട് അവിടെ തന്നെ കാണുമോ എന്ന് നോക്കേണ്ടി വരും എന്ന സുഹൃത്തിന്റെ പകുതി കളിയായും പിന്നെ കാര്യമായും ഉള്ള മെസേജ് മനസ്സിൽ ചെറിയ ആശങ്ക സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ പ്രളയ കഷ്ടതകൾ ശരിക്കും അറിഞ്ഞിരുന്നതുകൊണ്ട് വീണ്ടും അങ്ങിനെയൊന്ന് ചിന്തിക്കാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. 7 മണി ആയപ്പോഴേക്കും ലിംഗരാജ ക്ഷേത്രത്തിലേയ്ക്ക് പോകാനുള്ള വാഹനം എത്തി..

linga

ഭുവനേശ്വർ നഗരത്തിൽ നിന്നും അധികം ദൂരെ ആയിരുന്നില്ല ക്ഷേത്രം. ഭുവനേശ്വറിൽ ഇന്നു നിലവിലുള്ള ക്ഷേത്രങ്ങളിൽ ഏറ്റവും പഴക്കമുള്ളതാണ് ലിംഗരാജ ക്ഷേത്രം. ഏഴാംനൂറ്റാണ്ടിൽ എഴുതപ്പെട്ട ചില സംസ്കൃതഗ്രന്ഥങ്ങളിൽ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശമുള്ളതായി പറയുന്നു. പിന്നീട് സോമവംശ രാജാവായ യയാതി കേസരി ക്ഷേത്രം പുതുക്കി പണിയുകയായിരുന്നു. പുരി ജഗന്നാഥക്ഷേത്രത്തിലെന്ന പോലെ അന്യമതസ്ഥർക്ക് ക്ഷേത്രത്തിൽ പ്രവേശനം ഉണ്ടായിരുന്നില്ല. അവർക്ക് ക്ഷേത്രം വീക്ഷിക്കുവാനായി മതിൽക്കെട്ടിന് പുറത്ത് സൗകര്യമൊരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ പ്രധാന ഗോപുരത്തിന് 55 മീറ്റർ ഉയരമുണ്ട്..15 കിലോമീറ്ററോളം ദൂരെ നിന്നു തന്നെ ഇത് കാണാനാകും എന്നു പറയപ്പെടുന്നു. വലിയ ചെങ്കൽ കൊത്തിയ മതിൽക്കെട്ടിനുള്ളിലാണ് ക്ഷേത്രങ്ങളും ഉപക്ഷേത്രങ്ങളും നിലകൊള്ളുന്നത്. വാഹനം ക്ഷേത്രത്തിനടുത്തെത്താറായപ്പോൾ തന്നെ വലിയ ഗോപുരം ശ്രദ്ധയിൽപ്പെട്ടു. ഗോപുരത്തിന്റെ മുകൾ ഭാഗത്ത് കല്ലുകൾ പ്രത്യേക രീതിയിൽ വെട്ടി അതിമനോഹരമായി ക്രമീകരിച്ചിരിക്കുന്നു.

