ജൂലൈ മാസവും ല‍ഡാക്കും

ലഡാക്കിനെ സംബന്ധിച്ചെ‌ടുത്തോളം ഏറ്റവുമധികം സഞ്ചാരികളെത്തുന്ന സമയമാണ് ജൂലൈ. നമ്മു‌ടെ നാ‌‌ട്ടില്‍ മഴ തകര്‍ത്തു പെയ്തുകൊണ്ടിരിക്കുമ്പോള്‍ വ്യത്യസ്തമായ ഒരു യാത്ര പ്ലാന്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ക്ക് ലഡാക്കിലേക്ക് പോകാം. ലഡാക്കിന്‍റെ ഏറ്റവും മികച്ച കാഴ്ചകളും യാത്രാനുഭവങ്ങളും എങ്ങനെയാണെന്ന് നേരി‌ട്ടറിയുവാന്‍ ലോകം മുഴുവന്‍ ജൂലൈ മാസത്തില്‍ ലഡാക്കിലെത്തും. മഞ്ഞുവീഴ്ച കഴിഞ്ഞ് വഴികളെല്ലാം ഗതാഗതത്തിനായി തുറന്നുകൊ‌ടുത്തും ജീവിതം പഴയപടി എത്തുന്ന ഈ സമയം ബൈക്ക് യാത്രയ്ക്കും ഏറെ യോജിച്ചതാണ്. മലമ‌ടക്കുകളു‌ടെ നാടായ ലഡാക്കിലേക്ക് ഈ ജൂലൈ മാസത്തില്‍ എങ്ങനെയൊരു യാത്ര പ്ലാന്‍ ചെയ്യാമെന്നും എന്തൊക്കെ ശ്രദ്ധിക്കണമെന്നും നോക്കാം

ലഡാക്ക് അതിനു സഞ്ചാരികള്‍ക്ക് നല്കുവാന്‍ കഴിയുന്ന ഏറ്റവും നല്ല കാഴ്ചകളും കാലാവസ്ഥയുമായി നില്‍ക്കുന്ന സമയമാണ് ജൂലൈ. ലഡാക്കിൽ വിനോദസഞ്ചാരം അതിന്റെ ഉച്ചസ്ഥായിയിൽ തുടരുന്നതിനാല്‍ ഈ സമയത്ത് ധാരാളം സഞ്ചാരികളെ പ്രതീക്ഷിക്കാം. ബൈക്ക് റൈഡേഴ്സ് മുതല്‍ ഹണിമൂണ്‍ ആഘോഷിക്കുന്നവരെയും കുടുംബവുമായി എത്തുന്നവരെയും കൊണ്ട് ലഡാക്കിലെ ഓരോ ഇ‌ടങ്ങളും നിറഞ്ഞിരിക്കും. അതിനാൽ, ജൂലൈയിൽ ലഡാക്കിൽ എങ്ങനെ പ്ലാൻ ചെയ്യാം, കാലാവസ്ഥ, എന്ത് വസ്ത്രങ്ങൾ പായ്ക്ക് ചെയ്യണം, കാർ/ബൈക്കിൽ എങ്ങനെ യാത്ര ചെയ്യാം എന്നിങ്ങനെ ജൂലൈ മാസത്തിലെ ലഡാക്ക് യാത്രയില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി വായിക്കാം..

ladakh july
ladakh sanjaram

ജൂലൈയില്‍ ലഡാക്ക് തുറക്കുമോ? തീര്‍ച്ചയായും..ലഡാക്ക് മുഴുവനായും പ്രവര്‍ത്തനക്ഷമമായിരിക്കുന്ന മാസമാണ് ജൂലൈ. ഈ സമയം ഇവിടുത്തെ എല്ലാ ഹോട്ടലുകളും അതിഥി മന്ദിരങ്ങളും പൂർണ്ണമായി പ്രവർത്തിക്കുന്നു. മാത്രമല്ല, ലഡാക്കില്‍ ഏറ്റവും നല്ല രീതിയില്‍ എല്ലാ ആക്റ്റിവിറ്റികളിലും പങ്കെടുക്കുവാനും ജൂലൈ മികച്ച സമയമാണ്. മണാലി-ലേ, ശ്രീനഗർ-ലേ എന്നീ ഹൈവേകൾക്ക് പുറമെ നുബ്ര വാലി, പാങ്കോങ് ത്സോ, സോ മോറിരി എന്നിവയുൾപ്പെടെയുള്ള ഇവി‌ടുത്തെ വഴികളും തുറന്നിരിക്കും. തനിയെ വരുന്നവര്‍ക്തും വളരെ സുരക്ഷിതമായി യാത്ര ചെയ്യുവനാ്‍ പറ്റിയ ഇ‌ടമാണിത്.

