ഒറ്റക്ക് യാത്ര ചെയ്യുന്ന പലര്‍ക്കും താല്‍പര്യമില്ലാത്ത ഒന്നാണ് എങ്ങനെ ‘സോളോ ട്രാവല്‍’ നടത്തണമെന്ന നിര്‍ദ്ദേശങ്ങള്‍. നേര്‍ രേഖയില്‍ പറക്കാന്‍ താല്‍പര്യമില്ലാത്ത ഇവരോട് അങ്ങനെ ചെയ്യ്.. ഇങ്ങനെ ചെയ്യ്.. എന്ന് പറഞ്ഞാല്‍ ഒന്നും അവര്‍ ശ്രദ്ധിക്കില്ല. യാത്രകളുടെ ലഹരിയില്‍ മതിമറന്ന് അവര്‍ അങ്ങനെയങ്ങ് ഒഴുകി കൊണ്ടിരിക്കും. അപ്പോള്‍ കിട്ടുന്ന ഒരു ‘ഫീല്‍’.. അതിന് വേണ്ടി എന്തു സാഹസികതയ്ക്കും അവര്‍ തയ്യാറാവും. സ്വന്തം സുരക്ഷിതത്വത്തിന് പലപ്പോഴും വലിയ പ്രധാന്യം കൊടുക്കാത്തരിക്കുന്നത് അറിവില്ലായ്മ അല്ല. മുമ്പ് പറഞ്ഞ ആ ഫീലിന് പിന്നാലെ പോകുന്നത് കൊണ്ട് സ്വയം മറക്കുന്നതാണ്. ഭ്രാന്തന്‍ യാത്രകള്‍ നടത്തുന്ന അവര്‍ക്ക് വേണ്ടി ഉള്ളതല്ല ഈ നിര്‍ദ്ദേശങ്ങള്‍.. മറ്റ് ചിലരുണ്ട് സ്വന്തം സുരക്ഷിതത്വം കൂടി കണക്കിലെടുത്ത് സോളോ യാത്രകള്‍ നടത്തുന്ന ആളുകള്‍.. അവര്‍ക്ക് വേണ്ടി ഉള്ളതാണീ നിര്‍ദ്ദേശങ്ങള്‍.

1.പ്ലാനിങ്: എപ്പോള്‍?..എങ്ങോട്ട്?.. എവിടെ?.. എങ്ങനെ?.. എന്ന ചോദ്യങ്ങള്‍ക്ക് എല്ലാം കൃത്യമായി ധാരണയുണ്ടായിരിക്കുക. എപ്പോള്‍ പോകണം? എങ്ങോട്ട് പോകണം? എവിടെ എന്ത് ചെയ്യണം? എവിടെ താമസിക്കണം? ഇതൊക്കെ ആസൂത്രണം ചെയ്യണം. പ്ലാന്‍ ‘A’ തയ്യാറാക്കുന്നതിനോടൊപ്പം ഒരു പ്ലാന്‍ ‘ബി’ യും വേണ്ം. അതായത് പരിചയമില്ലാത്ത ഇടങ്ങളിലേക്ക് ആയിരിക്കും യാത്ര ചെയ്യുക അതിനാല്‍ തന്നെ ആസൂത്രണം ചെയ്തില്‍ എന്തെങ്കിലും വേണ്ട രീതിയില്‍ ശരിയായില്ലെന്ന് അവിടെ എത്തുമ്പോള്‍ തോന്നിയാല്‍ മാറി മറ്റൊന്നിലേക്ക് പോകാനുള്ള ഒരു തയ്യാറെടുപ്പ്. ട്രാവല്‍ ഇന്‍ഷുറന്‍സ് പോലെയുള്ളത് താല്‍പര്യമുണ്ടെങ്കില്‍ അതും കരുതാം.

2.റെസ്‌റ്റോറന്റ്,ലോഡ്ജ്, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, വര്‍ക്ക് ഷോപ്പ് (സ്വന്തം വാഹനം എടുക്കുന്നവര്‍ക്ക്), ആശുപത്രി, പോലീസ് സ്‌റ്റേഷന്‍, ഇവരുമായി ബന്ധപ്പെടാനുള്ള കാര്യങ്ങള്‍ നോക്കി വയ്ക്കുന്നത് ഗുണം ചെയ്യും. കൂടാതെ അത്യാവശ്യം ഗുണം ചെയ്യുന്ന ഫോണ്‍ നമ്പറുകള്‍ മാനപാഠമാക്കുക. ആ നമ്പരുകള്‍ ഒരു കാര്‍ഡില്‍ എഴുതി പോക്കറ്റില്‍ സൂക്ഷിക്കുക.

ട്രാന്‍സ്‌പോട്ടേഷന്‍ സൗകര്യങ്ങള്‍ അന്വേഷിച്ച് വയ്ക്കുക. സ്വന്തം വാഹനത്തിലാണെങ്കില്‍ അതിന്റെ പ്രവര്‍ത്തന ക്ഷമതയുമൊക്കെ ഉറപ്പുവരുത്തുക. യാത്രയില്‍ ഉണ്ടായേക്കാവുന്ന ട്രാന്‍സ്‌പോട്ടേഷന്‍ പ്രശ്‌നങ്ങള്‍/ സ്വന്തം വാഹനത്തിന്റെ പ്രശ്‌നങ്ങള്‍ എന്തൊക്കെ സംഭവിക്കാം അതിനുള്ള പരിഹാരമെന്താണ്.