ലിംഗരാജ ക്ഷേത്രം u
ലിംഗരാജ ക്ഷേത്രത്തിലെ ഉപക്ഷേത്രങ്ങൾ

മൊബൈൽ ഫോൺ ,ക്യാമറ നിരോധനം ഉള്ളതിനാൽ ഇവ എടുക്കേണ്ടെന്നു ടീം ത്രിവേണി നേരത്തേ തന്നെ നിർദ്ദേശം നൽകിയിരുന്നതിനാൽ അവ സൂക്ഷിക്കുന്നതിനുള്ള സ്ഥലം അന്വേഷിച്ച് നടക്കേണ്ടി വന്നില്ല … ഉള്ളിലേയ്ക്ക് പ്രവേശിക്കുവാനുള്ള വലിയൊരു കവാടം.. മുന്നിൽ തെരുവ് പശുക്കൾ അലഞ്ഞു നടക്കുന്നുണ്ട്.. കവാടത്തിനു മുന്നിൽ ചുവന്ന തോരണങ്ങൾ തൂക്കിയിട്ടിരിക്കുന്നു. ക്ഷേത്രത്തിന് പ്രധാനക്ഷേത്രം, യജ്ഞശാല, ഭോഗമണ്ഡപം, നടനമന്ദിരം എന്നിങ്ങനെ നാലു ഭാഗങ്ങൾ ഉണ്ട്. ശ്രീകോവിൽ ഉൾപ്പെടുന്ന ഭാഗമാണ് പ്രധാനക്ഷേത്രം. ശ്രീകോവിലിൽ വിഷ്ണുവിന്റെയും ശിവന്റെയും വിഗ്രഹങ്ങൾ ഉണ്ട് അതുകൊണ്ടുതന്നെ ഹരിഹര സങ്കൽപ്പത്തിലാണ് ഇവിടുത്തെ പൂജാദികർമ്മങ്ങൾ നടക്കുന്നത്. ശിവലിംഗം സ്വയംഭൂ ആണെന്നാണ് വിശ്വാസം. ക്ഷേത്രങ്ങളിൽ ആരാധിക്കപ്പെടുന്ന ദേവന്റെ ആയുധമാണ് ഗോപുരത്തിന് മുകളിൽ പ്രതിഷ്ഠിക്കാറുള്ളതെങ്കിലും ഇവിടെ ശ്രീരാമന്റെ അമ്പാണ് പ്രധാന ഗോപുരത്തിന് മുകളിൽ ഉള്ളത്. ഒറീസ്സയിലെഏറ്റവും കൂടുതൽ ഉപക്ഷേത്രങ്ങൾ ഉള്ള ക്ഷേത്രമാണ് ലിംഗരാജ ക്ഷേത്രം. 108 ഉപക്ഷേത്രങ്ങൾ അവിടെയുണ്ട് എന്ന് പറയപ്പെടുന്നു. ടീം ത്രിവേണി നിയോഗിച്ചു തന്ന പൂജാരിയുടെ കൂടെ ക്ഷേത്രസമുച്ചയത്തിനുള്ളിലേയ്ക്ക് കടന്നു.