ജൂലൈയിലെ കാലാവസ്ഥ

ഇന്ത്യയിലെ മറ്റെല്ലാ ഭാഗങ്ങളിലും ജൂലൈ മാസം മഴയാണെങ്കിലും ല‍ഡാക്കില്‍ ഇത് മഴയുടെ സമയമല്ല. ഈ സമയത്ത്, താപനില 21 ഡിഗ്രി സെൽഷ്യസിനോട് അ‌ടുത്തായിരിക്കും ഉള്ളത്. രാത്രിയിൽ ഇത് ഏകദേശം 7 ഡിഗ്രി സെൽഷ്യസായി താഴുന്നു. ജൂലൈയിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത കുറവാണ്, ഭാഗ്യമുണ്ടെങ്കിൽ ഉയർന്ന ഇ‌ടങ്ങളില്‍ വളരെ ചെറിയ തോതില്‍ മഞ്ഞുവീണേക്കാം,.

ലഡാക്കില്‍ എത്തുവാനുള്ള വഴികള്‍

ജൂലൈ മാസത്തില്‍ ലഡാക്കില്‍ എത്തിച്ചേരുവാനായി രണ്ടു റൂട്ടുകളാണ് ഉള്ളത്. ശ്രീനഗർ ലേ ഹൈവേയും മണാലി ലേ ഹൈവേയും. ഇത് രണ്ടും വ്യത്യസ്ത മാസങ്ങളിലായി ആണ് സഞ്ചാരികള്‍ക്ക് തുറന്നു നല്കുന്നത്. സാധാരണഗതിയില്‍ ലേ-ശ്രീനഗർ റോഡ് ഏപ്രിലിലും ലേ-മണാലി റോഡ് ജൂണിലും ആണ് തുറക്കുന്നത്

ജൂലൈ മാസത്തിലെ ആഘോഷങ്ങള്‍

ഒരു നാടിനെ അറിയുവാനുള്ള ഏറ്റവും മികച്ച വഴി അവിടുത്തെ ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കുക എന്നതാണ്. ലഡാക്കില്‍ ജൂലൈ മാസത്തില്‍ നിരവധി ആഘോഷങ്ങള്‍ നടക്കുന്നുണ്ട്. അവയില്‍ ചിലത് ഇവിടുത്തെ ആശ്രമങ്ങള്‍ കേന്ദ്രീകരിച്ച് ആയതിനാല്‍ അവിടുത്തെ രീതികളും അതുവഴി മനസ്സിലാക്കാം. ഹെമിസ് മൊണാസ്ട്രിയിലെ ഹെമിസ് സെച്ചു, ഷച്ചുകുൽ മൊണാസ്ട്രിയിലെ ഷച്ചുകുൽ കബ്ഗ്യാത്, ഫിയാങ് മൊണാസ്ട്രിയിലെ ഫിയാങ് സെഡപ്പ്, കോർസോക്ക് മൊണാസ്ട്രിയിലെ കോർസോക്ക് ഗസ്റ്റോർ എന്നിവയാണ് ജൂലൈ മാസത്തിലെ ഇവിടുത്തെ പ്രധാന ആഘോഷങ്ങള്‍.

വസ്ത്രങ്ങള്‍ ശ്രദ്ധിക്കാം

ലഡാക്ക് പോലുള്ള ഒരിടത്തേയ്ക്ക് യാത്ര പോകുമ്പോള്‍ വസ്ത്രത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കുവാന്‍ ഒരുപാടുണ്ട്. ജൂലൈയില്‍ ചെറിയ രീതിയില്‍ മഴ ലഭിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ മഴയത്ത് ധരിക്കുവാന്‍ കഴിയുന്ന വസ്ത്രങ്ങള്‍ ഒന്നോ രണ്ടോ ജോഡി നിര്‍ബന്ധമായും എടുക്കണം. ഇവിടുത്തെ കാലാവസ്ഥ പ്രവചനാനീതമായതിനാല്‍ വെയിലും മഴയും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ വന്നേക്കാം. വാട്ടർപ്രൂഫ് ജാക്കറ്റ്, കോട്ടണ്‍ വസ്ത്രങ്ങള്‍, കമ്പിളി അല്ലങ്കില്‍ തണുപ്പിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ജാക്കറ്റുകള്‍, സാധാരണ കോട്ടൺ വസ്ത്രങ്ങൾ,തെർമൽ ഇന്നർവെയർ, നിങ്ങള്‍ക്ക് യാത്രകളില്‍ ധരിക്കുവാന്‍ ഏറ്റവും യോജിച്ച വസ്ത്രങ്ങള്‍ തുടങ്ങിയവ എടുക്കാം. യാത്രയില്‍ ഭാരം കുറഞ്ഞ തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതായിരിക്കും നല്ലത്. കമ്പിളി തൊപ്പി,ഒരു ജോഡി സ്പോർട്സ് ഷൂസ്, സൺഗ്ലാസും സൺസ്‌ക്രീൻ ലോഷനും, കോൾഡ് ക്രീമും ലിപ് ബാം എന്നിവ കൂടി പാക്ക് ചെയ്യാം.