“ഞങ്ങൾ ബൈസൺ ട്രയൽ ട്രക്കിംഗിന് പോകുന്നു ..ചേച്ചി പോരുന്നോ “

സുഹൃത്ത് ദിവ്യ ജി. പൈയുടെ മെസേജ് കണ്ടപ്പോൾ വല്ലാത്ത സന്തോഷമാണ് തോന്നിയത്. കാട് ഒരു വികാരമായവർക്ക്… കാട്ടിലൂടെ ഹോസ്റ്ററുഗൈഡിനോടൊപ്പം ഒരു മൂന്നു നാലു കിലോമീറ്റർ ട്രക്കിംഗിനുള്ള അവസരം .അതും മനുഷ്യരുടെ പാദസ്പർശം അധികം ഏൽക്കാത്ത പീച്ചി ഡാമിനോട് ചേർന്ന കാടുകളിൽ. പെട്ടന്നുണ്ടായ തീരുമാനം . യാത്രകൾ ആത്മാവിൻ്റെ ഭാഗമാക്കിയ പ്രകൃതിതന്നെയാണ് ജീവിതമെന്ന് തിരിച്ചറിഞ്ഞ രണ്ടു മനുഷ്യരും അവരുടെ പത്തു വയസ്സുള്ള മകളും. ആദ്യമായാണ് കാണുന്നതെങ്കിലും ഒരു ജന്മത്തിൻ്റെ പരിചയമുള്ള പോലെ. അങ്ങനെ ജനുവരി 26 ന് രാവിലെ 8 മണിക്ക് ദിവ്യയുടെ ഫാമലിയോടൊപ്പം പീച്ചി ഫോറസ്റ്റ് സ്റ്റേഷനിലെത്തി.

ആൽമരം 2
ആൽമരം

ഫോറസ്റ്റിൻ്റെ ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി പീച്ചി വാഴാനി വന്യജീവി സങ്കേതത്തിൽ നാല് തരം ട്രക്കിംഗിനാണ് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പ്രയാസമുള്ള മൂടൽമല ട്രക്കിംഗിനാണ് കൂടുതൽ പേരും വന്നിരിക്കുന്നത്.16 കി.മി ട്രക്കിംഗ് ആണ് അത്… മൂടൽമല 5 കി.മി കുത്തനെ കയറണം.. നല്ല ശാരീരിക ക്ഷമതയുള്ളവർക്കേ അതിന് കഴിയൂ …താരതമ്യേന വലിയ കുഴപ്പമില്ലാത്ത ബൈസൺ ട്രയലിന് ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. മൂടൽമല ട്രക്കിംഗിന് മുന്നോടിയായി ചെറിയൊരു ട്രയൽ ട്രക്കിംഗ് ആയിരുന്നു ഉദ്ദേശം.

കാട്ടിലൂടെ ശബ്ദമുണ്ടാക്കാതെ നടക്കണം. ഹോറസ്റ്റ് ഓഫീസർ പറഞ്ഞു.. പീച്ചിയിൽ ആദ്യമായാണ് ട്രക്കിംഗ് തുടങ്ങിയിരിക്കുന്നത്. വളരെ സൗഹാർദ്ദത്തോടെയാണ് അവരുടെ പെരുമാറ്റം. കൂടെ വരുന്ന ഫോറസ്റ്റ് ഗൈഡിന് പോകേണ്ട റൂട്ട് പറഞ്ഞു കൊടുത്ത് ഞങ്ങളെ അവർ യാത്രയാക്കി. നിധീഷ് എന്നുപേരുള്ള ചെറിയൊരു പയ്യൻ. അവനോടൊപ്പം കാടുകയറാൻ തുടങ്ങി …