3.ചെറിയ ബാക്ക്പാക്: സോളോ യാത്രയാണ്, വലിയ ബാഗുകളുമായി ഇറങ്ങിയാല്‍ വിഷമിച്ച് പോകും. അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം പാക്ക് ചെയ്യുക. പ്രദേശങ്ങളിലെ കലാവസ്ഥ ഗൂഗിള്‍ ചെയ്ത മനസ്സിലാക്കി അതും കൂടി കരുതി പോവുക. മരുന്നുകളും, ബാന്‍ഡേജുകളും കരുതുക. പെട്ടെന്ന് എടുക്കേണ്ട ചെറിയ സാധനങ്ങള്‍ ബെല്‍റ്റ് പൗച്ചില്‍ നിക്ഷേപിക്കാം. പോക്കറ്റുകളുള്ള ജാക്കറ്റുകളും പാന്റുകളും വളരെ ഉപകാരപ്രദമാണ് സോളോ യാത്രികര്‍ക്ക്. ബാഗിലു, ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലുമായി പണം പലയിടത്തായി സൂക്ഷിക്കുക. ഐഡി കാര്‍ഡുകള്‍, രേഖകള്‍, ഗാഡ്ജറ്റുകള്‍ (ഫോണ്‍,പവര്‍ ബാങ്ക്..), ക്യാമറ, ഇവയുടെ റെയ്ന്‍ ഗാര്‍ഡ്, കുട, ബാറ്ററി, ടോര്‍ച്ച്,സെല്ലോ ടേപ്പ്, ലൈറ്റര്‍, കത്തി, കയര്‍ (പോകുന്ന സ്ഥലങ്ങള്‍ കണക്കാക്കി) കരുതുക. ബാറ്ററി ചാര്‍ജ് നില്‍ക്കുന്ന ബേസ് മോഡല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി കരുതുന്നതും നല്ലതാണ്.

4.യാത്ര ആരംഭിച്ചാല്‍ ബന്ധപ്പെടുന്നവരുമായി നല്ല രീതിയില്‍ സഹകരിക്കുക. യാത്രകള്‍ കൂടുതല്‍ സന്തോഷകരമാകുവാനും സുരക്ഷിതത്വത്തിനും ഉപകരിക്കും. പ്രദേശവാസികളോട് അടുക്കുന്നത് സ്ഥലങ്ങളെക്കുറിച്ചുള്ള ധാരണയുണ്ടാവനും, പരസ്പരം സഹായിക്കാനും, ബന്ധങ്ങള്‍ വളര്‍ത്താനും ഉപകരിക്കും. പുതിയ സ്ഥലങ്ങള്‍ കണ്ടെത്താനും, ആരും അസ്വാദിക്കാത്ത കാര്യങ്ങള്‍ അനുഭവിക്കാനും സാധിച്ചേക്കും. പുതിയ കാര്യങ്ങള്‍ പഠിക്കാം പഠിപ്പിക്കാം. പക്ഷെ അവര്‍ക്ക് ശല്യമാകാതിരിക്കാന്‍ ശ്രദ്ധവേണം. പരസ്പര ബഹുമാനം ഒരു കുറവല്ല, ഗുണമാണ്. റൂമുകള്‍ക്കായി ട്രിപ്പ് അഡ്വവൈസര്‍, ഒയോ തുടങ്ങിയവയും ട്രാന്‍സ്‌പോര്‍ട്ടേഷന് ഊബര്‍, ഒല തുടങ്ങിയ വിശ്വസ്തനീയ ആപ്പുകള്‍ ഉപയോഗിക്കാം.. സ്വന്തം വാഹനത്തില്‍ പോകുമ്പോള്‍ ഗൂഗിള്‍ മാപ്പ് (ഓഫ് ലൈനിലും ഉപയോഗിക്കാവുന്ന)സഹായകമാകും.

5. ഓരോ ഘട്ടത്തിലും യാത്രയുടെ കാര്യങ്ങളെക്കുറിച്ച് അടുപ്പമുള്ളവരെ അറിയിക്കുക. കാഴ്ചകള്‍ രസിക്കുന്നതിനോടൊപ്പമുള്ള ജാഗ്രതയോടുള്ള നിരീക്ഷണങ്ങള്‍ നല്ലതാണ്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അതില്‍ പതറാതെ എങ്ങനെ തരണം ചെയ്യാം എന്നതിലേക്ക് ചിന്തകളെ എത്തിക്കുക. എടുത്ത മുന്‍കരുതലുകളില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ? ആര്‍ക്ക് സഹായിക്കാന്‍ സാധിക്കും എന്നത് ഒക്കെ നോക്കുക.

പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന് ഭയന്ന് യാത്രകളുടെ ഹരം ഇല്ലാതാക്കരുത്. എപ്പോഴും പോസ്റ്റീവായി കാര്യങ്ങള്‍ കണ്ട് യാത്രകള്‍ അസ്വാദിക്കുക.ശുഭയാത്ര.