ലിംഗരാജ ക്ഷേത്രംലിംഗരാജ ക്ഷേത്രം

കരിങ്കൽ പാകിയ തറകൾ.. കുറച്ചു നീങ്ങി വലിയ 5-6 പടികൾ അതിനു മുകളിൽ വൃത്തസ്തൂപം പോലെ ഒരു കരിങ്കൽതൂണ് കണ്ടു .ഒരു സ്ത്രീയും പുരുഷനും അതിനെ ഉള്ളിലാക്കി കൈകൾ കോർത്ത് പിടിച്ച് നിൽക്കുന്നു. പൂജാരി എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിടുന്നു.കൗതുകകരമായ ആകാഴ്ച കുറച്ചു നേരം നോക്കി നിന്നു ആദ്യം ശ്രീരാമന്റെ ക്ഷേത്രത്തിലേക്കാണ് പൂജാരി കൊണ്ടുപോയത്. അവിടുത്തെ പൂജാരി ചൊല്ലിതന്ന മന്ത്രങ്ങൾ ഏറ്റുചൊല്ലിയതിനു ശേഷം അവിടെ നിന്ന് വീണ്ടും നടന്നു. കരിങ്കല്ല് കൊണ്ടുള്ള ചെറിയൊരു ഇടനാഴിയിലൂടെയാണ് പ്രധാനക്ഷേത്രത്തിലേയ്ക്ക് ഗൈഡ്(പൂജാരി) കൊണ്ടുപോയത്. ഇടനാഴിയിൽ വവ്വാൽ മൂത്രത്തിന്റെ മണം അസഹനീയമായിരുന്നു . മുകളിൽ നിറയെ കുഞ്ഞ് നരിച്ചീറുകൾ തൂങ്ങിക്കിടക്കുന്നു .. പ്രധാനക്ഷേത്രത്തിന്റെ കൂടെ യജ്ഞശാലയും ഭോഗമന്ദിരവും നടനമന്ദിരവും നിലകൊള്ളുന്നു. ലിംഗരാജ ക്ഷേത്രത്തിലും ദേവദാസി സമ്പ്രദായം നിലവിൽ ഉണ്ടായിരുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവായിരുന്നു നടനമണ്ഡപം. ഉത്സവത്തോടനുബന്ധിച്ച് അവിടെ വിവിധതരം നൃത്യനൃത്തങ്ങൾ അരങ്ങേറാറുണ്ടെന്ന് ഗൈഡ് പറഞ്ഞു.യജ്ഞശാല എന്ന കരിങ്കൽ മന്ദിരത്തിലൂടെ പ്രധാനക്ഷേത്രത്തിലേയ്ക്ക് കടന്നു. ഗർഭഗൃഹത്തിനകത്താണ് നിൽക്കുന്നത് എന്ന് ആദ്യം മനസ്സിലായില്ല. നിറയെ ട്യൂബ് ലൈറ്റ്, ഒന്നോ അതോ രണ്ടോ അഴുക്കുപിടിച്ച ഫാനുകൾ ചുമരിൽ പിടിപ്പിച്ചിട്ടുണ്ട് .. കത്തുന്ന ഒരു കുഞ്ഞ് വിളക്ക് ഒരു മൂലയിൽ അവഗണിക്കപ്പെട്ടിരിക്കുന്നു .. തറയിൽ നിറയെ പാലിലുംവെള്ളത്തിലും പൂക്കൾ പഴങ്ങൾ തുടങ്ങിയ പൂജാദ്രവ്യങ്ങൾ ചിതറി കിടക്കുന്നു. കാൽ വഴുതുന്നപോലെ തോന്നി. ഒരു ശരാശരി മലയാളി സങ്കൽപ്പങ്ങൾക്ക് ഒരിക്കലും ദഹിക്കാത്ത ശ്രീകോവിൽ കാഴ്ചയായിരുന്നു അത്.ശിവലിംഗത്തിന്റെ തറഭാഗത്തിന് വലിയൊരു കിണറിന്റെ വട്ടമുണ്ട്. ശിവലിംഗം സ്വയംഭൂ ആയതിനാൽ ഉയർന്നു നിൽക്കുന്നില്ല. അതിൽ നിറയെ പൂക്കളും കൂവള ഇലകളും പാലും പഴവും ഒക്കെ നിറഞ്ഞ് നിൽക്കുന്നു. കൂവള ഇലകൾ വകഞ്ഞു മാറ്റി പൂജാരി ശിവലിംഗത്തെ കാണിച്ചു തന്നു. വിഗ്രഹത്തിൽ തൊട്ട് നമസ്കരിക്കാൽ ആവശ്യപ്പെട്ടു. മലയാളിക്ക് ചിന്തിക്കാൻ കൂടി ബുദ്ധിമുട്ടുള്ള കാര്യം … നമ്മുടെ നാട്ടിൽ പൂജാരിമാർ പ്രസാദം ഭക്തരുടെ കൈകളിലേയ്ക്ക് എറിഞ്ഞു കൊടുക്കുന്ന കാഴ്ചയാണ് അപ്പോൾ ഓർമ്മ വന്നത്. വിഗ്രഹത്തിൽ തൊട്ട് നമസ്കരിച്ച് പൂജാരിയ്ക്ക് ദക്ഷിണയും നൽകി അവിടെ നിന്ന് പുറത്ത് കടന്നു.

ലിംഗരാജ ക്ഷേത്രം
പടികൾക്കു മുകളിൽ അലങ്കരിച്ചു കാണുന്നതാണ് കരിങ്കൽ തൂണ് .