പൊട്ടിപൊളിഞ്ഞ ടാർ റോഡിലൂടെയാണ് നടത്തം.. നമ്മളോട് ശബ്ദം ഉണ്ടാക്കരുത് എന്നു പറഞ്ഞു പക്ഷെ ഈ റോഡ് ടാർ ചെയ്യുമ്പോൾ ശബ്ദം ഉണ്ടാവില്ലേ … അമ്മുക്കുട്ടിയുടെ ന്യായമായ സംശയം.. റോഡിൽ നിന്ന് ചെറിയൊരു ചെമ്മണ്ണ് പാതയിലേക്ക് തിരിഞ്ഞു പതിയെ കാടിനകത്തേക്ക്.. കാട്ടുകോഴികളുടെ സ്വരം കേൾക്കുന്നുണ്ട്.. കൊടുംകാടല്ല.. മറിച്ച് കുറ്റിച്ചെടികളും വള്ളിപടർപ്പുകളും ഇടയിൽ വലിയ മരങ്ങളും നിറഞ്ഞ കാട് തന്നെ. വഴിയിൽ നിറയെ ആനപിണ്ടങ്ങൾ. ആനകളുടെ സ്ഥിരം വഴിയാണെന്ന് കണ്ടാൽ തന്നെ അറിയാം. കുറച്ചു ദിവസം മുൻപ് സ്ഥിരം ഒരു ഒറ്റയാൻ അവിടെ കറങ്ങി നടക്കാറുണ്ടായിരുന്നെത്രെ… മുൻപ് ആന പുറകിൽ മറഞ്ഞുനിന്നു എന്നു പറയുന്ന വള്ളിപടർപ്പികളിലേക്ക് അല്പം ആശങ്കയോടെയാണ് നോക്കിയത്. ഗൈഡ് ഓരോരോ വൃക്ഷങ്ങളെ പരിചയപ്പെടുത്തി തരുന്നുണ്ട്.

ആനകൾക്ക് ഏറെ ഇഷ്ടമാണെത്രെ പ്ലാച്ചിമരത്തിൻ്റെ തോൽ.. കൊമ്പു കൊണ്ട് കുത്തി പൊളിച്ച് തൊലിയടർന്നു നിൽക്കുന്ന പ്ലാച്ചിമരത്തെ നിധീഷ് കാണിച്ചു തന്നു.കാട്ട് പോത്തുകൾക്കും ഈ വൃക്ഷത്തോൽ വലിയ ഇഷ്ടമാണെത്രെ… ആനകൾ തോൽകുത്തിയിളക്കി കഴിഞ്ഞാൽ സൂത്രശാലികളായ അവർ ആനയെ ഓടിച്ച് അത് അകത്താക്കുമെത്രെ.. കാട്ടിലെ ജലസ്രോതസ്സായ പുല്ലാനി വള്ളിയും കണ്ടു.. പുല്ലാനിവള്ളിയുടെ ഉള്ളിൽ വെള്ളം സംഭരിച്ചു വയ്ക്കുമൊത്ര: കാടിനെ അറിയുന്നവർ ജലക്ഷാമം നേരിടുമ്പോൾ ഇത് മുറിച്ച് ജലം എടുക്കും. ഒരേ സമയം രണ്ടു വശത്തും മുറിച്ചാലെ വെള്ളം കിട്ടൂ… അല്ലെങ്കിൽ ജലം മുകളിലേക്ക് കയറും എന്നൊക്കെ അറിഞ്ഞു.നേരിയ തണുത്ത കുളിരുള്ള കാറ്റ് വീശുന്നുണ്ട് അതിനാൽ ഒട്ടും വിയർക്കുന്നേയില്ല.