ഇടുങ്ങിയ കുത്തനെയുള്ള കുറച്ച് പടികൾ കയറി വേണം ഗണപതി ഭഗവാനെ കാണാൻ . ആ ഒറ്റകൊമ്പൻകുടവയറന്റെ വലിയവിഗ്രഹം അതിമനോഹരമായിരുന്നു. അവിടെ നമസ്കരിക്കുന്ന എല്ലാവരുടെയും നെറ്റിയിൽ പൂജാരി തൃശൂലത്തിന്റെ ആകൃതിയിൽ കുറി തൊട്ടു തന്നിരുന്നു. എനിക്കും തൊട്ടുകിട്ടി ഭംഗിയുള്ള ഒരു തൃശൂലം. പിന്നീട് ധാരാളം ഉപദേവതകളെ കണ്ടു. ശിവന്റെ വാഹനമായ നന്തിയുടെ അമ്പലത്തിലേയ്ക്ക് പടികളിറങ്ങി ചെല്ലണം. നന്തീദേവനെ അലങ്കരിച്ചിരിക്കുന്ന വർണ്ണശബളമായ മിനുങ്ങുന്നവസ്ത്രങ്ങൾ മുഷിഞ്ഞു തുടങ്ങിയിരിക്കുന്നു. പൂജാരിയ്ക്ക് ദക്ഷിണ നൽകി ഓരോരുത്തർക്കായി നന്തിയുടെ ചെവിയിൽ ഇഷ്ടകാര്യം സ്വകാര്യമായി പറയാം. ഒരാൾ കയറിഇറങ്ങിയിട്ടേ അടുത്തയാൾ ക്ഷേത്രത്തിനുള്ളിലേയ്ക്ക് പ്രവേശിക്കുകയുള്ളൂ. പറയുമ്പോൾ നന്തിയുടെ മറുചെവി അടച്ചുപിടിക്കണം. പ്രാർത്ഥിക്കുന്ന കാര്യങ്ങൾ എല്ലാം സഫലമാകും എന്നാണ് പറയപ്പെടുന്നത്. ഞാനും നന്തിയോട് കുറച്ച് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് കേട്ടോ.. അതി മനോഹരമായ ക്ഷേത്രങ്ങളുടെ കൊത്തുപണികളുടെ ഭംഗി ആസ്വദിച്ച് വീണ്ടും അവസാനം എത്തിപ്പെട്ടത് പഴയ കരിങ്കൽ തൂണിന്റെ അടുത്ത്. പൂജാരിയ്ക്ക് ദക്ഷിണ നൽകി ഓടിച്ചെന്ന് തൂണിനെ വട്ടം കെട്ടിപിടിച്ചു.. വട്ടംപിടിക്കാൻ കൈ എത്തുന്നില്ല. ഭർത്താവിനെ വിളിക്കാൻ പൂജാരി നിർദ്ദേശിച്ചു. ആശങ്കയോടെ ഗംഗേട്ടനെ നോക്കിയപ്പോൾ ആള് വന്ന് മറുവശത്ത് നിന്ന് തൂണിനെ കൈകൾക്കുള്ളിലാക്കി എന്റെ കൈയ്യിൽ കോർത്ത്പിടിച്ചു. ആദ്യം പടികയറി വന്നപ്പോൾ കണ്ട അതേ കാഴ്ച.. ആ സ്ഥാനത്ത് ഞങ്ങളാണെന്ന് മാത്രം..

പൂജാരി എന്തൊക്കെയോ മന്ത്രങ്ങൾ ചൊല്ലുന്നുണ്ടായിരുന്നു .. രസകരമായിരുന്നു അത്.. അറിയാത്ത ഒരു നാട്ടിൽ എന്താണ് ഈ ആചാരം എന്നു പോലുമറിയാതെ നമ്മളും ഭാഗഭാക്കായി മാറുന്നു. സംശയം മാറ്റിവച്ച് മറ്റുള്ള ദമ്പതികളും ഞങ്ങളെപോലെ തൂണിനെ വട്ടംപിടിക്കുന്ന കാഴ്ച ശരിക്കും ആസ്വാദ്യകരം തന്നെആയിരുന്നു. നെറ്റിയിൽ തൃശൂലക്കുറിയുമായി ഞങ്ങൾ തിരിച്ച് ഹോട്ടലിലേയ്ക്ക് മടങ്ങി. പന്ത്രണ്ടു മണിയോടെ എയർ പോർട്ടിൽ എത്തി. ഉച്ചഭക്ഷണം പാഴ്സലായി ടീം ത്രിവേണി കരുതിയിരുന്നു. ഇത്രയും സന്തോഷകരമായി ഈ യാത്ര ആസ്വദിക്കാൻ കഴിഞ്ഞത് ടീംത്രിവേണിയുടെ പ്രത്യേകിച്ച് മുരളി എന്ന ചെറുപ്പക്കാരന്റെ മിടുക്കാണെന്ന് പറയാതെ വയ്യ. വിമാനം കുറച്ച് വൈകിയെങ്കിലും കണക്ഷൻ വിമാനത്തിന്റെ സമയത്തിന് തന്നെ ചെന്നെയിൽ എത്തിചേർന്നു. അവിടെ നിന്ന് വീണ്ടും കൊച്ചിയിലേയ്ക്ക്. കാലാവസ്ഥ മോശമായതുകൊണ്ട് കൂടുതൽ സമയവും സീറ്റ് ബെൽട്ട് ധരിക്കാൻ പൈലറ്റ് നിർദ്ദേശം വന്നു കൊണ്ടിരുന്നു… കോപൈലറ്റ് ഒരു സ്ത്രീ ആയിരുന്നു. അവരുടെ സ്വരം കേൾക്കുമ്പോഴെല്ലാം ‘ഉയരെ’ യിലെ പാർവ്വതിയാണ് മനസ്സിൽ ഓടിയെത്തിയത്. കൊച്ചി അടുക്കുന്തോറും നല്ല മഴയാണെന്ന അറിയിപ്പുണ്ടായി. വിമാനത്തിന് വല്ലാത്ത ഉലച്ചിൽ അനുഭവപ്പെട്ടുകൊണ്ടിരുന്നു – ഇറങ്ങാൻ കഴിയുമോ എന്ന ആശങ്ക ഉടലെടുത്തപ്പോഴേക്കും വിമാനം താഴെ എത്തി കഴിഞ്ഞു. റൺവേ മുഴുവൻ വെള്ളം. ഇറങ്ങാൻ കഴിയാതെ കുറച്ചു നേരം അതിനകത്ത് തന്നെ കാത്ത് നിൽക്കേണ്ടതായും വന്നു. നെടുമ്പാശ്ശേരിയിൽ അന്ന് ഇറങ്ങിയ അവസാന വിമാനങ്ങളിൽ ഒന്നായിരുന്നു അത് .കാലാവസ്ഥ വളരെ പ്രതികൂലം ആയതു കൊണ്ട് സഹയാത്രികരോട് അധികം യാത്ര പറയാനൊന്നും കഴിഞ്ഞില്ല -പാർക്കിംഗ് ഏരിയയിൽ കാറിന്റെ ചക്രം വരെ വെള്ളം കയറി കഴിഞ്ഞിരുന്നു. പെട്ടന്ന് തന്നെ എയർപോർട്ടിൽ നിന്ന് പുറത്ത് കടക്കാനുള്ള വ്യഗ്രത ആയിരുന്നു എല്ലാവർക്കും. അവസാനം ഇത്ര നല്ല യാത്രാനുഭവം സമ്മാനിച്ചതിന് മുരളിയ്ക്ക് സ്നേഹത്തോടെ ഒരു ഹസ്തദാനം നൽകി പുറത്ത് കടന്നു. എയർപോർട്ടിൽ നിന്ന് പുറപ്പെട്ട് അരമണിക്കൂറിനുള്ളിൽ വിമാന താവളം അടച്ചു എന്ന വാർത്തയാണ് ഞങ്ങളെ തേടി എത്തിയത്… ഈശ്വരന് നന്ദികടപ്പാട്: ഗൂഗിൾ ( ക്ഷേത്ര ചിത്രങ്ങൾ) ത്രിവേണി ടൂർസ് ആന്റ് ട്രാവൽസ്