ആനകൾ മുതുക് ചൊറിയുന്ന ഒരു മരം കണ്ടു… ആനയുടെ പുറത്തെ ചെളി കട്ട പോലെ മരത്തിൽ ഒട്ടിപിടിച്ചിരിക്കുന്നുണ്ട്. വഴിയരികിൽ വീണു കിടക്കുന്ന മരത്തിന് സ്പ്രിംഗ് ആങ്ങ്ഷൻ. ഉള്ളിലെ കുട്ടി ഉണർന്നു. ചാടി ചാടി അവസാനം ഉരുണ്ട് താഴെ വീണു എന്നു മാത്രം. പലരുപത്തിൽ പടർന്നു കിടക്കുന്ന വള്ളികൾ ചില സ്ഥലങ്ങളിൽ മേഘാലയയിലെ വേരുകൾ കൊണ്ട് നിർമ്മിക്കപ്പെട്ട പാലങ്ങളെ ഓർമ്മപ്പെടുത്തി. എരിവ് കുറവുള്ള കാട്ടു കുരുമുളകും, കാട്ടുകാരയ്ക്കയും കാട്ടിലെ നാരകവുംകണ്ടു.. നാരകം കഴിക്കാൻ പാടില്ല… വിവിധ തരം ഓർക്കിഡുകൾ മരത്തിൽ വളരുന്നുണ്ട് ഒന്നും പൂത്തിട്ടില്ല .. പെട്ടന്ന് ഒരു മലയണ്ണാൻ ഞങ്ങളെ കൊതിപ്പിക്കാൻ എന്നവണ്ണം മുന്നിൽ വന്ന് ചാടി കളിച്ചു ..പക്ഷികളുടെ സംഗീതത്തിൻ്റെ പശ്ചാത്തലത്തിൽ നടപ്പ് തുടർന്നു.

ചെറിയ കുറ്റിച്ചെടികൾക്കിടയിലൂടെ ഡാം റിസർവോയറിലെക്കാണ് പിന്നെ ഇറങ്ങിയത്.. ഓളങ്ങൾ തീരത്തെ ചെറിയ കല്ലുകളെ പുൽകുമ്പോൾ ഉണ്ടാകുന്ന സംഗീതം. ആ നിമിഷങ്ങളിൽ മാനസസരോവരത്തിൻ്റെ തീരത്ത് ഇതുപോലെ നിൽക്കാൽ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹത്തിൻ്റെ സ്വപനകൂടാരത്തിൽ ഞാനും ദിവ്യയും. ആകാശത്ത് ജലപക്ഷികളും കൃഷ്ണ പരുന്തും വട്ടമിട്ട് പറക്കുന്നു. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ വെള്ളം തീരെ കുറയുമെന്ന് ഗൈഡ് പറഞ്ഞു.

പുല്ലാനി വള്ളി
പുല്ലാനി വള്ളിപുല്ലാനി വള്ളി

അവിടെ നിന്ന് നോക്കിയാൽ മൂടൽമല കാണാം. കാട് വല്ലാതെ വരണ്ടിരിക്കുന്നു മഴക്കാലത്താണ് മൂടൽമല അതിൻ്റെ മാസ്മരിക ഭാവങ്ങളോടെ കാണാൻ കഴിയുകയെത്രെ… നിന്നെ അറിയാൻ കൂടുതൽ ശക്തിയാർജ്ജിച്ച് ഞങ്ങൾ വരും .. മൂടൽമലയോട് പതിയെ മന്ത്രിച്ചു വീണ്ടും നടന്നു തുടങ്ങി. വഴിയിൽ ഭീമാകാരനായ ഒരു അരയാൽ അതിൻ്റെ തടിയിൽ വേരുകൾ പൊതിഞ്ഞ് മനോഹരമായ ഒരു കാഴ്ച സമ്മാനിച്ചു.. ഫോട്ടോ എടുക്കാൻ അടുത്തേക്ക് നീങ്ങിയപ്പോൾ ചാരി നിൽക്കണ്ട എന്ന നിധിൻ്റെ ഉപദേശം .. പൊത്തുകളിൽ ചിലപ്പോൾ പാമ്പുകൾ കാണുമെത്രെ. അവരുടെ കരുതലിന് മനസ്സിൽ നന്ദി പറഞ്ഞു.

ദൂരെ കാണുന്നതാണ് മൂടൽമല

വീണ്ടും മുന്നോട്ട് .. ഒറ്റയടിപാതയിലൂടെ വീണ്ടും റിസർവോയറിനടുത്തേക്ക്… കുറച്ചു നേരം പാറയിലിരുന്ന് വിശ്രമം ..കൂടെ ലഘുഭക്ഷണം. വെള്ളമില്ലാത്ത വശത്തുകൂടെ റിസർവോയർ മുറിച്ചുകടന്ന് വീണ്ടും ഒറ്റയടിപാതയിലേക്ക് … അൽപ്പം കയറ്റം ഉണ്ട്… പ്രളയം കടപുഴക്കിയ ഭീമാകാരനായ വൃക്ഷം മറിഞ്ഞു കിടക്കുന്നു. അതിൻമേൽ വള്ളികളെല്ലാം പടർന്ന് ഒരു ജൈവ ആവാസവ്യവസ്ഥ തന്നെ ആയി തീർന്നിട്ടുണ്ട് … കുറെ കൂടി മുന്നോട്ട് പോയപ്പോൾ മുൻപ് ആനകളെ പിടിച്ചിരുന്ന വാരിക്കുഴികണ്ടു.. ആന പിടുത്തം നിരോധിച്ചതിനാൽ വള്ളികളും കുറ്റിച്ചെടികളും വളർന്ന് അത് മൂടാൻ തുടങ്ങിയിരിക്കുന്നു. എത്ര കാട്ടാനകളുടെ കണ്ണീർ വീണ സ്ഥലമായിരിക്കും അത്… എന്തോ ഒരു വേദന ഹൃദയത്തിനുള്ളിൽ.

പ്രോഗ്രാമുകൾ

വീണ്ടും മുന്നോട്ട് നടന്നു.. മൂടൽമല ട്രക്കിംഗിനുള്ള ഫയർ ലൈൻ ഉണ്ടാക്കിയിരിക്കുന്നത് കണ്ടു.. കുറച്ചു കൂടെ മുന്നോട്ട് നടന്നപ്പോൾ പഴയ പൊളിഞ്ഞ ടാർ റോഡ്.. ട്രക്കിംഗ് അവസാനിക്കുകയാണെന്ന് മനസ്സിലായി.. മഴയാകുമ്പോൾ വീണ്ടും വരണം.. മൂടൽമല കയറണം. ആഗ്രഹങ്ങൾക്ക് അവസാനമില്ലല്ലോ. ഫോറസ്റ്റുകാരോട് യാത്ര പറഞ്ഞ് തിരിച്ചു.

Divya G Pai

Vinesh Venu

കുറിപ്പ്: നാലുതരം ട്രക്കിംഗ് ആണ് പീച്ചിയിൽ ഉള്ളത്.

1, എലിഫൻ്റ് സാഗ-2 കി.മി.നാലുപേർക്ക് 600 രൂപ 150/ Head

2 ബൈസൺ ട്രയിൽ- 3.കി.മി.നാലുപേർക്ക് 800 രൂപ 200/ Head

3 ഡാം വാലി-6 കി.മി – നാലുപേർക്ക് 1200 രൂപ 300/ Head

5 മൂടൽമല ട്രക്കിംഗ്-8 കി.മി നാലുപേർക്ക് 2000 രൂപ 500/ Head

വലിയ വൃക്ഷങ്ങളെക്കാൾ കുറ്റിച്ചെടികൾ നിറഞ്ഞ കാടാണ്. കാട് ഇപ്പോൾ ഡ്രൈ ആണ് … മഴക്കാലത്താവും മൂടൽമല ട്രക്കിംഗിന് കൂടുതൽ അഭികാമ്യം എന്നു തോന്നുന്നു. കാടിനെ കണ്ടറിയാൽ ആഗ്രഹിക്കുന്നവർക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് കാടിനെ പരിചയപ്പെടുത്താൻ ഈ പ്രോഗ്രാമുകൾ നല്ല തുടക്കമാവും